ഡൽഹി കെട്ടിട ദുരന്തത്തിൽ മരണം ആറായി; നിരവധി പേർ കുടുങ്ങികിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം തുടരുന്നു
text_fieldsന്യൂഡൽഹി: സൗത്ത് വെസ്റ്റ് ഡൽഹിയിലെ സത്യ നികേതൻ പ്രദേശത്ത് അഞ്ച് നിലകളുള്ള കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം ആറായി. അഞ്ചുപേരെ രക്ഷപ്പെടുത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. ഞായറാഴ്ച ഉച്ച ഏകദേശം 1.30ഓടെയാണ് അപകടം.
ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിന് സമീപത്തെ സത്യ നികേതനിലെ തിരക്കേറിയ ഇടവഴിയിലാണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. വിദ്യാർഥികൾ കൂടുതലായി താമസിക്കുന്ന മേഖലയാണിത്. ‘ഹോസ്റ്റൽ ഡെയ്‌സ്’ എന്നറിയപ്പെട്ടിരുന്ന കെട്ടിടം 75 കിടക്കകളുള്ള പേയിങ് ഗസ്റ്റ് (പി.ജി) താമസസൗകര്യമായി ഉപയോഗിച്ചു വരികയായിരുന്നു. കെട്ടിടം തകരുമ്പോൾ 30 മുതൽ 40 വരെ ആളുകൾ ഉണ്ടായിരുന്നുണ്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ബേസ്മെന്റും അതിന് മുകളിലായി അഞ്ച് നിലകളുമുള്ള ഏകദേശം 50 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. അപകട സമയത്ത് കെട്ടിടത്തിന്റെ ബേസ്മെന്റിൽ അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതായി പൊലീസ് അറിയിച്ചു.
കെട്ടിടം തകർന്ന വിവരം ലഭിച്ച ഉടൻ അപകടസ്ഥലത്ത് ആദ്യമെത്തിയ സമീപവാസികളും വിദ്യാർഥികളുമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. കൈയിൽക്കിട്ടിയ ആയുധങ്ങളുമായി അവശിഷ്ടങ്ങൾ നീക്കിയാണ് ആളുകളെ പുറത്തെടുത്തത്. തുടർന്ന് ഡൽഹി പൊലീസ്, അഗ്നിരക്ഷാസേന, ദേശീയ ദുരന്തനിവാരണ സേന, ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി തുടങ്ങിയ സംഘങ്ങൾ സ്ഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിച്ചു. മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചാണ് കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കുന്നത്. പ്രദേശത്തെ ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി.
രണ്ടുദിവസമായി തുടരുന്ന മഴയിൽ ഭൂഗർഭ നിലയിൽ വെള്ളംകെട്ടിനിന്നത് കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കിയിരിക്കാമെന്ന് കരുതുന്നു. ഒരു മാസത്തോളമായി ഇതിൽ നിർമാണപ്രവർത്തനം നടക്കുന്നുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തൊട്ടടുത്ത കെട്ടിടവും ചെരിഞ്ഞു. അപകട സാധ്യത കണക്കിലെടുത്ത് തകർന്ന കെട്ടിടത്തിന് സമീപത്തെ കെട്ടിടം ഒഴിപ്പിച്ചതായി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ചിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തെടുക്കുന്നതിനാണ് മുൻഗണനയെന്നും സർക്കാർ അറിയിച്ചു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്താനും കെട്ടിട ഉടമക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും മുഖ്യമന്ത്രി നിർദേശം നൽകി. കെട്ടിട ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അയാളെ കണ്ടെത്താൻ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഗുരുഗ്രാം നിവാസിയായ ഹരിറാം ബൻസാൽ എന്ന ഉടമക്കെതിരെയും ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അപകടത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റവരെ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

