ദിവസവും ഓറഞ്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്...
text_fieldsശൈത്യകാലത്ത് എളുപ്പത്തിൽ ലഭ്യമാകുന്നതും രുചികരവുമായ ഒരു പഴമാണ് ഓറഞ്ച്. ഓറഞ്ച് വെറുമൊരു സാധാരണ പഴമല്ല. ആരോഗ്യത്തിന്റെയും ഊർജ്ജത്തിന്റെയും പ്രകൃതിദത്തമായ ഉറവിടമാണ്. വിറ്റാമിൻ സി, ഫൈബർ, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ കലവറയായ ഈ ഫലം നമ്മുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. ഓറഞ്ചിൽ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി (അസ്കോർബിക് ആസിഡ്) പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു എന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പോലുള്ള ആഗോള ആരോഗ്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഗവേഷണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഓറഞ്ചിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കും. കൂടാതെ, വിറ്റാമിൻ സി സമ്മർദം, വിഷാദം എന്നിവ കുറക്കാൻ സഹായിക്കുന്ന കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് നിയന്ത്രിക്കുന്നതിലും പങ്ക് വഹിക്കുന്നു.
ദിവസവും ഓറഞ്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
1. തിളക്കമുള്ളതും ആരോഗ്യകരവുമായ ചർമം
കൂടുതൽ വിറ്റാമിൻ സി കഴിക്കുന്ന വ്യക്തികൾക്ക് ഇത് കുറവ് കഴിക്കുന്നവരെ അപേക്ഷിച്ച് ചുളിവുകൾ കുറവാണെന്നും ചർമ്മം വരണ്ടുപോകാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിങ്ങളുടെ ചർമത്തിന് ലഭിക്കാവുന്ന ഏറ്റവും ശക്തമായ ആന്റിഓക്‌സിഡന്റുകളിൽ ഒന്നാണ് വിറ്റാമിൻ സി. ഓറഞ്ചിൽ ഇത് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം ഓറഞ്ചിൽ തന്നെ ഒരു ദിവസത്തേക്ക് ആവശ്യമുള്ള വിറ്റാമിൻ സി യുടെ 90 ശതമാനത്തിലധികം ലഭിക്കുന്നു. ചർമത്തെ ദൃഢവും, മിനുസമുള്ളതും, ഇലാസ്തികതയുള്ളതുമായി നിലനിർത്തുന്ന ഘടനാപരമായ പ്രോട്ടീനായ കൊളാജന്റെ രൂപീകരണത്തിന് ഈ വിറ്റാമിൻ നിർണായകമാണ്. എന്നാൽ, ഓറഞ്ച് വിറ്റാമിൻ സി മാത്രമല്ല നൽകുന്നത്. അവയിൽ കരോട്ടിനോയിഡുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ പതിവായി കഴിക്കുമ്പോൾ ചർമത്തിന്റെ നിറവും തിളക്കവും മെച്ചപ്പെടുത്തുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു.
2. മെച്ചപ്പെട്ട രോഗപ്രതിരോധ ശേഷി
വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് വിറ്റാമിൻ സി അത്യന്താപേക്ഷിതമാണ്. ഈ രോഗപ്രതിരോധ കോശങ്ങൾ രോഗാണുക്കളെ കണ്ടെത്താനും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ആരോഗ്യകരമായ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും വിറ്റാമിൻ സി യെ ആശ്രയിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ (NIH) പഠനങ്ങൾ സൂചിപ്പിക്കുന്നത് വിറ്റാമിൻ സി രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെ സാധാരണ ജലദോഷത്തിന്റെ ദൈർഘ്യവും തീവ്രതയും കുറക്കാൻ സഹായിക്കുമെന്നാണ്.
3. ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ഓറഞ്ചിൽ ഫൈബർ, പൊട്ടാസ്യം, ഫ്ലേവനോയിഡുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിലെ ഫൈബർ കൂടുതൽ ഉള്ളത് ഹൃദയ സംബന്ധമായ രോഗങ്ങളും പക്ഷാഘാതവും വരാനുള്ള സാധ്യത കുറക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പഠനം കാണിക്കുന്നു. ഓറഞ്ചിലെ ഫ്ലേവനോയിഡുകൾ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പിന്തുണക്കുകയും വീക്കം കുറക്കുകയും ചെയ്യുന്നു. ദിവസവും ഫ്ലേവനോയിഡുകൾ നിറഞ്ഞ ഓറഞ്ച് ജ്യൂസ് കുടിച്ചവരിൽ രക്തക്കുഴലുകളുടെ ആരോഗ്യത്തിന്റെ ഒരു സൂചകമായ എൻഡോത്തീലിയൽ പ്രവർത്തനം മെച്ചപ്പെട്ടതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിലെ ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
4. മെച്ചപ്പെട്ട ദഹനവും കുടൽ ആരോഗ്യവും
ഒരു ഇടത്തരം ഓറഞ്ചിൽ ഏകദേശം 2-3 ഗ്രാം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇതിൽ അധികവും പെക്റ്റിൻ എന്നറിയപ്പെടുന്ന ലയിക്കുന്ന ഫൈബറാണ്. സിട്രസ് പഴങ്ങളിൽ നിന്നുള്ള ഫ്ലേവനോയിഡുകളും പെക്റ്റിനുകളും കുടലിലെ മൈക്രോബയൽ ബാലൻസിനെ നല്ല രീതിയിൽ സ്വാധീനിക്കുമെന്നും, ലാക്ടോബാസിലസ്, ബിഫിഡോബാക്ടീരിയം പോലുള്ള പ്രയോജനകരമായ ബാക്ടീരിയകളുടെ അളവ് വർധിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ഓറഞ്ചിൽ ഉയർന്ന ജലാംശം ഉള്ളത് ദഹനവ്യവസ്ഥയെ ജലാംശം നിലനിർത്താനും സുഗമമായി പ്രവർത്തിക്കാനും സഹായിക്കുന്നു. ദഹനാരോഗ്യത്തിന് ജ്യൂസ് കുടിക്കുന്നതിനേക്കാൾ നല്ലത് ഓറഞ്ച് കഴിക്കുന്നതാണ്.
5. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
ഓറഞ്ചിൽ ഫ്ലേവനോയിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ എട്ട് ആഴ്ചത്തേക്ക് ദിവസവും ഫ്ലവനോൺ സമ്പുഷ്ടമായ ഓറഞ്ച് ജ്യൂസ് കുടിച്ച പ്രായമായവരിൽ ശ്രദ്ധ, സൈക്കോമോട്ടോർ വേഗത എന്നിവയുൾപ്പെടെയുള്ള മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെട്ടതായി കണ്ടെത്തി. ഓറഞ്ചിലെ പോഷകങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഗുണം ചെയ്യും. വിറ്റാമിൻ സി യും മറ്റ് ആന്റിഓക്‌സിഡന്റുകളും ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നു. സിട്രസ് പഴങ്ങൾ പതിവായി കഴിക്കുന്ന ആളുകൾക്ക് വിഷാദരോഗം വരാനുള്ള സാധ്യത കുറവാണെന്നാണ് 2024ൽ നടന്ന ഒരു പഠനം കണ്ടെത്തിയത്.
6. ഭാരം നിയന്ത്രിക്കും
ഓറഞ്ചിൽ സ്വാഭാവികമായി കലോറി കുറവാണെങ്കിലും ഫൈബറും ജലാംശവും കൂടുതലാണ്. ഇത് വേഗത്തിൽ വയറുനിറഞ്ഞ അനുഭവം നൽകുന്നു. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറക്കാൻ സഹായിക്കുന്നു. സിട്രസ് പഴങ്ങളിലെ ഫ്ലേവനോയിഡുകൾ മെച്ചപ്പെട്ട ഇൻസുലിൻ പ്രവർത്തനവുമായും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറക്കുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിലെ പഠനം കണ്ടെത്തിയിട്ടുണ്ട്. ഈ ഫൈബർ പഞ്ചസാരയുടെ ആഗിരണം കുറക്കുകയും നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ ജ്യൂസ് കുടിക്കുന്നതിനേക്കാൾ ഓറഞ്ച് മുഴുവൻ കഴിക്കുന്നതാണ് നല്ലത്. ഓറഞ്ചിന്റെ സ്വാഭാവികമായ അമ്ലാംശം കാരണം അമിതമായി കഴിക്കുന്നത് ആസിഡ് റിഫ്ലക്സ് ഉള്ളവരിൽ വയറുവേദനക്ക് കാരണമായേക്കാം. കൂടാതെ ചില പ്രത്യേക മരുന്നുകൾ കഴിക്കുന്ന ആളുകൾ ഇത്തരം പഴങ്ങൾ കഴിക്കുന്നത് ഡോക്ടറുടെ നിർദേശ പ്രകാരമായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

