പത്രസമ്മേളനത്തിനിടെ കുഴഞ്ഞുവീണ സ്വീഡിഷ് മന്ത്രിക്ക് സംഭവിച്ചതെന്താണ്? അറിയണം ഹൈപ്പോഗ്ലൈസീമിയയും ലക്ഷണങ്ങളും
text_fieldsസ്വീഡിഷ് ആരോഗ്യമന്ത്രി എലിസബത്ത് ലാൻ പത്രസമ്മേളനത്തിനിടെ കുഴഞ്ഞുവീണത് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചുമതലയേറ്റ് മണിക്കൂറുകൾക്കകം തന്റെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു എലിസബത്ത് പ്രധാനമന്ത്രിയുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും മുന്നിൽവെച്ച് കുഴഞ്ഞുവീണത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് കുഴഞ്ഞുവീഴാൻ ഇടയാക്കിയത്. എലിസബത്ത് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവശ്യത്തിലധികം കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ആരോഗ്യകരമായ നിലക്ക് താഴെയാകുമ്പോഴാണ് ശരീരം കുഴഞ്ഞ് പോകുന്നത്. തലകറക്കം, വിയര്‍പ്പ്, വിശപ്പ്, ഹൃദയമിടിപ്പ് കൂടുതല്‍, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ, ആശയക്കുഴപ്പം, അസ്വസ്ഥത, ഉത്കണ്ഠ, തലവേദന എന്നിവയാണ് പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ചിലരില്‍ അപസ്മാരം, ബോധം നഷ്ടമാവല്‍ എന്നിവയും ഉണ്ടാകാം. രോഗലക്ഷണങ്ങള്‍ ഹൈപ്പോഗ്ലൈസീമിയയുടെ ദൈര്‍ഘ്യത്തെയും കാഠിന്യത്തെയും അനുസരിച്ചിരിക്കും. ഹൈപ്പോഗ്ലൈസീമിയ മൂലം തലച്ചോറിന് ആവശ്യമുള്ളത്ര ഗ്ലൂക്കോസ് കിട്ടാതാവുകയും അതോടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്യും. ഈ അവസ്ഥയാണ് ‘ന്യൂറോഗ്ലൈക്കോപീനിയ’. ഇതു മൂലം അപസ്മാരം, ബോധക്കേട് എന്നിവ ഉണ്ടാകാം. വളരെ അപൂർവ്വമായി മസ്തിഷ്കമരണം സംഭവിക്കാം.
ഹൈപ്പോഗ്ലൈസീമിയ സാധാരണയായി ഏറ്റവുമധികം കണ്ടുവരുന്നത് പ്രമേഹത്തിന് ചികിത്സയെടുക്കുന്നവരിലാണ്. പ്രമേഹമുള്ളവർ പലപ്പോഴും ഉയർന്ന രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഇൻസുലിൻ അല്ലെങ്കിൽ മറ്റ് മരുന്നുകൾ കഴിക്കാറുണ്ട്. അമിതമായി കഴിക്കുകയോ ഭക്ഷണവുമായി സന്തുലിതമാക്കാതിരിക്കുകയോ ചെയ്താൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകും. പ്രമേഹമില്ലാത്തവരിൽ വളരെ അപൂർവ്വമായി മാത്രമേ ഹൈപ്പോഗ്ലൈസീമിയ കണ്ടുവരുന്നുള്ളൂ. എന്നാൽ ഏതു പ്രായത്തിലും ഹൈപ്പോഗ്ലൈസീമിയ കാണപ്പെടാം. പ്രായമേറിയ രോഗികള്‍, വൃക്കരോഗങ്ങളുള്ള പ്രമേഹബാധിതര്‍, ഗര്‍ഭിണികള്‍, ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികള്‍ മുതലായവരില്‍ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇടക്കിടെ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്ന ചില രോഗികളില്‍ ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. ഹൈപ്പോഗ്ലൈസീമിയ അണ്‍അവയര്‍വനസ്സ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. ഇത് കൂടുതല്‍ അപകടകരമാണ്.
ഹൈപ്പോഗ്ലൈസീമിയ തിരിച്ചറിഞ്ഞാല്‍ എത്രയും പെട്ടെന്ന് എന്തെങ്കിലും മധുരം അടങ്ങിയ ഭക്ഷണമോ വെള്ളമോ കഴിക്കണം. ഫ്രഷ് ജ്യൂസോ ഗ്ലൂക്കോസ് പൊടിയോ ആകാം. ഹൈപ്പോഗ്ലൈസീമിയ സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും അറിവ് നല്‍കണം. ചെറിയ തോതിലുള്ള ഹൈപ്പോഗ്ലൈസീമിയയാണെങ്കില്‍ വളരെ എളുപ്പത്തില്‍ ചികിത്സിച്ചു മാറ്റാം. ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് കൃത്യമായി രക്തത്തിലെ ഷുഗര്‍നില പരിശോധിക്കണം. ദിവസവുമുള്ള ഭക്ഷണത്തില്‍ ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ് ഉള്‍പ്പെടുത്തണം. മധുരമുള്ള എന്തെങ്കിലും എപ്പോഴും കൈവശം കരുതണം. ഇതൊക്കെ പ്രതിരോധമാണെങ്കിലും കൃത്യമായ വൈദ്യസഹായമാണ് പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

