എല്ലാ സർക്കാർ മേഖലകളിലും മാനസികാരോഗ്യം; ലോകാരോഗ്യ സംഘടനയുടെ പുതിയ മാർഗനിർദേശങ്ങൾ
text_fieldsലോകാരോഗ്യ സംഘടന (WHO) എല്ലാ സർക്കാർ വകുപ്പുകളിലും മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പുതിയ നയപരമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ആരോഗ്യ മേഖലയിൽ മാത്രം ഒതുങ്ങാതെ എല്ലാ സർക്കാർ നയങ്ങളിലും മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ വകുപ്പിന് പുറമെ, മറ്റ് സർക്കാർ വകുപ്പുകൾക്ക് ഒറ്റക്കും ഒരുമിച്ചും ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ എന്തുചെയ്യാൻ കഴിയും എന്ന് ഈ മാർഗനിർദേശങ്ങൾ ആദ്യമായി വ്യക്തമാക്കുന്നു. 'എല്ലാ നയങ്ങളിലും മാനസികാരോഗ്യം' എന്ന സമീപനമാണ് ഇവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക സുരക്ഷ, നീതിന്യായം, പരിസ്ഥിതി തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, നീതിന്യായം, പരിസ്ഥിതി, സാമൂഹിക സംരക്ഷണം, നഗര-ഗ്രാമീണ വികസനം, കല, കായികം തുടങ്ങിയ 10 പ്രധാന സർക്കാർ മേഖലകളിൽ മാനസികാരോഗ്യ പരിഗണനകൾ എങ്ങനെ സംയോജിപ്പിക്കണമെന്ന് ഇതിൽ നിർദേശിക്കുന്നു. മാനസികാരോഗ്യത്തിനായി എല്ലാ സർക്കാർ വിഭാഗങ്ങളും സമൂഹവും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഈ മാർഗനിർദേശങ്ങൾ ആവശ്യപ്പെടുന്നു.
ഈ നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ സർക്കാരുകളെ സഹായിക്കുന്നതിനായി നിലവിലുള്ള നയങ്ങൾ അവലോകനം ചെയ്യൽ, നടപ്പിലാക്കൽ, നിരീക്ഷിക്കൽ തുടങ്ങിയ എട്ട് പ്രായോഗിക നടപടികളുള്ള ഒരു രൂപരേഖയും ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്. സ്കൂളുകളിൽ മാനസികാരോഗ്യ പ്രോത്സാഹന പരിപാടികൾ, മാനസികാരോഗ്യ സഹായത്തിനുള്ള കൗൺസിലിങ് സേവനങ്ങൾ ഉറപ്പാക്കുക, തൊഴിലിടങ്ങളിലെ സമ്മർദം കുറക്കുക, ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക, മാനസികാരോഗ്യ പിന്തുണ നൽകുക, മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തികളെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ ഉൾപ്പെടുത്തുമ്പോൾ മനുഷ്യത്വപരമായ സമീപനം ഉറപ്പാക്കുക, സാമൂഹിക പിന്തുണയും സാമ്പത്തിക സുരക്ഷയും നൽകി ദുർബലരായ വിഭാഗങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്നിങ്ങനെ പലതും പ്രാഥമിക ലക്ഷ്യത്തിൽ ഉൾപ്പെടുന്നു.
മാനസികാരോഗ്യം എന്നാൽ മാനസിക രോഗങ്ങൾ ഇല്ലാത്ത അവസ്ഥ മാത്രമല്ല. സ്വന്തം കഴിവുകളും സാധ്യതകളും മനസ്സിലാക്കുക, ജീവിതത്തിൽ ഉണ്ടാകുന്ന സാധാരണ സമ്മർദ്ദങ്ങളെ ഫലപ്രദമായി നേരിടാൻ സാധിക്കുക, ജോലി ചെയ്യാനും പഠിക്കാനും ഉൽപ്പാദനക്ഷമതയോടെ പ്രവർത്തിക്കാനും കഴിയുക, സമൂഹത്തിന് ഗുണകരമായ രീതിയിൽ ഇടപെടുക എന്നിവയൊക്കെ മാനസികാരോഗ്യം മെച്ചപ്പെട്ടതാണെന്ന് മനസിലാക്കാൻ സഹായിക്കുന്ന കാര‍്യങ്ങളാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
നല്ല മാനസികാരോഗ്യം ഒരു വ്യക്തിയുടെ ശാരീരിക ആരോഗ്യത്തിനും, ബന്ധങ്ങൾക്കും, പൊതുവായ ജീവിത വിജയത്തിനും അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ്, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക സുരക്ഷ തുടങ്ങിയ എല്ലാ മേഖലകളിലും ഇതിന് പ്രാധാന്യം നൽകേണ്ടത് എന്ന് ലോകാരോഗ്യ സംഘടന ഊന്നിപ്പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

