തൊഴിലിടം സുരക്ഷിതമാക്കാം, മാനസിക സമ്മർദം കുറക്കാം; അറിയാം ഷീ ബോക്സിനെക്കുറിച്ച്...
text_fieldsപ്രതീകാത്മക ചിത്രം
സുരക്ഷിതവും മാന്യവുമായ തൊഴിലിടം ഉറപ്പാക്കുക എന്നത് ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളിലെയും നിയമപരവും ധാർമികവുമായ ഉത്തരവാദിത്തമാണ്. 2013ലെ പോഷ് (PoSH) നിയമം അനുസരിച്ച് തൊഴിലുടമകൾ ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കുന്നതിന് സുരക്ഷിതമായ അന്തരീക്ഷവും നടപടിക്രമങ്ങളും ഒരുക്കേണ്ടതുണ്ട്. ഇതിന് പിന്തുണ നൽകുന്നതിനായി ഇന്ത്യാ ഗവൺമെന്‍റ് അവതരിപ്പിച്ചതാണ് ഷീ-ബോക്‌സ് പോർട്ടൽ.
കർണാടകയിലെ മിക്ക വാണിജ്യ സ്ഥാപനങ്ങളും കേന്ദ്ര സർക്കാരിന്റെ ലൈംഗിക അതിക്രമ ഇലക്ട്രോണിക് ബോക്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സർക്കാർ ഉത്തരവും സുപ്രീം കോടതി നിർദേശവും പാലിക്കുന്നതിൽ പരാജയപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടും സ്ഥാപനങ്ങൾ ഇത് പാലിക്കാനുള്ള പ്രവണത വളരെ കുറവാണ്. നിർദ്ദേശങ്ങൾ പാലിക്കാത്ത ആയിരക്കണക്കിന് സ്ഥാപനങ്ങൾക്ക് നോട്ടീസുകൾ അയച്ചുകൊണ്ടിരിക്കുകയാണ്. മിക്ക സ്ഥാപനങ്ങൾക്കും ആഭ്യന്തര പരാതി കമിറ്റികൾ ഉണ്ടെങ്കിലും പലരും അതിന്റെ വിശദാംശങ്ങൾ ഷീ-ബോക്‌സിൽ അപ്‌ലോഡ് ചെയ്തിട്ടില്ല. ഓൺലൈൻ രജിസ്ട്രേഷൻ നടപടിക്രമങ്ങളെക്കുറിച്ച് പലർക്കും അറിവില്ലാത്തതാണ് ഇതിന് ഒരു കാരണമായി പറയുന്നത്.
ഷീ-ബോക്‌സ്
ഷീ-ബോക്‌സ് സംഘടിത മേഖലയിലോ അസംഘടിത മേഖലയിലോ പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ജോലി ചെയ്യുന്ന വനിതകൾക്ക് ലൈംഗികാതിക്രമ പരാതികൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന വനിതാ ശിശു വികസന മന്ത്രാലയത്തിന്‍റെ ഒരു സംരംഭമാണ്.
ജോലിസ്ഥലത്തെ ലൈംഗികാതിക്രമ പരാതികൾ രഹസ്യമായി നൽകാനും അവയുടെ പുരോഗതി ട്രാക്ക് ചെയ്യാനും ജീവനക്കാരെ പിന്തുണക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണിത്. വളരെ യൂസർ ഫ്രണ്ട് ലിയായാണ് ഇതിന്‍റെ ക്രമീകരണം. സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്നത് നിയമം പാലിക്കൽ മാത്രമല്ല, നിർദ്ദിഷ്ട നിയന്ത്രണങ്ങൾക്കനുസൃതമായി അവരുടെ തൊഴിലിട സുരക്ഷ, സുതാര്യത, ജീവനക്കാരുടെ ക്ഷേമം എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഷീ-ബോക്‌സ് പോർട്ടലിന് സുപ്രധാന പങ്കുണ്ട്. ഇതൊരു കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനം ആയി പ്രവർത്തിക്കുന്നു. പരാതി സമർപ്പിച്ച് കഴിഞ്ഞാൽ പരിഹാരത്തിനായി ആഭ്യന്തര പരാതി കമ്മിറ്റി/ഇന്റേണൽ കമ്മിറ്റി (ICC/IC) അല്ലെങ്കിൽ പ്രാദേശിക കമ്മിറ്റി പോലുള്ള ബന്ധപ്പെട്ട അധികാരിക്ക് കൈമാറ്റം ചെയ്യപ്പെടും. സമയബന്ധിതമായി നടപടിയെടുക്കാനും സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കാനും ഇത് സഹായിക്കുന്നു. ഭയമോ അപമാനിക്കപ്പെടുമോ എന്ന ആശങ്കയോ ഇല്ലാതെ പരാതിപ്പെടാൻ ഇത് ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നു, അതുവഴി തൊഴിലിടങ്ങളിൽ മാന്യതയും ആദരവും വളർത്തുന്നു.
ലൈംഗികാതിക്രമം പോലുള്ള പ്രശ്നങ്ങൾ ഒരു സ്ത്രീയുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കും. സ്വന്തം കഴിവിൽ സംശയം തോന്നുക, ആത്മാഭിമാനം കുറയുക, തങ്ങളെത്തന്നെ കുറ്റപ്പെടുത്താനുള്ള പ്രവണത എന്നിവ ഉണ്ടാവാം. കടുത്ത തലവേദന, വയറുവേദന, പേശിവേദന തുടങ്ങിയ മാനസിക സമ്മർദ്ദം മൂലമുള്ള ശാരീരിക ലക്ഷണങ്ങൾ അനുഭവപ്പെടാം. മറ്റുള്ളവരുമായി അടുത്തിടപഴകാനുള്ള ബുദ്ധിമുട്ട്, വിശ്വാസമില്ലായ്മ, സാമൂഹികമായി ഒറ്റപ്പെടാനുള്ള പ്രവണത എന്നിവ ഉണ്ടാകാം. ഭയം, ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം തുടങ്ങിയ മാനസിക സംഘർഷങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം നീതി നിഷേധിക്കപ്പെടുമെന്ന ഭയമാണ്. പരാതി നൽകാനും അത് പരിഹരിക്കപ്പെടാനുമുള്ള ഒരു വഴി തുറന്ന് കിട്ടുമ്പോൾ ഈ ബുദ്ധിമുട്ടുകൾ ലഘൂകരിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

