കൈ വീശി നടന്നാൽ ശരീരഭാരം കുറയും
text_fieldsനടക്കുമ്പോൾ കൈകൾ ചലിപ്പിക്കുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. ഇത് ശരീരത്തിന് പലവിധത്തിൽ ഗുണം ചെയ്യുകയും അതുവഴി കൂടുതൽ കലോറി എരിച്ച് കളയാൻ സഹായിക്കുകയും ചെയ്യുന്നു. കൈകൾ ചലിപ്പിക്കുമ്പോൾ കൈകളിലെയും തോളുകളിലെയും മുകൾഭാഗത്തെ ശരീരത്തിലെയും പേശികൾ പ്രവർത്തിക്കുന്നു. ഇത് കൂടുതൽ പേശികളെ വ്യായാമത്തിൽ ഉൾപ്പെടുത്തുകയും സാധാരണ നടക്കുന്നതിനേക്കാൾ 10-20 ശതമാനം വരെ കൂടുതൽ കലോറി എരിച്ച് കളയാൻ സഹായിക്കുകയും ചെയ്യും. കൈകളുടെ ചലനം നടക്കുമ്പോൾ ഒരു ആക്കം നൽകുന്നു. ഇത് കൂടുതൽ വേഗത്തിൽ നടക്കാൻ നിങ്ങളെ സഹായിക്കും. വേഗത കൂടുമ്പോൾ സ്വാഭാവികമായും ഹൃദയമിടിപ്പ് കൂടുകയും കൂടുതൽ കലോറി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.
കൈകൾ ചലിപ്പിക്കുന്നത് ശരീരത്തിന്റെ ഭാരം തുല്യമായി നിലനിർത്താൻ സഹായിക്കുന്നു. ഇത് പേശികൾക്ക് അനാവശ്യമായി അധികം ജോലി ചെയ്യേണ്ട ആവശ്യം ഒഴിവാക്കുകയും ചെയ്യുന്നു. ഇത് കാരണം കൂടുതൽ ദൂരം കുറഞ്ഞ ക്ഷീണത്തിൽ നടക്കാൻ സാധിക്കും. കൈകളുടെ ശരിയായ ചലനം ശരീരത്തിന് ശരിയായ നില നൽകുന്നു. ഇത് നെഞ്ചിലെയും കോറിലെയും പേശികളെ കൂടുതൽ സജീവമാക്കാൻ സഹായിക്കും. കോർ പേശികൾ സജീവമാകുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറക്കുന്നതിനും സഹായകമാകും. നടക്കുമ്പോൾ കൈമുട്ടുകൾ ഏകദേശം 90 ഡിഗ്രിയിൽ വളച്ച് വെക്കുന്നത് കൂടുതൽ വേഗത്തിലുള്ളതുമായ ചലനങ്ങൾ സാധ്യമാക്കുന്നു. ഇത് തോളിലെ ആയാസം കുറക്കുകയും ഓരോ സ്വിങും കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നു. തൽഫലമായി ശരീരം കൂടുതൽ കലോറി കത്തിക്കുന്നു.
ഓരോ മിനിറ്റിലും 30 സെക്കൻഡ് നേരം കൈകൾ തലക്ക് മുകളിലേക്ക് ഉയർത്തുന്നത് രക്തചംക്രമണം വർധിപ്പിക്കുകയും കലോറി കത്തിക്കുന്നത് വർധിപ്പിക്കുകയും ചെയ്യുന്നു. കൈകൾ ഉയർത്തുമ്പോൾ ഹൃദയത്തിന് ഗുരുത്വാകർഷണത്തിനെതിരെ പ്രവർത്തിച്ച് മുകൾ ഭാഗത്തേക്ക് രക്തം പമ്പ് ചെയ്യേണ്ടിവരുന്നു. അതിനുശേഷം കൈകൾ താഴ്ത്തുമ്പോൾ, രക്തം കൂടുതൽ വേഗത്തിൽ ഹൃദയത്തിലേക്ക് തിരികെ ഒഴുകാൻ സഹായിക്കുന്നു. ഈ വർധിച്ച പമ്പിങ് ഹൃദയമിടിപ്പ് നേരിയ തോതിൽ ഉയർത്തുന്നു. ഇത് ശരീരത്തിലുടനീളം ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന രക്തയോട്ടം മെച്ചപ്പെടുത്തുന്നു. കൂടാതെ ഊർജ്ജസ്വലത വർധിപ്പിക്കാനും സഹായിക്കും.
കൈകൾ തലക്ക് മുകളിലേക്ക് ഉയർത്തിപ്പിടിക്കുമ്പോഴോ ചലിപ്പിക്കുമ്പോഴോ, തോൾ പേശികൾ, കൈകളിലെ ട്രൈസെപ്സ്, അപ്പർ ബാക്ക് പേശികൾ എന്നിവക്ക് അധികമായി ജോലി ചെയ്യേണ്ടിവരുന്നു. കൂടുതൽ പേശികളെ ഒരേ സമയം പ്രവർത്തിപ്പിക്കുമ്പോൾ, ശരീരം നിലനിർത്താനായി കൂടുതൽ ഊർജ്ജം ആവശ്യപ്പെടുന്നു. ഇത് മെറ്റബോളിക് നിരക്ക് താൽക്കാലികമായി വർധിപ്പിക്കും. ഓരോ മിനിറ്റിലും 30 സെക്കൻഡ് നേരത്തേക്ക് ഇത് ചെയ്യുക. അടുത്ത 30 സെക്കൻഡ് സാധാരണ കൈകൾ ചലിപ്പിച്ച് നടക്കുക. ഈ രീതിയിൽ തുടരുന്നത് വ്യായാമത്തിന് ഇന്‍റർവെൽ ട്രയിനിങ്ങിന്‍റെ ഗുണം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

