കുട്ടികളുടെ ആരോഗ്യത്തിന് ഒരു ദിവസം എത്ര മുട്ട കഴിക്കാം?
text_fieldsപോഷകസമ്പന്നമാണ് മുട്ട. ഇവ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്നാണ് നിരവധി പഠനങ്ങൾ പറയുന്നത്. പോഷകക്കുറവ് അവുഭവപ്പെടുന്നവർക്ക് ഡോക്ടർമാർ പൊതുവേ നിർദേശിക്കുന്ന പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. പ്രോട്ടീൻ, വിറ്റാമിൻ, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് മുട്ട. പ്രായഭേദമന്യേ എല്ലാവരും കഴിക്കേണ്ട ഒന്നാണിത്. മുട്ട പുഴുങ്ങിയും കറിയാക്കിയും ഓംലെറ്റാക്കിയുമൊക്കെ കഴിക്കാം. എളുപ്പം കേടാകാത്തതിനാൽ മുട്ടകൾ ഏറെ നാൾ ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാൻ സാധിക്കുന്നതാണ്.
കുട്ടികൾക്ക് ദിവസവും മുട്ട ശീലമാക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. കുട്ടികളുടെ ശാരീരികമായ വളർച്ചക്കും മാനസികമായ വളർച്ചക്കും മുട്ട നിർബന്ധമാണ്. കുട്ടികളുടെ ഓർമശക്തി മെച്ചപ്പെടുത്താനും, ശരീരത്തെ ശക്തിപ്പെടുത്താനും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഇവ സഹായിക്കും. ഇത്തരത്തിൽ ഒരു കുട്ടിയുടെ വളർച്ചക്കാവശ്യമായ എല്ലാം മുട്ടയിലുണ്ട്.
മുട്ടയുടെ ഗുണങ്ങൾ
പ്രോട്ടീൻ, കോളിൻ, വിറ്റാമിൻ ബി 12, ല്യൂട്ടിൻ, തുടങ്ങിയ നിരവധി പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചേർന്ന് ഒരു കുട്ടിയുടെ തലച്ചോറിലെ കോശങ്ങളെ ശക്തിപ്പെടുത്തുകയും പഠിക്കാനും ഓർമിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള കഴിവ് വർധിപ്പിക്കുകയും ചെയ്യും. ഇങ്ങനെ ദിവസവും മുട്ട കഴിക്കുന്ന കുട്ടികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരും അക്കാദമിക വൈദഗ്ധ്യമുള്ളവരുമായിരിക്കും. അതുകൊണ്ടാണ് കുട്ടികളുടെ ഭക്ഷണത്തിൽ ദിവസവും മുട്ട ഉൾപ്പെടുത്താൻ ഡോക്ടർമാർ ശിപാർശ ചെയ്യുന്നത്.
മുട്ടയിലടങ്ങിയ പോഷകങ്ങൾ
കോളിൻ: മുട്ടകളിൽ കാണപ്പെടുന്ന ഒരു പ്രധാന ഘടകമായ ഇവക്ക് ഓർമശക്തിയും പഠനവും മെച്ചപ്പെടുത്താൻ സാധിക്കും.
വിറ്റാമിൻ ബി 12: തലച്ചോറിനെയും നാഡികളെയും ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു
ല്യൂട്ടിൻ, സിയാക്സാന്തിൻ: തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ഏകാഗ്രത വർധിപ്പിക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളാണ് ഇവ.
പ്രോട്ടീൻ: മുട്ടയിലെ പ്രോട്ടീൻ ശരീരത്തിന്റെയും തലച്ചോറിന്റെയും വികാസത്തിന് സഹായിക്കും.
കുട്ടികൾ ദിവസവും എത്ര മുട്ടകൾ കഴിക്കണം?
കുട്ടികൾ ദിവസവും ഒന്ന് മുതൽ രണ്ട് വരെ മുട്ടകൾ കഴിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.1–3 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പ്രതിദിനം 1 മുട്ട, 4–8 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പ്രതിദിനം 2 മുട്ടകൾ വരെ നൽകാം. നിങ്ങളുടെ കുട്ടികൾ പയറുവർഗങ്ങൾ, മത്സ്യം, മാംസം തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവരാണെങ്കിൽ ആഴ്ചയിൽ നാലോ അഞ്ചോ ദിവസം മുട്ട നൽകാം. ഇത് അവരുടെ കൊളസ്ട്രോൾ വർധിപ്പിക്കില്ല. പകരം തലച്ചോറിന് അത്യാവശ്യമായ പ്രോട്ടീനും കോളിനും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

