ഇടതുവശം ചരിഞ്ഞു കിടക്കണോ? ഗർഭകാലത്ത് അമ്മയും കുഞ്ഞും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്
text_fieldsഗർഭകാലം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഒരുപോലെ സംരക്ഷിക്കപ്പെടേണ്ട സമയമാണിത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം മികച്ചതാക്കാന്‍ മാനസികവും ശാരീരികവുമായ മുന്നൊരുക്കം ഏറെ പ്രധാനമാണ്. അതിനാല്‍ ഗര്‍ഭധാരണത്തിന് മുമ്പുതന്നെ സ്ത്രീശരീരത്തിന്‍റെ ആരോഗ്യനില ഉറപ്പുവരുത്തേണ്ടതുണ്ട്.
ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്ന സമയത്തിന് ആറുമാസം മുമ്പുതന്നെ ശരീരവും മനസ്സും ആരോഗ്യകരമായ രീതിയില്‍ പാകപ്പെടുത്തുന്നതിന്റെ ഭാഗമായി മികച്ച ഭക്ഷണരീതി ആരംഭിക്കുന്നത് ഗുണം ചെയ്യും. ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ്, വിറ്റമിനുകള്‍, പ്രോട്ടീന്‍, നാരുകള്‍ അടങ്ങിയ ഭക്ഷണം എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ദോഷകരമായ രീതിയില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് ഒഴിവാക്കാം.
ആഴ്ചയില്‍ അഞ്ചു ദിവസം കുറഞ്ഞത് 30 മിനിറ്റെങ്കിലും ചെറിയ തോതില്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. അമിതമായ വ്യായാമം ആവശ്യമില്ല. ഏതെങ്കിലും തരത്തിലുള്ള ലഹരി ഉൽപന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഈ ശീലം ഗര്‍ഭധാരണത്തിന് മുമ്പുതന്നെ ഉപേക്ഷിക്കേണ്ടതുണ്ട്. ഗര്‍ഭം ധരിക്കുന്നതിന് ഒന്നോ രണ്ടോ മാസം മുമ്പുതന്നെ ഗര്‍ഭപാത്രത്തിന്റെ ആരോഗ്യനില സംബന്ധിച്ച പരിശോധനകള്‍ നടത്തുന്നത് വലിയ ഗുണം ചെയ്യും. ഗര്‍ഭപാത്രത്തിലോ അണ്ഡാശയത്തിലോ സിസ്റ്റ് അല്ലെങ്കില്‍ മുഴകള്‍പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നേരത്തേ കണ്ടെത്താന്‍ ഇതുവഴി സാധിക്കും.
1. പോഷകസമൃദ്ധമായ ആഹാരം
ഗർഭകാലത്ത് രണ്ടുപേർക്ക് വേണ്ടി കഴിക്കണം എന്നതിലുപരി ഗുണമേന്മയുള്ള ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ ലഭിക്കാൻ ഇത് സഹായിക്കും. മുട്ട, പയറുവർഗ്ഗങ്ങൾ, മത്സ്യം (മത്തി, അയല എന്നിവ ഉത്തമം) എന്നിവ ഉൾപ്പെടുത്തുന്നത് പ്രോട്ടീന്‍റെ ഗുണം നൽകും. പാലും പാലുൽപ്പന്നങ്ങളും കഴിക്കുന്നത് കുഞ്ഞിന്റെ എല്ലുകളുടെ വളർച്ചക്ക് ആവശ്യമായ കാൽസ്യം ലഭിക്കാൻ സഹായിക്കും. ദിവസവും 3 ലിറ്ററോളം വെള്ളം കുടിക്കുന്നത് മലബന്ധം കുറക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കും.
2. വൈദ്യപരിശോധനയും മരുന്നുകളും
കുഞ്ഞിന്റെ വളർച്ചയും വൈകല്യങ്ങളും കണ്ടെത്താൻ ഡോക്ടർ നിർദേശിക്കുന്ന സമയങ്ങളിൽ സ്കാനിങ് നടത്തുക. കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വികാസത്തിന് ഫോളിക് ആസിഡ് ഗുളികകൾ അത്യാവശ്യമാണ്. ഡോക്ടറുടെ നിർദേശമില്ലാതെ ഒരു മരുന്നും കഴിക്കരുത്. ടെറ്റനസ് പോലുള്ള കുത്തിവെപ്പുകൾ കൃത്യസമയത്ത് എടുക്കുക.
3. വിശ്രമവും ഉറക്കവും
രാത്രിയിൽ കുറഞ്ഞത് എട്ട് മണിക്കൂർ ഉറക്കം നിർബന്ധമാണ്. പകൽ സമയത്ത് 1-2 മണിക്കൂർ വിശ്രമിക്കുന്നതും നല്ലതാണ്. ഗർഭകാലത്ത് ഉറക്കത്തിന്റെ കാര്യത്തിലും കിടക്കുന്ന രീതിയിലും ശ്രദ്ധിക്കുന്നത് അമ്മക്കും കുഞ്ഞിനും ഒരുപോലെ ഗുണകരമാണ്. ഗർഭാവസ്ഥയുടെ രണ്ടാം പകുതി മുതൽ ഇടത് വശം ചരിഞ്ഞ് കിടക്കുന്നത് കുഞ്ഞിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും. ശരീരത്തിന്റെ വലതുഭാഗത്തുള്ള പ്രധാന രക്തക്കുഴലായ ഇൻഫീരിയർ വിനാകാവയിൽ ഗർഭപാത്രം അമരുന്നത് തടയാൻ ഇത് സഹായിക്കും. ഇതുവഴി കുഞ്ഞിലേക്ക് ഓക്സിജനും പോഷകങ്ങളും അടങ്ങിയ രക്തം തടസ്സമില്ലാതെ എത്തുന്നു.
4. ഒഴിവാക്കേണ്ട കാര്യങ്ങൾ
ഭാരമുള്ള വസ്തുക്കൾ ഉയർത്തുന്നതും വല്ലാതെ സ്ട്രെയിൻ എടുക്കുന്നതും ഒഴിവാക്കുക. ദൂരയാത്രകൾ, പ്രത്യേകിച്ച് മോശം റോഡുകളിലൂടെയുള്ള യാത്രകൾ ആദ്യത്തെ മൂന്ന് മാസവും അവസാന മാസവും ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായി മധുരം, ഉപ്പ്, മൈദ വിഭവങ്ങൾ, കഫീൻ (ചായ, കാപ്പി), കൃത്രിമ പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.
5. വ്യായാമം
ഡോക്ടറുടെ നിർദേശപ്രകാരം ലഘുവായ നടത്തം, യോഗ, ശ്വസന വ്യായാമങ്ങൾ എന്നിവ ചെയ്യുന്നത് പ്രസവം സുഗമമാക്കാൻ സഹായിക്കും. കഠിനമായി നടക്കാതെ, സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നാത്ത രീതിയിലുള്ള വേഗതയിൽ വേണം നടക്കാൻ. നല്ല ഗ്രിപ്പുള്ള പാദരക്ഷകൾ ഉപയോഗിക്കുക. ഗർഭകാലത്തിന് അനുയോജ്യമായ യോഗാസനങ്ങൾ പേശികളെ വഴക്കമുള്ളതാക്കാൻ സഹായിക്കുന്നു.
6. മാനസികാരോഗ്യം
ഗർഭകാലത്തെ മാനസികാരോഗ്യം എന്നത് ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ്. അമ്മയുടെ മാനസികാവസ്ഥ നേരിട്ട് കുഞ്ഞിന്റെ വളർച്ചയെ സ്വാധീനിക്കുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സന്തോഷമായിരിക്കുക എന്നത് കുഞ്ഞിന്റെ വളർച്ചയെ പോസിറ്റീവായി ബാധിക്കും. വായന, സംഗീതം കേൾക്കൽ തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുക. അമിതമായ ടെൻഷനും സ്ട്രെസ്സും ഒഴിവാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

