ഗർഭകാലത്തെ കടുത്ത ഓക്കാനം മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമോ? പഠനങ്ങൾ പറയുന്നത്...
text_fieldsഗർഭകാലത്ത് അമിതമായ ഓക്കാനം, ഛർദ്ദി (ഹൈപ്പർമെസിസ് ഗ്രാവിഡറം) ഉള്ള സ്ത്രീകൾക്ക് പോസ്റ്റ്പാർട്ടം സൈക്കോസിസ്, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ മാനസികാരോഗ്യ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്ന് പുതിയ പഠനം. ഹൈപ്പർമെസിസ് ഗ്രാവിഡറം (Hyperemesis Gravidarum - HG) എന്നത് ഗർഭകാലത്ത് ചില സ്ത്രീകൾക്ക് ഉണ്ടാകുന്ന കടുത്ത ഛർദ്ദിയും ഓക്കാനവും ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. സാധാരണ ഗർഭകാലത്ത് ഉണ്ടാകുന്ന ചെറിയ ഓക്കാനം, ഛർദ്ദി എന്നിവയിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. ഇത് ഗർഭത്തിന്‍റെ ആദ്യ മൂന്നുമാസങ്ങളിൽ ഏകദേശം 2-5% ഗർഭിണികളിൽ കാണപ്പെടുന്നു.
സ്ത്രീകൾക്ക് ഉത്കണ്ഠ, വിഷാദം, പി.ടി.എസ്.ഡി എന്നിവക്കുള്ള സാധ്യത കൂടുതലാണെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും പോസ്റ്റ്-പാർട്ടം സൈക്കോസിസ്, പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്നിവയുൾപ്പെടെ 13 അവസ്ഥകളിൽ 50 ശതമാനത്തിലധികം അപകടസാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. വെർണിക്കീസ് എൻസെഫലോപ്പതി (വിറ്റാമിൻ ബി1 ന്റെ കുറവ് മൂലമുണ്ടാകുന്ന ഒരു നാഡീവ്യവസ്ഥാ അവസ്ഥ), റീഫീഡിങ് സിൻഡ്രോം (പോഷകാഹാരക്കുറവുള്ള ഒരാൾക്ക് വളരെ വേഗത്തിൽ ഭക്ഷണം നൽകുമ്പോൾ ഉണ്ടാകുന്ന സങ്കീർണതകൾ), ഭക്ഷണക്രമക്കേടുകൾ, വിഷാദം, പ്രത്യേകിച്ച് പ്രസവാനന്തര വിഷാദം എന്നിവക്കുള്ള അപകടസാധ്യത 2.7 മടങ്ങ് കൂടുതലാണ്.
ഹൈപ്പർമെസിസ് ഗ്രാവിഡറത്തിന്‍റെ കൃത്യമായ കാരണം പൂർണമായും വ്യക്തമല്ലെങ്കിലും ഗർഭകാലത്ത് വർധിക്കുന്ന ചില ഹോർമോണുകളുമായി ഇതിന് ബന്ധമുണ്ട്. പ്രത്യേകിച്ച്, ഹ്യൂമൻ കൊറിയോണിക് ഗോണാഡോട്രോപിൻ (hCG) എന്ന ഹോർമോണിന്‍റെ ഉയർന്ന അളവാണ് ഇതിന് പ്രധാന കാരണമായി കണക്കാക്കുന്നത്. ലക്ഷണങ്ങളുടെ തീവ്രത അനുസരിച്ച് ചികിത്സാരീതികളും വ്യത്യാസപ്പെടാം.
പ്രധാന ലക്ഷണങ്ങൾ
- തുടർച്ചയായി ഛർദ്ദിക്കുന്നതിനാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വെള്ളവും ലഭിക്കാതെ വരുന്നു
- കടുത്ത ഛർദ്ദി കാരണം ഗർഭകാലത്ത് ശരീരഭാരം ഗണ്യമായി കുറയാൻ സാധ്യതയുണ്ട്.
- വെള്ളം കുടിച്ചാലും അത് ശരീരത്തിൽ നിൽക്കാത്തതിനാൽ നിർജ്ജലീകരണം സംഭവിക്കുന്നു. ഇത് തലകറക്കം, ക്ഷീണം, മൂത്രത്തിന്‍റെ അളവ് കുറയുക തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു
- ആവശ്യത്തിന് ഭക്ഷണം കഴിക്കാൻ സാധിക്കാത്തതിനാൽ ശരീരത്തിന് വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ലഭിക്കാതെ വരുന്നു
- നിരന്തരമായ അസുഖം കാരണം വിഷാദം, ഉത്കണ്ഠ, ഒറ്റപ്പെടൽ എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്
ഈ സമയത്ത് ചെറിയ അളവിൽ ഇടവിട്ട് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ദോഷകരമായി ബാധിച്ചേക്കാം. അതിനാൽ ഗർഭിണികൾക്ക് കടുത്ത ഛർദ്ദിയും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

