നിന്നാണോ അതോ ഇരുന്നാണോ വെള്ളം കുടിക്കേണ്ടത്? അൽപം ശ്രദ്ധയാവാം
text_fieldsവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും അത് എങ്ങനെ കുടിക്കുന്നു എന്നതും പ്രധാനമാണ്. നമ്മുടെ ശരീരഭാരത്തിന്‍റെ 60 ശതമാനം വരെ വെള്ളമാണ്. ഇത് കുറയുമ്പോൾ എല്ലാ ആന്തരിക പ്രവർത്തനങ്ങളെയും അത് പ്രതികൂലമായി ബാധിക്കുന്നു. തലച്ചോറിലെ കോശങ്ങൾക്ക് ശരിയായി പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. ഇത് കുറയുമ്പോൾ ശ്രദ്ധയും ഏകാഗ്രതയും കുറയും. എന്നാൽ ഇതിലും കൂടുതൽ സമയം വെള്ളം കുടിക്കാതിരുന്നാൽ ഗുരുതരമായ പ്രശ്നങ്ങൾ സംഭവിക്കാം. നിർജ്ജലീകരണം ഗുരുതരമായാൽ, ബോധക്ഷയം, അപസ്മാരം, ഹൈപ്പോവോലെമിക് ഷോക്ക് (രക്തത്തിന്‍റെ അളവ് കുറയുന്നത്), അവയവങ്ങളുടെ തകരാറ് എന്നിവ സംഭവിക്കാം. ഇത് അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണ്.
ഇരുന്ന് കുടിക്കുമ്പോൾ
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ വെള്ളം ഇരുന്ന് കുടിക്കുന്നതാണ് ഏറ്റവും ഉചിതം. ഇരുന്ന് വെള്ളം കുടിക്കുമ്പോൾ നമ്മുടെ പേശികളും നാഡീവ്യൂഹവും കൂടുതൽ ശാന്തമായിരിക്കും. ഇത് ദഹനപ്രക്രിയയെ സഹായിക്കുന്നു. ഇരുന്ന് പതുക്കെ വെള്ളം കുടിക്കുമ്പോൾ നമ്മുടെ ദഹനവ്യവസ്ഥ ശാന്തമായിരിക്കും. ഇത് ആമാശയത്തിലെ ദഹനരസങ്ങളുമായി വെള്ളം കൃത്യമായി കലരാൻ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം ഇരുന്ന് വെള്ളം കുടിക്കുന്നത് അമിതമായി ഗ്യാസ് ഉണ്ടാകുന്നത് തടയാനും സഹായിക്കും. ഇരുന്ന് വെള്ളം കുടിക്കുമ്പോൾ വൃക്കകൾക്ക് ദ്രാവകങ്ങൾ കൂടുതൽ കാര്യക്ഷമമായി അരിച്ചെടുക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇരുന്ന് കുടിക്കുമ്പോൾ നാം പതുക്കെയാണ് വെള്ളം കുടിക്കുക. ഇത് ദഹനവ്യവസ്ഥയിലേക്ക് വെള്ളം കൃത്യമായ വേഗതയിൽ എത്താൻ സഹായിക്കുന്നു.
നിന്ന് വെള്ളം കുടിക്കുമ്പോൾ
നിന്നുകൊണ്ട് കുടിക്കുമ്പോൾ വെള്ളം വലിയ വേഗതയിൽ ആമാശയത്തിന്റെ താഴത്തെ ഭാഗത്തേക്ക് നേരിട്ട് പതിക്കുന്നു. ഇത് ആമാശയ ഭിത്തികൾക്കും അന്നനാളത്തിനും സമ്മർദമുണ്ടാക്കാം. വെള്ളം വേഗത്തിൽ കടന്നുപോകുന്നതിനാൽ വൃക്കകൾക്ക് അത് ശരിയായി അരിച്ചെടുക്കാൻ സമയം ലഭിക്കാതെ വരുന്നു. ഇത് രക്തത്തിലും മൂത്രസഞ്ചിയിലും മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ കാരണമായേക്കാം. ആയുർവേദ പ്രകാരം, നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് സന്ധികളിലെ ദ്രാവക സന്തുലിതാവസ്ഥയെ തെറ്റിക്കുകയും ഭാവിയിൽ സന്ധിവേദനയിലേക്കും വാതത്തിലേക്കും നയിക്കുകയും ചെയ്യും. വേഗത്തിൽ വെള്ളം കുടിക്കുന്നത് ശ്വാസനാളത്തിലേക്കും അന്നനാളിയിലേക്കും ഉള്ള ഓക്സിജൻ വിതരണത്തെ താൽക്കാലികമായി തടസ്സപ്പെടുത്തിയേക്കാം.
വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒറ്റയടിക്ക് കുടിക്കരുത്: ഒരു കുപ്പി വെള്ളം ഒന്നിച്ച് കുടിച്ച് തീർക്കുന്നതിന് പകരം ഓരോ സിപ്പായി പതുക്കെ കുടിക്കുക. ഇത് ഉമിനീർ വെള്ളവുമായി കലരാനും ദഹനം മെച്ചപ്പെടാനും സഹായിക്കും.
തണുത്ത വെള്ളം ഒഴിവാക്കുക: ഫ്രിഡ്ജിലെ ഐസ് തണുപ്പുള്ള വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കും. മുറിയിലെ താപനിലയിലുള്ള വെള്ളമോ അല്ലെങ്കിൽ നേരിയ ചൂടുവെള്ളമോ ആണ് ഉത്തമം.
ഭക്ഷണത്തിന് തൊട്ടുമുമ്പും ശേഷവും: ഭക്ഷണത്തിന് തൊട്ടുമുമ്പും ശേഷവും അമിതമായി വെള്ളം കുടിക്കരുത്. ഇത് ദഹനരസങ്ങളെ നേർപ്പിക്കുകയും ദഹനം സാവധാനത്തിലാക്കുകയും ചെയ്യും. ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പോ ശേഷമോ വെള്ളം കുടിക്കുന്നതാണ് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

