Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightബി.പി നോർമലായിട്ടും...

ബി.പി നോർമലായിട്ടും ഇടക്കിടെ തലവേദന; ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുതേ

text_fields
bookmark_border
ബി.പി നോർമലായിട്ടും ഇടക്കിടെ തലവേദന; ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുതേ
cancel

സാധാരണയായി ഒരു ഹെൽത്ത് ചെക്കപ്പിൽ രക്തസമ്മർദം നോർമൽ ആണെന്ന് കാണുമ്പോൾ മിക്കവരും ആശ്വസിക്കാറുണ്ട്. എന്നാൽ, ഒരു തവണത്തെ പരിശോധനയിൽ കാണുന്ന നോർമൽ റീഡിങ് മാത്രം വെച്ച് ശരീരത്തിന്റെ അവസ്ഥ പൂർണ്ണമായി വിലയിരുത്താൻ കഴിയില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

ക്ലിനിക്കിൽ പരിശോധിക്കുമ്പോൾ ബി.പി നോർമൽ ആണെങ്കിലും പലർക്കും വിട്ടുമാറാത്ത തലവേദന അനുഭവപ്പെടാറുണ്ട്. ഇത് ആശയക്കുഴപ്പത്തിനും നിരാശക്കും കാരണമായേക്കാം. യഥാർത്ഥത്തിൽ രക്തസമ്മർദം എന്നത് എപ്പോഴും ഒരേ നിലയിൽ നിൽക്കുന്ന ഒന്നല്ല. മാനസിക സമ്മർദം, ഉറക്കം, ശാരീരിക അധ്വാനം, ആഹാരം, വികാരങ്ങൾ എന്നിവക്കനുസരിച്ച് പകൽ മുഴുവൻ ഇതിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും.

ചില സന്ദർഭങ്ങളിൽ, ആളുകളിൽ 'മാസ്ക്ഡ് ഹൈപ്പർടെൻഷൻ' (Masked Hypertension) എന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഡോക്ടറെ കാണുന്ന സമയത്ത് രക്തസമ്മർദം നോർമൽ ആയിരിക്കുമെങ്കിലും, ദൈനംദിന ജീവിതത്തിനിടയിൽ ഇത് വലിയ രീതിയിൽ വർധിക്കുന്ന അവസ്ഥയാണിത്. കാലക്രമേണ, ഇത്തരത്തിൽ ഒളിഞ്ഞിരിക്കുന്ന ബിപി വ്യതിയാനങ്ങൾ ഹൃദയത്തിന് അമിത ജോലിഭാരം നൽകുകയും രക്തക്കുഴലുകളെ നശിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. വ്യക്തമായ കാരണങ്ങളില്ലാതെ വിട്ടുമാറാത്ത തലവേദന വരുന്നത്, രക്തസമ്മർദത്തിലെ ഇത്തരം ഉയർച്ച താഴ്ചകളോട് ശരീരം പൊരുതുന്നതിന്റെ സൂചനയാകാമെന്ന് ഹൃദ്രോഗ വിദഗ്ദർ അഭിപ്രായപ്പെടുന്നു.

റൂട്ടീൻ ചെക്കപ്പിൽ ബി.പി നോർമൽ ആണെങ്കിൽ തങ്ങൾ സുരക്ഷിതരാണെന്ന് പലരും കരുതുന്നു. എന്നാൽ, ബിപിയിലെ ഇത്തരം ഒളിച്ചിരിക്കുന്ന വ്യതിയാനങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. ഇതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് അകാരണമായ തലവേദന. ടെസ്റ്റുകളിൽ നോർമൽ ആണെന്ന് കാണിച്ചാലും, യഥാർത്ഥത്തിൽ രക്തസമ്മർദം പകൽ മുഴുവൻ ഉയരുകയും താഴുകയും ചെയ്യുന്നുണ്ടെങ്കിൽ ശരീരം ഹൈപ്പർടെൻസീവ് തന്നെയാണ്. ഇത്തരം വ്യതിയാനങ്ങൾ അവഗണിക്കുന്നത് ആന്തരിക അവയവങ്ങൾക്ക് സ്ഥിരമായ കേടുപാടുകൾ വരുത്തും -ഗീതേഷ് ഗോവിൽ പറയുന്നു.

ജീവിതശൈലിയിലെ പല ഘടകങ്ങളും ഇത്തരം ഒളിഞ്ഞിരിക്കുന്ന വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. അമിതമായ മാനസിക സമ്മർദം, മോശം ഉറക്കം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിതവണ്ണം, പുകവലി, വ്യായാമമില്ലാത്ത ജീവിതശൈലിയൊക്കെ കാരണങ്ങളാണ്.

ബിപി സാധാരണ നിലയിലായിരിക്കുമ്പോഴും തലവേദന ഉണ്ടാകുന്നത് എന്തുകൊണ്ട്?

രക്തസമ്മർദത്തിലെ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന തലവേദനകൾ സാധാരണയായി ഉണ്ടാകുന്ന ടെൻഷൻ ഹെഡ്‌ഏക്കിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഇവ പലപ്പോഴും അതിരാവിലെ അനുഭവപ്പെടുകയോ അല്ലെങ്കിൽ തലയുടെ പിൻഭാഗത്ത് കനം തോന്നുകയോ ചെയ്യാം.

രക്തസമ്മർദം പെട്ടെന്ന് ഉയരുമ്പോൾ, തലച്ചോറിലെ രക്തക്കുഴലുകൾക്കുള്ളിലെ മർദം കൂടുന്നു. ഇത് വേദനക്കുള്ള സിഗ്നലുകൾ ഉണ്ടാക്കുകയും തലവേദനയായി അനുഭവപ്പെടുകയും ചെയ്യുന്നു. മാസ്ക്ഡ് ഹൈപ്പർടെൻഷൻഉള്ളവരിൽ ഇത്തരം വർദ്ധനവുകൾ രാത്രിയിലോ, അമിതമായ സമ്മർദമുണ്ടാകുമ്പോഴോ, അല്ലെങ്കിൽ വയറുനിറയെ ഭക്ഷണം കഴിച്ചതിന് ശേഷമോ സംഭവിക്കാം. ഇതുകൊണ്ടാണ് ക്ലിനിക്കിൽ വെച്ച് പരിശോധിക്കുമ്പോൾ ബിപി സാധാരണ നിലയിലാണെന്ന് കണ്ടാലും, പലർക്കും പതിവായി തലവേദന അനുഭവപ്പെടുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് (NIH) നടത്തിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്, ശരാശരി അളവ് നോർമൽ ആണെന്ന് കാണിച്ചാൽ പോലും, രക്തസമ്മർദത്തിലെ അസ്ഥിരത ഹൃദയസംബന്ധമായ അപകടസാധ്യത വർധിപ്പിക്കുന്നു എന്നാണ്.

ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

രാവിലെയുള്ള കഠിനമായ തലവേദന: ഉറക്കമുണരുമ്പോൾ തലയുടെ പിൻഭാഗത്തായി അനുഭവപ്പെടുന്ന മന്ദമായ വേദന, ഉറക്കത്തിനിടയിലും ബി.പി ഉയർന്ന നിലയിൽ തുടർന്നിരുന്നു എന്നതിന്റെ സൂചനയാകാം.

കാഴ്ചയിലെ തകരാറുകൾ: കണ്ണിലെ നേർത്ത രക്തക്കുഴലുകളെ രക്തസമ്മർദം ബാധിക്കാൻ തുടങ്ങുമ്പോൾ, ചെറിയ കറുത്ത പുള്ളികളോ താൽക്കാലികമായി കാഴ്ച മങ്ങലോ അനുഭവപ്പെടാം.

സാധാരണ ജോലികളിൽ പോലും ശ്വാസംമുട്ടൽ: പടികൾ കയറുമ്പോഴോ അല്പദൂരം വേഗത്തിൽ നടക്കുമ്പോഴോ ശ്വാസം കിട്ടാതെ വരുന്നത്, ഹൃദയം അമിതമായ സമ്മർദത്തിലാണെന്നതിന്റെ ലക്ഷണമാണ്.

അസാധാരണമായ ക്ഷീണം: ശരിയായി ഉറങ്ങിയാലും മാറാത്ത നിരന്തരമായ ക്ഷീണം അനുഭവപ്പെടാം. രക്തക്കുഴലുകളിലെ കാഠിന്യം മൂലം രക്തം പമ്പ് ചെയ്യാൻ ഹൃദയം കൂടുതൽ കഠിനമായി അധ്വാനിക്കേണ്ടി വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഈ ലക്ഷണങ്ങൾ എപ്പോഴും വലിയ പ്രയാസങ്ങൾ ഉണ്ടാക്കണമെന്നില്ല. എന്നാൽ അവ ആവർത്തിച്ച് അനുഭവപ്പെടുകയാണെങ്കിൽ, തീർച്ചയായും ശ്രദ്ധിക്കുകയും ഡോക്ടറുടെ ഉപദേശം തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood pressurehypertensionHeart HealthHeadacheHealth Alert
News Summary - Normal BP but frequent headaches
Next Story