വേനൽക്കാലത്ത് എത്ര വെള്ളം കുടിക്കണം? അധികമായാൽ പണി കിട്ടും!
text_fieldsപ്രതീകാത്മക ചിത്രം
വേനൽക്കാലത്ത് വെള്ളം കുടിക്കുന്നത് നല്ലതാണ്, എന്നാൽ അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ വെള്ളം കുടിക്കുന്നതിലും ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് പോലെ തന്നെ അപകടകരമാണ് അമിതമായി വെള്ളം കുടിക്കുന്നതും.
വേനൽക്കാലത്ത് ശരീരത്തിന്റെ ആരോഗ്യവും ഊഷ്മാവും നിലനിർത്തുന്നതിൽ ജലാംശത്തിനും ഇലക്ട്രോലൈറ്റുകൾക്കും വലിയ പങ്കുണ്ട്. വേനൽക്കാലത്തെ കഠിനമായ ചൂടിൽ ശരീരത്തിലെ ജലാംശം കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ശാരീരിക തളർച്ച, വൃക്കകളുടെ പ്രവർത്തനക്ഷമത കുറയുക, പോഷകാഹാര ആഗിരണം തടസ്സപ്പെടുക, സന്ധിവേദന തുടങ്ങി നിരവധി പ്രശ്നങ്ങൾ നിർജ്ജലീകരണം മൂലം ഉണ്ടാകാം. ഓരോ വ്യക്തിയുടെയും ശാരീരിക അധ്വാനം, ശരീരഭാരം, കാലാവസ്ഥ എന്നിവ അനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവിൽ മാറ്റം വരാം.
സാധാരണ നിലയിൽ ഒരു മുതിർന്ന വ്യക്തി ദിവസവും 2.5 ലിറ്റർ മുതൽ 4 ലിറ്റർ വരെ വെള്ളമാണ് കുടിക്കേണ്ടത്. കാലാവസ്ഥ, ചെയ്യുന്ന ജോലിയുടെ കാഠിന്യം എന്നിവ അനുസരിച്ച് ഇതിൽ മാറ്റം വരാം. എന്നാൽ ദാഹമില്ലാതെ ലിറ്റർ കണക്കിന് വെള്ളം ബലമായി കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
അമിതമായാൽ എന്ത് സംഭവിക്കും?
ശരീരത്തിന് താങ്ങാൻ കഴിയുന്നതിലും കൂടുതൽ വെള്ളം ഒരേസമയം ഉള്ളിലെത്തിയാൽ അത് വൃക്കകൾക്ക് അമിതഭാരമാകുന്നു. ഇതിനെ വാട്ടർ ടോക്സിസിറ്റി അല്ലെങ്കിൽ 'ഹൈപ്പോനാട്രീമിയ' (Hyponatremia) എന്ന് വിളിക്കുന്നു. രക്തത്തിലെ സോഡിയത്തിന്റെ അളവ് അപകടകരമായ രീതിയിൽ കുറയാൻ ഇത് കാരണമാകും. സോഡിയം കുറയുമ്പോൾ ശരീരത്തിലെ കോശങ്ങൾ വെള്ളം വലിച്ച് എടുക്കുകയും വീർക്കുകയും ചെയ്യുന്നു. ഇത് തലച്ചോറിലെ കോശങ്ങളെ ബാധിച്ചാൽ ബോധക്ഷയം, അപസ്മാരം തുടങ്ങിയ ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കാം. നമ്മുടെ വൃക്കകൾക്ക് ഒരു മണിക്കൂറിൽ ഏകദേശം 800 മില്ലി മുതൽ 1 ലിറ്റർ വരെ വെള്ളമേ പുറന്തള്ളാൻ കഴിയൂ. ഇതിലും കൂടുതൽ വെള്ളം കുടിച്ചാൽ അത് സിസ്റ്റത്തെ തകിടം മറിക്കും.
അമിതമാകുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
മൂത്രത്തിന്റെ നിറം: മൂത്രം വെള്ളം പോലെ തീരെ നിറമില്ലാത്തതാണെങ്കിൽ നിങ്ങൾ കുടിക്കുന്ന വെള്ളം അധികമാണെന്ന് മനസ്സിലാക്കാം. നേരിയ മഞ്ഞനിറമാണ് ആരോഗ്യകരമായ ലക്ഷണം.
അമിതമായ ക്ഷീണം: കൂടുതൽ വെള്ളം കുടിക്കുമ്പോൾ കിഡ്നി അമിതമായി ജോലി ചെയ്യേണ്ടി വരുന്നത് ശരീരത്തിന് ക്ഷീണമുണ്ടാക്കും.
കൈകാലുകളിലെ വീക്കം: കോശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കൈകാലുകളിലോ ചുണ്ടിലോ വീക്കം അനുഭവപ്പെടാം.
വേനൽക്കാലത്ത് ശ്രദ്ധിക്കാൻ
ലിറ്റർ കണക്കിന് വെള്ളം ഒന്നിച്ച് കുടിക്കാതെ, കുറഞ്ഞ അളവിൽ കൃത്യമായ ഇടവേളകളിൽ കുടിക്കുക. വെറും പച്ചവെള്ളം മാത്രം കുടിക്കാതെ ഉപ്പിട്ട നാരങ്ങാവെള്ളം, മോരുംവെള്ളം, കരിക്കിൻ വെള്ളം എന്നിവ കുടിക്കുന്നത് ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.ശരീരം നൽകുന്ന ദാഹത്തിന്റെ സൂചനകൾക്കനുസരിച്ച് വെള്ളം കുടിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

