ജൈവ ഘടികാരം റീസെറ്റ് ചെയ്യാനാകുമോ?
text_fieldsരാവിലെ നേരത്തേ എഴുന്നേൽക്കുന്ന ശീലം വെറും മൂന്ന് ദിവസത്തിനുള്ളിൽ വളർത്തിയെടുക്കാമെന്ന അവകാശവാദം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെ, അത് എത്രത്തോളം ശാസ്ത്രീയമാണെന്ന ചോദ്യത്തിന് വിദഗ്ധർ വിശദീകരണവുമായി രംഗത്ത്.
സ്റ്റാൻഫോർഡ് സർവകലാശാലയിലെ ന്യൂറോസയന്റിസ്റ്റ് ആൻഡ്രൂ ഹ്യൂബർമാൻ നിർദേശിച്ച ‘മൂന്ന് ദിവസത്തെ റീസെറ്റ്’ രീതിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരേ സമയത്ത് എഴുന്നേൽക്കുക, രാവിലെ പ്രകൃതിദത്ത വെളിച്ചം സ്വീകരിക്കുക, കഫെയിൻ ഉപയോഗം വൈകിക്കുക തുടങ്ങിയ ശീലങ്ങളിലൂടെ ശരീരത്തിന്റെ ജൈവഘടികാരം (സർക്കേഡിയൻ റിതം) പുനഃക്രമീകരിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാദം.
എന്നാൽ, മൂന്നുദിവസംകൊണ്ട് ഒരാൾ പൂർണമായും ‘നൈറ്റ് ഔൾ’ ജീവിതശൈലിയിൽ നിന്ന് ‘ഏർലി ബേർഡ്’ സ്വഭാവത്തിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാർഥ്യബോധമുള്ള സമീപനമല്ലെന്ന് മുംബൈയിലെ ഗ്ലീനീഗിൾസ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം ഡയറക്ടർ ഡോ. പങ്കജ് അഗർവാൾ പറയുന്നു. മൂന്നുദിവസം മാറ്റത്തിന്റെ തുടക്കമാകാമെങ്കിലും ശരീരത്തിന്റെ ആന്തരിക ഘടികാരം സ്ഥിരമായി പുതിയ സമയക്രമത്തിലേക്ക് പൊരുത്തപ്പെടാൻ സാധാരണയായി ഒരാഴ്ച മുതൽ രണ്ടാഴ്ചവരെ സമയം വേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഉറക്കശാസ്ത്രത്തിൽ ‘സൈറ്റ്ഗീബേഴ്സ്’ (Zeitgebers) എന്നറിയപ്പെടുന്ന സമയസൂചനകളാണ് ഇതിന് സഹായകമാകുന്നത്. രാവിലെ ലഭിക്കുന്ന സൂര്യപ്രകാശം ശരീരത്തിന് ദിവസം ആരംഭിച്ചതായി സൂചന നൽകുകയും മെലാട്ടോണിൻ ഹോർമോണിന്റെ സ്രവണം നിയന്ത്രിക്കുകയും ചെയ്യുന്നു. വ്യായാമം, ഭക്ഷണസമയം, സാമൂഹിക ഇടപെടലുകൾ എന്നിവയും ശരീരഘടികാരത്തെ പുതിയ സമയക്രമവുമായി ഒത്തുചേരാൻ സഹായിക്കുന്ന ഘടകങ്ങളാണ്. കഫെയിൻ ഉപയോഗത്തിലും ജാഗ്രത വേണമെന്ന് വിദഗ്ധർ പറയുന്നു. രാവിലെ എഴുന്നേറ്റ ഉടൻ കാപ്പി കുടിക്കുന്നതിനേക്കാൾ കുറച്ചുസമയം കാത്തിരുന്നശേഷം ഉപയോഗിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക ഉണർവ് പ്രക്രിയക്ക് കൂടുതൽ ഗുണകരമാണെന്നാണ് വിലയിരുത്തൽ. വൈകുന്നേരങ്ങളിലോ രാത്രിയിലോ കഫെയിൻ ഉപയോഗിക്കുന്നത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.
ഉറക്കസമയം നിർബന്ധിച്ച് നേരത്തേയാക്കുന്നതിനേക്കാൾ എഴുന്നേൽക്കുന്ന സമയം സ്ഥിരപ്പെടുത്തുകയാണ് കൂടുതൽ ഫലപ്രദമായ മാർഗമെന്ന് ഉറക്ക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായ ഉണർവുസമയം, രാവിലെ പ്രകാശസമ്പർക്കം എന്നിവയുടെ ഫലമായി ശരീരം ക്രമേണ നേരത്തേ ഉറങ്ങാൻ തയാറാകുമെന്നും അവർ പറയുന്നു. അതേസമയം, ഉറക്കക്കുറവ് അവഗണിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

