മദീന ബസ് ദുരന്തം: രക്ഷപ്പെട്ട മുഹമ്മദ് അബ്ദുൾ ശുഹൈബിനെ ഇന്ത്യൻ കോൺസുൽ ജനറൽ സന്ദർശിച്ചു
text_fieldsജിദ്ദ: മദീനക്ക് സമീപം ഇന്ത്യൻ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 45 പേർ മരിച്ച ദാരുണ സംഭവത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ഏക വ്യക്തിയെ ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി സന്ദർശിച്ചു. നിലവിൽ മദീനയിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് അബ്ദുൾ ശുഹൈബിനെയാണ് കോൺസൽ ജനറൽ സന്ദർശിച്ചത്.
ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ ശുഹൈബിന് സാധ്യമായ ഏറ്റവും മികച്ച ചികിത്സയാണ് ആശുപത്രി അധികൃതർ നൽകുന്നതെന്ന് സന്ദർശന ശേഷം കോൺസുൽ ജനറൽ അറിയിച്ചു. 'സാധ്യമായ ഏറ്റവും നല്ല വൈദ്യസഹായം അദ്ദേഹത്തിന് നൽകുന്നുണ്ടെന്ന് ബന്ധപ്പെട്ട ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു,' കോൺസുൽ ജനറൽ പ്രസ്താവനയിൽ പറഞ്ഞു.
നവംബർ ഒമ്പത് മുതൽ 23 വരെ നിശ്ചയിച്ചിരുന്ന ഉംറ തീർഥാടനത്തിന്റെ ഭാഗമായി ഹൈദരാബാദിൽ നിന്ന് നവംബർ ഒമ്പതിന് ജിദ്ദയിലേക്ക് പുറപ്പെട്ട 54 തീർഥാടക സംഘത്തിൽ നിന്നുള്ള 45 പേരാണ് ഞായറാഴ്ച്ച രാത്രി 11 മണിക്ക് നടന്ന ദാരുണമായ അപകടത്തിൽപ്പെട്ടത്. ഇവരിൽ നാല് പേർ കാറിൽ മദീനയിലേക്ക് പോവുകയും നാല് പേർ വ്യക്തിപരമായ കാരണങ്ങളാൽ മക്കയിൽ തങ്ങുകയും ചെയ്തിരുന്നു. ശേഷിച്ച 46 പേരാണ് അപകടത്തിൽപ്പെട്ട ബസ്സിൽ യാത്ര ചെയ്തിരുന്നത്. മക്കയിൽ നിന്ന് മദീനയിലേക്ക് യാത്ര ചെയ്യവെ മദീനയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ വെച്ച് ഇവരുടെ ബസ് ഓയിൽ ടാങ്കറുമായി കൂട്ടിയിടിച്ച് നിമിഷങ്ങൾക്കകം തീപിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട 46 യാത്രക്കാരിൽ 45 പേരും ബസ് പൂർണ്ണമായി കത്തിയതിനെ തുടർന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തീയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഏക വ്യക്തിയാണ് മുഹമ്മദ് അബ്ദുൾ ശുഹൈബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

