മദീന ബസ് ദുരന്തം: മരിച്ചത് 45 ഇന്ത്യൻ തീർത്ഥാടകർ; ഒരാൾ മാത്രം രക്ഷപ്പെട്ടു
text_fieldsമദീന ബസ് ദുരന്തത്തിൽ മരിച്ചവർ
മദീന: മദീനക്കടുത്ത് ഇന്ത്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയമർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 45 ആയി ഉയർന്നു. ഡ്രൈവറടക്കം 46 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നതെന്നും, ഒരാൾ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടതായും ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി സജ്ജനാർ സ്ഥിരീകരിച്ചു. ബസിലുണ്ടായിരുന്ന 45 പേരുടെ പേരുകൾ തെലുങ്കാന സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.
തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുള്ള തീർത്ഥാടകരാണ് ദുരന്തത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും. മക്കയിൽ ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. മദീനയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ മുഫ്‌രിഹത്ത് എന്ന സ്ഥലത്തുവെച്ച് ഞായറാഴ്ച രാത്രി 11 മണിക്കാണ് (ഇന്ത്യൻ സമയം പുലർച്ചെ 1.30) ബസ് എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചത്. അപകടത്തിൽ ഹൈദരാബാദ് സ്വദേശിയായ 24 കാരൻ മുഹമ്മദ് അബ്ദുൽ ശുഐബ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം സൗദി ജർമ്മൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
നവംബർ ഒമ്പതിന് ഹൈദരാബാദിൽ നിന്ന് യാത്ര തിരിച്ച 54 അംഗ സംഘത്തിൽ 46 പേരാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ കുറഞ്ഞത് 16 പേരെങ്കിലും ഹൈദരാബാദിലെ മല്ലേപ്പള്ളിയിലെ ബസാർഘട്ട് പ്രദേശത്ത് നിന്നുള്ളവരാണെന്ന് തെലുങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധർ ബാബു അറിയിച്ചു.
ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സൗദി അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

