മദീന ബസ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ധനസഹായം നൽകുമെന്ന് തെലങ്കാന സർക്കാർ
text_fieldsപ്രതീകാത്മക ചിത്രം
ജിദ്ദ/ഹൈദരാബാദ്: മദീനക്കടുത്ത് ഉംറ തീർഥാടകർ സഞ്ചരിച്ച ബസപകടത്തിൽ പെട്ട് മരിച്ച ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നൽകാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. തിങ്കളാഴ്ച സെക്രട്ടേറിയറ്റിൽ ചേർന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗർ, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. ദുരന്തത്തിൽ ഹൈദരാബാദിലെ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്. ഇത് നാടിനെ കണ്ണീരിലാഴ്ത്തി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിൽ സർക്കാർ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തിൽ എം.എൽ.എമാരും, ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥനും ഉൾപ്പെടും. കൂടാതെ, മരിച്ച ഓരോ തീർഥാടകരുടെയും കുടുംബത്തിൽ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സർക്കാറിന്റെ ചെലവിൽ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ സൗദിയിൽ വെച്ച് തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും ഉറപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സൗദി അധികൃതരുമായും റിയാദിലെ ഇന്ത്യൻ എംബസിയുമായും ജിദ്ദയിലെ കോൺസുലേറ്റുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

