മദീന ബസപകടം: ഹൈദരാബാദിലെ സയ്യിദ് റാഷിദിന് നഷ്ടപ്പെട്ടത് കുടുംബത്തിലെ 18 പേരെ
text_fieldsസയ്യിദ് റാഷിദിന്റെ കുടുംബം ഉംറക്ക് പുറപ്പെടുന്നതിനായി ഹൈദരാബാദ് വിമാനത്താവളത്തിൽ
മദീന: മദീനക്കടുത്ത് ഇന്ത്യൻ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയമർന്ന ദാരുണമായ അപകടത്തിൽ ഹൈദരാബാദിലെ സയ്യിദ് റാഷിദിന് തന്റെ കുടുംബത്തിലെ 18 അംഗങ്ങളെയാണ് നഷ്ടപ്പെട്ടത്. നവംബർ ഒമ്പതിന് ഉംറ തീർഥാടനത്തിനായി ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ച് തന്റെ കുടുംബാംഗങ്ങൾക്ക് വിട നൽകിയ സയ്യിദ് റാഷിദ്, ആ നിമിഷങ്ങൾ തങ്ങളുടെ അവസാനത്തെ ഓർമകളായിരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. വിദ്യാനഗറിലെ സി.പി.എം മാർക്‌സ് ഭവന് സമീപം താമസിക്കുന്ന വിരമിച്ച റെയിൽവേ ജീവനക്കാരനാണ് റാഷിദ്.
മരിച്ചവരിൽ 65 വയസ്സുള്ള ശൈഖ് നസീറുദ്ദീൻ, 60 വയസ്സുള്ള അഖ്തർ ബീഗം, നസീറുദ്ദീന്റെ 38 വയസ്സുള്ള സഹോദരൻ, 35 വയസ്സുള്ള സഹോദര ഭാര്യ, അവരുടെ മൂന്ന് മക്കൾ, അമേരിക്കയിൽ താമസിച്ചിരുന്ന സിറാജുദ്ദീൻ, അദ്ദേഹത്തിന്റെ 40 വയസ്സുള്ള ഭാര്യ സന, അവരുടെ മൂന്ന് മക്കൾ, അമീന ബീഗം, മകൾ ഷമീന ബീഗം, മകൻ, റിസ്വാന ബീഗം, അവരുടെ രണ്ട് മക്കൾ എന്നിവരെല്ലാം ഉൾപ്പെടുന്നു.
അപകടത്തിൽപെട്ട 45 പേരിൽ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരിൽ അധികപേരും ആസിഫ് നഗർ, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി എന്നിവിടങ്ങളിലെ താമസക്കാരാണ്. അപകടത്തിൽ രക്ഷപ്പെട്ട 24-കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ്, ആസിഫ് നഗർ സ്വദേശിയാണ്. മദീനയിലെ ജർമൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം.
ദുരന്തം ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തുകയും ജീവിതം എത്ര പെട്ടെന്ന് മാറിമറിയാമെന്നതിന്റെ വേദനിപ്പിക്കുന്ന ഓർമപ്പെടുത്തലായി മാറുകയും ചെയ്തു. ദാരുണമായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മരിച്ചവരുടെ ബന്ധുക്കൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

