You are here

കോവിഡാനന്തര കാലത്തിനായി യുവാക്കൾ സ്വയം നവീകരിക്കണം – ടി. ആരിഫലി

07:46 AM
23/05/2020
യൂത്ത് ഫോറം ഖത്തർ ഫേസ്​ബുക്ക്​ ലൈവിലൂടെ സംഘടിപ്പിച്ച ദോഹ റമദാൻ മീറ്റിൽ ഹ്യൂമൺ വെൽഫെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി.ആരിഫലി മുഖ്യപ്രഭാഷണം നടത്തുന്നു
ദോഹ: കോവിഡാനന്തര കാലത്തിനുവേണ്ടി ലോകത്തെ ഭരണകൂടങ്ങളും സർക്കാർ സ്വകാര്യ സംരംഭങ്ങളും തയ്യാറെടുക്കുകയാണെന്നും യുവജനങ്ങൾ ഈ തയ്യാറെടുപ്പുകളുടെ ഭാഗമായി സ്വയം നവീകരണത്തിന് സന്നദ്ധമാകണമെന്നും ഹ്യൂമൺ വെൽഫെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി.ആരിഫലി പറഞ്ഞു. 
ദോഹ അന്താരാഷ്​ട്ര മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സി.ഐ. ഡി) യുമായി സഹകരിച്ച് യൂത്ത് ഫോറം ഖത്തർ ഫേസ്​ബുക്ക്​ ലൈവിലൂടെ സംഘടിപ്പിച്ച എട്ടാമത് ദോഹ റമദാൻ മീറ്റിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യുവ സമൂഹം ധീരന്മാരുടേതാണ്. ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയിൽ തളർന്നുപോകുന്നതിലല്ല മറിച്ച് പുതിയ കാലത്തിനു വേണ്ടി തയ്യാറെടുക്കുന്നതിലാണ് യുവാക്കളുടെ ധീരത കുടികൊള്ളുന്നത്. കോവിഡാനന്തര കാലത്ത് ഉയർത്തെഴുന്നേറ്റു നിൽക്കാൻ ആവശ്യമായ ഗൃഹപാഠം ചെയ്യാനുള്ള സമയമാണ് ഇത്​. പ്രതീക്ഷയോടെ ഈ പ്രതിസന്ധിയുടെ കാലഘട്ടത്തെ മറികടക്കാൻ യുവസമൂഹത്തിന്​ സാധിക്കേണ്ടതുണ്ട്​.
‘സാമൂഹിക അകലം’ എന്ന പദപ്രയോഗം മനുഷ്യ സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്​ടിക്കുന്നുണ്ട്​. ഇതിനാലാണ് ലോകാരോഗ്യസംഘടന ശാരീരിക അകലം എന്ന പ്രയോഗത്തിലേക്ക് മാറിയത്. ഈ അവസരത്തിൽ ‘സാമൂഹിക അകലമല്ല, ശാരീരിക അകലമാണ്’ എന്ന യൂത്ത് ഫോറത്തിൻെറ പ്രമേയം വളരെ പ്രസക്തമാണ്. 
ശാരീരിക അകലം പാലിച്ചുകൊണ്ട് തന്നെ സാമൂഹിക പ്രതിബദ്ധതയുള്ളവരാകാൻ യുവാക്കളെ ആഹ്വാനം ചെയ്യുന്നതാണ് ഈ പ്രമേയമെന്നും അദ്ദേഹം പറഞ്ഞു. 
‘സാമൂഹിക അകലമല്ല, ശാരീരിക അകലം’ പ്രമേയത്തിൽ യൂത്ത് ഫോറം ഖത്തർ ഫേസ്ബുക് പേജിലൂടെ ഓൺലൈനായി നടന്ന എട്ടാമത് ദോഹ റമദാൻ മീറ്റ് ദോഹ അന്താരാഷ്​ട്ര മതാന്തര സംവാദ വേദി (ഡി. ഐ. സി. ഐ. ഡി) ചെയർമാൻ ഡോക്ടർ ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി ഉദ്ഘാടനം ചെയ്തു. 
കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാദർ ഡേവിസ് ചിറമ്മൽ മുഖ്യാതിഥി ആയിരുന്നു. 
കൊറോണ മനുഷ്യനെ കൂടുതൽ ഒന്നിപ്പിച്ചു എന്നും കൊറോണ കാലഘട്ടത്തിലെ മനുഷ്യന് മാനസിക ആരോഗ്യത്തിൻെറ പ്രാധാന്യം മനസ്സിലായിരിക്കുന്നു എന്നും ഫാദർ ഡേവിസ് ചിറമ്മൽ പറഞ്ഞു. സി. ഐ. സി. ഖത്തർ പ്രസിഡൻറ്​ കെ ടി അബ്​ദുറഹ്മാൻ ആശംസ അർപ്പിച്ചു. 
യൂത്ത് ഫോറം ഖത്തർ പ്രസിഡൻറ്​ എസ്. എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ ഉസ്മാൻ പുലാപറ്റ സമാപനം നിർവഹിച്ചു.
Loading...
COMMENTS