Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുർഗാദേവിയുടെ വിവാദ ചിത്രം: സർക്കാർ പരസ്യത്തിൽ മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

text_fields
bookmark_border
https://www.madhyamam.com/tags/suvendu-adhikari
cancel
camera_alt

കൊൽക്കത്തയിൽ ദുർഗാ പൂജാ കമ്മിറ്റികളുമായി നടത്തിയ ഏകോപന യോഗത്തിൽ നിന്ന് 

കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ നൽകിയ പരസ്യത്തിൽ നൽകിയ ദുർഗാദേവിയുടെ ചിത്രം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി മാപ്പ് പറഞ്ഞു. പരമ്പരാഗതമായ പത്തു കൈകൾക്ക് പകരം 11 കൈകളുള്ള ദുർഗാദേവിയുടെ ചിത്രമാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് വിരാമമിടാനാണ് അദ്ദേഹം മാപ്പ് ചോദിച്ചത്.

കൊൽക്കത്തയിലെ മിലാൻ മേള പ്രാംഗണത്തിൽ ദുർഗാ പൂജാ കമ്മിറ്റികളുമായി നടത്തിയ ഏകോപന യോഗത്തിൽ സംസാരിക്കവെ, പരസ്യം തയാറാക്കിയ ഏജൻസിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സുവേന്ദു കൂട്ടിച്ചേർത്തു.

‘ഒന്നാമതായി, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ ഞാൻ മാപ്പ് ചോദിക്കുന്നു. ഇന്ന് രാവിലെ ഒരു തെറ്റായ പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. തെറ്റായ പരസ്യം നൽകിയവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധിക്കും’ -അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സി.പി.എം നേതാവ് ശതാരുപ് ഘോറാണ് ഈ വിഷയം ആദ്യം ഉന്നയിച്ചത്. ‘അസുരനെ വധിക്കാൻ ദൈവങ്ങൾ ദുർഗ്ഗക്ക് പത്ത് കൈകളും ആയുധങ്ങളും നൽകി. എന്നാൽ, ബി.ജെ.പി സർക്കാർ ഒരു കൈ കൂടി അധികമായി നൽകിയിരിക്കുന്നു’ -എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തൃണമൂൽ കോൺഗ്രസും സംസ്ഥാന സർക്കാറിനെതിരെ പരിഹാസവുമായി രംഗത്തെത്തി. ‘ബഹുമാന്യനായ മുഖ്യമന്ത്രിയേ, സർക്കാർ പരസ്യത്തിൽ പരമ്പരാഗതമായി 'ദശഭുജ' (പത്ത് കൈകളുള്ളവൾ) ആയി ചിത്രീകരിക്കപ്പെടുന്ന മാ ദുർഗ ’ഏകാദശഭുജ’ (പതിനൊന്ന് കൈകളുള്ളവൾ) ആയി മാറിയിരിക്കുന്നു. ശാസ്ത്രപ്രകാരം ഇതിൽ ഒരു കൈ എടുത്തുമാറ്റേണ്ടതുണ്ട്’ -തൃണമൂൽ എം.എൽ.എ കുനാൽ ഘോഷ് പറഞ്ഞു.

എന്നാൽ, ഇത് തിരുത്താവുന്നതേയുള്ളൂവെന്നും വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നുമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ പ്രതികരിച്ചത്. അതേസമയം, കൊൽക്കത്തയിലെ റെഡ് റോഡിൽ തൃണമൂൽ കോൺഗ്രസ് ഭരണകാലത്ത് നടത്തിയിരുന്ന ദുർഗാ പൂജാ കാർണിവൽ ഈ വർഷം ഉണ്ടാകില്ലെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി. പകരം, ഉത്സവ സീസണിന്റെ തുടക്കം കുറിക്കുന്നതിനായി സംസ്ഥാന ടൂറിസം, ഇൻഫർമേഷൻ ആൻഡ് കൾചറൽ അഫയേഴ്സ് വകുപ്പുകൾ ചേർന്ന് ഈഡൻ ഗാർഡൻസിൽ ഒരു വലിയ പരിപാടി സംഘടിപ്പിക്കും.

മുൻ തൃണമൂൽ കോൺഗ്രസ് ഭരണകാലത്തുനിന്ന് വ്യത്യസ്തമായി, ദുർഗാ പൂജ നടത്തുന്നതിന് സംഘാടകർ കോടതികളെ സമീപിക്കേണ്ടി വരില്ലെന്ന് വ്യക്തമാക്കിയ സുവേന്ദു, ബംഗാളി പാരമ്പര്യത്തിനും സംസ്കാരത്തിനും അനുസൃതമായി ഉത്സവം ആഘോഷിക്കാൻ തന്റെ സർക്കാർ ഉറപ്പാക്കുമെന്നും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story