‘തട്ടിപ്പിന് തെളിവില്ലാത്തിടത്തോളം ആനുകൂല്യങ്ങൾക്ക് അർഹർ’; രേഖകളില്ലാതെ പട്ടിക വിഭാഗത്തിന് ആനുകൂല്യം നിഷേധിക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: ജാതി തെളിയിക്കാൻ സാധിച്ചില്ലെന്ന കാരണത്താൽ പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് ഭരണഘടനാപരമായ ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. സർട്ടിഫിക്കറ്റിലും മറ്റും തട്ടിപ്പ് നടന്നതായി സർക്കാരിന്റെ പക്കൽ തെളിവുകൾ ഇല്ലാത്തിടത്തോളം ആനുകൂല്യങ്ങൾക്ക് അവർ അർഹരാണെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സമുദായ സർട്ടിഫിക്കറ്റ് നൽകൽ നിയന്ത്രണ നിയമപ്രകാരം ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കുമ്പോൾ, മറ്റ് പൗരന്മാരിൽ നിന്നെന്ന പോലെയുള്ള തെളിവുകൾ ഹാജരാക്കാൻ പട്ടിക വിഭാഗക്കാരോട് നിർബന്ധം പിടിക്കരുതെന്നും കോടതി നിർദേശിച്ചു. പട്ടിക വർഗ ആനുകൂല്യങ്ങൾക്കായി വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാരോപിച്ച് തൃശൂർ സ്വദേശി വി. ബാലനെ സർവിസിൽനിന്ന് നീക്കിയ നടപടി റദ്ദാക്കിയ ഉത്തരവിലാണ് നിരീക്ഷണം.
‘മലൈ പണ്ടാരം’ സമുദായത്തിൽപ്പെട്ടയാളാണെന്ന് അവകാശപ്പെട്ട് 1980ൽ പോസ്റ്റ്മാനായി ജോലിയിൽ പ്രവേശിച്ച ഹരജിക്കാരൻ, 2015ൽ വിരമിക്കുന്നതുവരെ സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെ ജാതി പദവി സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ നടപടി. ഹരജിക്കാരൻ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ‘പണ്ടാരം (വീരശൈവ)’ സമുദായക്കാരനാണെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് ഇദ്ദേഹത്തെ സർവിസിൽനിന്ന് നീക്കാനും ആനുകൂല്യങ്ങൾ തിരിച്ചെടുക്കാനും സർക്കാർ ഉത്തരവിട്ടിരുന്നു. ഈ നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ ബാലൻ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ഹരജിക്കാരൻ നൽകിയ വിശദമായ ആക്ഷേപങ്ങൾ പരിശോധിക്കാതെയാണ് സ്ക്രൂട്ടിനി കമ്മിറ്റിയും സർക്കാറും തീരുമാനമെടുത്തതെന്നും സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനാപരമായ ആനുകൂല്യങ്ങൾ നിഷേധിക്കുമ്പോൾ അധികൃതർ ഉദാരമായ സമീപനം സ്വീകരിക്കണമെന്നും കോടതി ഓർമിപ്പിച്ചു. ഹരജിക്കാരന്റെ പരാതി പരിഗണിച്ച് ആറുമാസത്തിനകം പുതിയ തീരുമാനമെടുക്കാൻ സ്ക്രൂട്ടിനി കമ്മിറ്റിക്ക് കോടതി നിർദേശം നൽകിയ കോടതി അതുവരെ ബാലന്റെ താൽക്കാലിക പെൻഷൻ തുടരാമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

