You are here

ഇനി ചെറിയ പെരുന്നാൾ സന്തോഷം

  • ഇമാം മുഹമ്മദ് ബിൻ  അബ്​ദിൽ വഹാബ് പള്ളിയിൽ മാത്രം 40 പേരുടെ പെരുന്നാൾ നമസ്​കാരം

07:31 AM
23/05/2020
ഈദുൽ ഫിത്വ്​ർ ഞായറാഴ്​ചയായിരിക്കുമെന്ന്​ മാസപ്പിറവി നിർണയ സമിതി ചെയർമാൻ ശൈഖ് ഡോ. ഥഖീൽ അൽ ശമ്മാരി പ്രഖ്യാപിക്കുന്നു
ദോഹ: റമദാൻ 30ഉം പൂർത്തിയാക്കിയ സന്തോഷത്തിൽ ഇനി രാജ്യം ചെറിയ പെരുന്നാൾ ആഘോഷത്തിലേക്ക്​. ഖത്തറിൽ ഈദുൽ ഫിത്വ്​ർ  ഞായറാഴ്​ച.  റമദാൻ 29ന് ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി മെയ് 24 ഞായറാഴ്ച ഈദുൽ ഫിത്വ്​ർ ആയിരിക്കുമെന്ന് ഔഖാഫ് ഇസ്​ലാമികകാര്യ മന്ത്രാലയമാണ്​ പ്രഖ്യാപിച്ചത്​.
മന്ത്രാലയത്തിന് കീഴിലെ മാസപ്പിറവി നിർണയ സമിതി ചെയർമാൻ ശൈഖ് ഡോ. ഥഖീൽ അൽ ശമ്മാരിയാണ് ദഫ്നയിലെ മന്ത്രാലയ ആസ്​ഥാനത്ത് നടന്ന യോഗത്തിന് ശേഷം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഈദ് ദിവസങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി എല്ലാവരും വീടുകളിൽ തന്നെ കഴിയണം. അതേസമയം മലയാളികൂട്ടായ്​മകളടക്കമുള്ളവർ ഓൺലൈനിലൂടെ പെരുന്നാൾ സംഗമവും പരിപാടികളും നടത്തുന്നുണ്ട്​. പരമ്പരാഗതമായി കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കൂടിച്ചേരാനും ആഘോഷിക്കാനുമുള്ള സന്ദർഭമാണ് ഈദ് ദിനങ്ങൾ. അനിവാര്യ സാഹചര്യങ്ങളില്ലാതെ പുറത്തിറങ്ങുക, അതോടൊപ്പം സാമൂഹിക അകലം പാലിക്കാനും മറ്റു മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ശ്രദ്ധിക്കണമെന്നും ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹ അധ്യക്ഷൻ ഡോ. അബ്​ദുല്ലതീഫ് അൽ ഖാൽ അറിയിച്ചിരുന്നു. 
ഇമാം മുഹമ്മദ് ബിൻ അബ്​ദിൽ വഹാബ് പള്ളിയിൽ മാത്രം ഇത്തവണ 40 പേർ പങ്കെടുക്കുന്ന ഈദുൽ ഫിത്വ്​ർ പ്രാർഥന നടക്കും. രാജ്യത്തെ പള്ളികളിലെ ജുമുഅ, അഞ്ച് നേരത്തെ ജമാഅത്ത് നമസ്​കാരങ്ങൾ എന്നിവ റദ്ദാക്കിയത് തുടരും. സ്​ഥിതിഗതികൾ ശാന്തമാകുന്നത് വരെയും ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്നത് വരെയും ഇത് തുടരുമെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു. ചെറിയ പെരുന്നാൾ നമസ്​കാരങ്ങൾക്കും ഈ നിർദേശം ബാധകമാണ്​. ഇമാം മുഹമ്മദ് ബിൻ അബ്​ദിൽ വഹാബ് പള്ളിയിലെ ജുമുഅ, പെരുന്നാൾ നമസ്​കാരങ്ങൾ ഔദ്യോഗിക ടെലിവിഷൻ ചാനൽ, റേഡിയോ എന്നിവ വഴി പൊതുജനങ്ങളിലേക്ക് എത്തിക്കും. 
പകർച്ചവ്യാധി നിയന്ത്രണ വിധേയമാകുന്നതോടെ പള്ളികൾ പ്രാർഥനക്കായി വിശ്വാസികൾക്ക് തുറന്നുകൊടുക്കും.
 
Loading...
COMMENTS