ബി.ജെ.പി നേതൃത്വത്തിൽ ആർ.എസ്.എസിന് അമർഷം; സ്വാധീനം നിലനിർത്താൻ രാജീവ് ചന്ദ്രശേഖറും
text_fieldsരാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കാര്യമായ കൂടിയാലോചനകൾ നടത്താത്ത ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിൽ ആർ.എസ്.എസിന് അതൃപ്തി. എന്നാൽ, പാർട്ടിയിൽ സ്വാധീനം നിലനിർത്താനുള്ള നീക്കവുമായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും. നിയമസഭ തെരഞ്ഞെടുപ്പിലെ മൂന്ന് സീറ്റ് വിജയത്തിന് ശേഷം പാർട്ടിയിൽ ശക്തമായ സ്വാധീനം ചെലുത്താനും എതിർശബ്ദങ്ങൾക്ക് ഒരു പരിധി വരെ തടയിടാനും രാജീവിന് കഴിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭ കക്ഷി നേതാവ് വിഷയത്തിൽ പോലും തീരുമാനമുണ്ടായത്.
എന്നാൽ, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിന്റെ പേരിൽ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പിയിലുണ്ടായി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിനെ ലക്ഷ്യംവെച്ചായിരുന്നു നീക്കം. എന്നാൽ, അതിനെയും അതിജീവിച്ച് സുരേഷിന് കൂടുതൽ ചുമതലകൾ നൽകി പാർട്ടിയിലെ സ്വാധീനം നിലനിർത്തുകയാണ് രാജീവ് ചന്ദ്രശേഖർ.
കഴിഞ്ഞദിവസം ചുമതലകൾ വീതംവെച്ചപ്പോഴും തനിക്കൊപ്പം നിൽക്കുന്നവർക്ക് സുരക്ഷിത സ്ഥാനങ്ങൾ നൽകാൻ സംസ്ഥാന അധ്യക്ഷൻ പ്രത്യേകം ശ്രദ്ധിച്ചെന്നും വ്യക്തം. സ്വന്തം നിലക്ക് പാർട്ടി പുനഃസംഘടന നടത്താനുള്ള ശ്രമവും സംസ്ഥാന നേതൃത്വം നടത്തിയിരുന്നു. എന്നാൽ, അതിന് വെട്ടുവീണെന്ന നിലയിലാണ് കാര്യങ്ങൾ.
നാലു ജനറൽ സെക്രട്ടറിമാർക്കും മേഖലകളുടെ ഉൾപ്പെടെ ചുമതല നൽകിയതോടെ അവരുടെ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തം. അതിനൊപ്പം കൂടുതൽ വിവാദങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ എതിർചേരികളിൽനിന്നുള്ളവർക്കും പ്രാതിനിധ്യം നൽകാൻ രാജീവ് ചന്ദ്രശേഖർ മറന്നില്ല. ഫലത്തിൽ പാർട്ടിയിലെ തന്റെ സ്വാധീനം വർധിപ്പിക്കാൻ പ്രസിഡന്റിന് സാധിച്ചിട്ടുണ്ട്. തനിക്കെതിരെ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ പരാതി ഉന്നയിച്ചവരുടെ ഭാഗത്തുള്ള ചിലർക്ക് സ്ഥാനങ്ങൾ നൽകി പ്രശ്നം പരിഹരിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ജില്ല പ്രസിഡന്റ് സ്ഥാനങ്ങളിലുള്ളവരെയും കൂട്ടത്തോടെ ഒഴിവാക്കില്ല.
അതേസമയം, രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായി വന്നശേഷം കാര്യമായ കൂടിയാലോചനകൾ നടത്താത്തതിൽ ആർ.എസ്.എസിന് അതൃപ്തിയുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ പരിപാടികളും കോർകമ്മിറ്റി യോഗവുമെല്ലാം വെച്ചതിൽ ആർ.എസ്.എസിന് അതൃപ്തിയുണ്ട്. ദേശീയ അധ്യക്ഷന്റെ കേരളത്തിലെ പരിപാടികൾ റദ്ദാക്കിയെങ്കിലും ഇതിലെ അതൃപ്തി ഇപ്പോഴും ബി.ജെ.പിയിലും ആർ.എസ്.എസിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

