You are here

നിയമപോരാട്ടത്തിലൂടെ ആനുകൂല്യം ​േനടി തൊഴിലാളികൾ മടങ്ങി

09:25 AM
08/11/2018
നാട്ടിലേക്ക് തിരിക്കുന്ന തൊഴിലാളികൾക്കുളള ഉപഹാരം കൾച്ചറൽ ഫോറം പ്രവർത്തകർ കൈമാറുന്നു
ദോഹ: നിർമാണ കമ്പനിയിൽ ജോലി നഷ്​ടപ്പെട്ട്​ ഒരു വർഷത്തിൽ അധികം പ്രയാസത്തിൽ കഴിഞ്ഞ തൊഴിലാളികൾ നാട്ടിലേക്ക്​ മടങ്ങി. കമ്പനി ആദ്യം നിഷേധിച്ച ആനുകൂല്യങ്ങൾ നിയമപോരാട്ടത്തിലൂടെ നേടിയെടുത്ത ശേഷമാണ്​ മലയാളികൾ അടക്കം മടങ്ങിയത്​. വർഷങ്ങളായി ജോലി ചെയ്തിരുന്ന കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചു. ആനുകൂല്യങ്ങൾ നൽകാതെ തൊഴിലാളികളോട്​ നാട്ടിൽ പോകാനും ആവശ്യപ്പെട്ടു. ആനുകൂല്യം നൽകായെ പോകില്ലെന്ന്​ തൊഴിലാളികൾ അറിയിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. 
തുടർന്ന് ഭക്ഷണം, വെളളം ഉൾപ്പെടെ ലഭിക്കാതായതോടെ പ്രയാസത്തിലായ തൊഴിലാളികൾക്ക് കൾച്ചറൽ ഫോറവും ഇന്ത്യൻ എംബസിക്ക് കീഴിലെ ഐ.സി.ബി.എഫും തുണയാകുകയായിരുന്നു. കൾച്ചറൽ ഫോറം പ്രവർത്തകർ ഭക്ഷ്യ വസ്​തുക്കളും, വെളളം ഉൾപ്പെടെ സൗകര്യങ്ങളും ഒരുക്കി. ഐ.സി.ബി.എഫ്​, ജീവകാരുണ്യ സംഘടനകൾ, വ്യക്​തികൾ എന്നിവരിൽ നിന്ന്​ വസ്​തുക്കൾ ശേഖരിച്ചാണ് ഒരു വർഷത്തിലധികമായി സൗകര്യങ്ങൾ ഒരുക്കിയത്. നാട്ടിലെ കുട്ടികളുടെ പഠനകാര്യങ്ങളിലും പിന്തുണ നൽകിയിരുന്നു. 
കോടതിയെ സമീപിച്ച്​ നിയമപ്രകാരമുള്ള മുഴുവൻ ആനുകൂല്യങ്ങളും നേടിയെടുത്താണ്​ 13 മലയാളികളുൾപ്പെടെ തൊഴിലാളികൾ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്.  ഒരു വർഷത്തിലധികം കാത്തിരിക്കേണ്ടി വന്നെങ്കിലും അധികൃതരുടെയും കോടതിയുടെയും ഭാഗത്ത് നിന്നുണ്ടായ ഇടപെടൽ തുണയായതായി തൊഴിലാളികൾ പറഞ്ഞു. 
സഹായങ്ങളും പിന്തുണയും നൽകിയ കൾച്ചറൽ ഫോറം, ഐ.സി.ബി.എഫ് മറ്റ് വ്യക്തികൾ എന്നിവരോട് നന്ദി അറിയിക്കുന്നതായും തൊഴിലാളികൾ പറഞ്ഞു. കൾച്ചറൽ ഫോറം സംസ്​ഥാന സമിതി അംഗം കെ.വി. നിസാർ, കൾച്ചറൽ ഫോറം ജനസേവന വിഭാഗം പ്രവർത്തകരായ സിദ്ദീഖ്, അസ്​ഹർ അലി,  സൈനുദ്ദീൻ നാദാപുരം, ഫാസിൽ കണ്ണൂർ, ഹാഷിം ആലപ്പുഴ തുടങ്ങിയവർ ചേർന്ന് ഹമദ് വിമാനത്താവളത്തിൽ യാത്രയാക്കി. കൾച്ചറൽ ഫോറം വക ഉപഹാരം കൈമാറി. തൊഴിൽ പ്രശ്​നങ്ങളിൽ നിയമപരമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്ന് കൾച്ചറൽ ഫോറം ജനസേവന വിഭാഗം കൺവീനർ മുഹമ്മദ് കുഞ്ഞി പറഞ്ഞു. 
Loading...
COMMENTS