Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നമ്മൾ നല്ലതേ കക്കൂ, കെഎംസിസിയുടെ 25 കോടി നിനക്ക് എടുത്തുതന്നെങ്കിൽ ഞാൻ ചില്ലറക്കാരനല്ല, എന്റെ ഹഖ് തരണം’ -ഖത്തർ കെഎംസിസി കവർച്ചയിൽ ബോംബെ ഷാജിയു​ടെ ഭീഷണി ശബ്ദരേഖ

text_fields
bookmark_border
‘നമ്മൾ നല്ലതേ കക്കൂ, കെഎംസിസിയുടെ 25 കോടി നിനക്ക് എടുത്തുതന്നെങ്കിൽ ഞാൻ ചില്ലറക്കാരനല്ല, എന്റെ ഹഖ് തരണം’ -ഖത്തർ കെഎംസിസി കവർച്ചയിൽ ബോംബെ ഷാജിയു​ടെ ഭീഷണി ശബ്ദരേഖ
cancel
camera_alt

ഖമറു പയ്യോളി, ബോംബെ ഷാജി

കോഴിക്കോട്: ഖത്തർ കെ.എം.സി.സി ഓഫിസിൽ നടന്ന കോടികളുടെ കവർച്ചാ കേസിൽ പ്രധാന പ്രതികളിൽ ഒരാളായ ബോംബെ ഷാജി, മോഷണത്തിന് നിർദേശം നൽകിയ ഖമറു പയ്യോളി എന്നയാളെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നു. കവർച്ച ചെയ്ത തുകയിൽ തനിക്കുള്ള പങ്ക് ഉടൻ നൽകണമെന്നും, അല്ലാത്തപക്ഷം ഇരു കുടുംബങ്ങളെയും ബാധിക്കുന്ന രീതിയിൽ കാര്യങ്ങൾ എത്തുമെന്നുമാണ് ഭീഷണി.

അറബിയുടെ വീട്ടിൽ ജോലിക്കെന്ന് പറഞ്ഞാണ് ബി.ജെ.പി പ്രാദേശിക നേതാവും നാലാം പ്രതിയുമായ പരപ്പിൽ ബാലകൃഷ്ണനെ വിദേശത്തേക്ക് കൊണ്ടുപോയതെന്നും, ഭീഷണിപ്പെടുത്തിയാണ് കെ.എം.സി.സി ഓഫിസിലെ കവർച്ചയിൽ പങ്കാളിയാക്കിയതെന്നും നേരത്തെ കീഴടങ്ങിയ ബാലകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. കവർച്ചയ്ക്ക് പിന്നിൽ സംഘടനയിലെ അംഗങ്ങൾ തന്നെയാണെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ കേസിൽ ഒന്നാം പ്രതിയായ ബോംബെ ഷാജി കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.

ബോംബെ ഷാജിയുടെ ഫോൺ സംഭാഷണത്തിൽനിന്ന്:

‘ഞാനും ബാലേട്ടനും കൂടി അത്രയും കഷ്ടപ്പെട്ടാണ് നിങ്ങൾക്ക് നിങ്ങളുടെ വണ്ടിയിൽ സാധനം കൊണ്ടുവച്ചു തന്നത്. എനിക്ക് എന്റെ പൈസ കിട്ടണം. ഇതുവരെ കിട്ടിയിട്ടില്ല. ഇത്രയും ദിവസം എന്നോട് പറഞ്ഞത് ഇന്ന് കിട്ടും നാളെ കിട്ടും അടുത്ത ആഴ്ച കിട്ടും എന്നാണ്. അങ്ങനെ മാസങ്ങളായി ആഴ്ചകളായി ഇപ്പോൾ സിൽവർ ജൂബിലി ആഘോഷിക്കാനായി.

എന്താണ് നിങ്ങളുടെ കോലം? ഇക്കാക്ക് ഇത് തരാൻ താല്പര്യം ഉണ്ടോ? ഇക്ക തരില്ലെങ്കിൽ ഇക്ക തരൂല്ല എന്ന് പറഞ്ഞാൽ എനിക്ക് എന്റെ വഴിക്ക് പോകാം. ഈ വിവരം ഞാൻ പല പ്രാവശ്യം ബാവനോട് പറഞ്ഞതാ. അപ്പോൾ ബാവ പറഞ്ഞത് നിങ്ങൾക്ക് കിട്ടും, പ്രശ്നത്തിനൊന്നും പോകണ്ട, ഖമറുക്ക അങ്ങനത്തെ ആളല്ല, ഖമറുക്ക നല്ല മനുഷ്യനാണ്, ഖമറുക്കെ സത്യസന്ധനാണ്, ഖമറുക്ക നമുക്ക് എങ്ങനായാലും പൈസ തരും, പ്രധാന റസാക്കും നല്ല ടീമാണ് എന്നൊക്കെ പറഞ്ഞിട്ടാണ് നമ്മളെ വിശ്വസിപ്പിച്ചത്.

ഇത് കെഎംസിസിന്റെ പൈസ ആണെന്ന് നമ്മൾ അറിയില്ലായിരുന്നു. അങ്ങനെയാണെങ്കിൽ നമ്മൾ അന്നേ നിൽക്കൂല. നിങ്ങൾക്ക് പിന്നെ കെഎംസിസിന്റെ ഒന്നും പ്രശ്നമായിരിക്കില്ല. നമ്മൾ കക്കലുണ്ട്, കക്കാൻ പോകും, നല്ലതേ കക്കൂ. ഇതിപ്പോ നമ്മൾ എടുത്തു തന്നിട്ട് നാട്ടിൽ എനിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. എന്റെ വീടും മക്കളെയും ഭാര്യനെയും ബാപ്പാനെയും നാട്ടുകാരെയും കുടുംബക്കാരെയും ഒക്കെ വിഷമിപ്പിച്ചിട്ടാണ് ഞാൻ നിന്നത്. ഈ നാട്ടിൽ എനിക്ക് നല്ലൊരു പേരാ നിങ്ങൾ തന്നത്. ആ പേരൊക്കെ എനിക്ക് പ്രശ്നമല്ല. അതൊക്കെ പൈസ കിട്ടുന്നത് കൊണ്ട് ഞാൻ അതൊക്കെ സഹിച്ചു. അതുകൊണ്ട് എനിക്ക് എന്റെ പൈസ കിട്ടണം.

നിങ്ങൾ പത്താം തീയതി, അഞ്ചാം തീയതി എന്ന് പറഞ്ഞത് എല്ലാം കഴിഞ്ഞു. ഇന്ന് ഞായറാഴ്ച, ഈ വരുന്ന വെള്ളിയാഴ്ചക്കുള്ളിൽ എന്റെ പൈസ എനിക്ക് കിട്ടണം. അത് കമറുക്ക ബാവനോട് പറഞ്ഞാലും ശരി നിങ്ങളുടെ ചേട്ടൻ ശംസു ഏട്ടനോട് പറഞ്ഞാലും ശരി. ഇനി നിങ്ങൾ എവിടെ അവതരിപ്പിച്ചാലും ശരി, എനിക്ക് പ്രശ്നമില്ല. ഞാൻ വേറൊരാൾക്ക് വലിയൊരു പൈസ കൊടുക്കാനുണ്ട്.

കാര്യങ്ങളൊക്കെ കമറുക്കെ ശ്രദ്ധിച്ചു കേട്ടോ. ഞാൻ ഈ ഖത്തറിലേക്ക് വരുമ്പോൾ ബാവയുടെ മാതിരി നിങ്ങൾ ടിക്കറ്റ് കൊടുത്താൽ തലയിൽ ചുമടും വെച്ചിട്ട് പെട്ടെന്ന് കയറി വരുന്ന ആളല്ല ഞാൻ. ഞാൻ പൊട്ടനൊന്നുമല്ല. ഖമറൂന് എത്രത്തോളം കളിക്കാൻ അറിയാമോ അതേപോലെ ഷാജിക്കും കളിക്കാൻ അറിയാം. ഷാജിക്ക് എത്രത്തോളം ഗെയിം അറിയാമോ അത്ര ഖമറുവിനും അറിയാം. ഞാൻ ഇത്രയും നാൾ സഹിച്ചിരുന്നു. എല്ലാം കഴിഞ്ഞു ഖമറുക്കാ.

നിങ്ങളെ ബന്ധപ്പെടാൻ നിന്റെ ചങ്ങാതിയോ നിന്റെ ആരെങ്കിലുമോ എനിക്ക് നമ്പർ തന്നിട്ടില്ല. ഞാൻ പലവട്ടം ചോദിച്ചിട്ടും തന്നില്ല. നിന്റെ വീട്ടിലും ഭാര്യവീട്ടിലും വരെ ഞാൻ എത്തുകയും ചെയ്തു. നിന്റെ ബ്ലൂപ്രിന്റ് വരെ എന്റെ അടുത്തുണ്ട്. നീ ഇപ്പോ ഖത്തറിൽ എവിടെയാണ് താമസിക്കുന്നത് എല്ലാം ഉണ്ട്. ഞാൻ നിന്റെ വൈഫ് ഹൗസിൽ പോയിരുന്നു. അപ്പോൾ അമ്മോശനും അമ്മായിയും ആണുള്ളത്. നിന്റെ വൈഫ് ഖത്തറിലാണുള്ളത്. നിങ്ങൾ സുഖമായിരിക്കട്ടെ. അൽഹംദുലില്ല.

ഞാൻ ഒറ്റക്കാ പോയത്. ഒറ്റക്കേ പോക്കുള്ളൂ. എന്റെ ലൈഫിൽ ഞാൻ എന്ത് പരിപാടി എടുത്താലും ഞാൻ ഒറ്റക്കാ പോകൂ, ഒറ്റക്കേ വരൂ. എനിക്ക് ചങ്ങാതിമാർ ഉണ്ട്, അത് വേറെ. എന്റെ ഗെയിമിൽ എന്റെ കാര്യത്തിൽ ഞാൻ ഒറ്റക്കാണ്. എന്നെ പറ്റി അന്വേഷിച്ചാൽ നിനക്ക് മനസ്സിലാകും. നിന്റെ ഇന്റിമേറ്റ് ഫ്രണ്ട് ഉണ്ടല്ലോ അവിടെ. നീ ഓനോട് ചോദിച്ചാൽ മതി. എന്റെ കുടുംബക്കാരനാ, നിനക്കറിയാം. ആളുടെ പേര് പറയുന്നില്ല. ഓനോട് ചോദിച്ചാൽ ഷാജി ആള് എങ്ങനെയാണെന്ന്. നിങ്ങൾ തിരിഞ്ഞു മറിഞ്ഞു പോയാൽ നമ്മളുടെ റിലേറ്റീവ് ആകും. അത് നമ്മൾ പറയുന്നില്ല. അത് അവിടെ നിൽക്കട്ടെ ആ ബന്ധം വേറെ.

അപ്പോൾ നീ എന്ത് ചെയ്യണം എന്ന് വെച്ചാൽ എന്റെ കാര്യങ്ങൾ ക്ലിയർ ആക്കണം മോനെ. എന്റെ കാര്യങ്ങൾ ക്ലിയർ ആക്കിയാൽ നിനക്ക് റാഹത്തായി ജീവിക്കാം. അതല്ലെങ്കിൽ നീ എനിക്ക് തരേണ്ടത് എന്തായാലും തരണം. അത് തരുന്നത് നല്ലനിലയിൽ തന്നിട്ട് തീർക്കുന്നത് നല്ലതാണ്. അല്ലാണ്ട് നാറൽ എനിക്ക് വിഷമയില്ല എന്ന് നിനക്ക് നന്നായിട്ട് അറിയാം. അപ്പോൾ നാറേണ്ടത് നീ നാറുകയും ചെയ്യും നീ എനിക്ക് തരേണ്ടത് തരേണ്ടിയും വരും.

ബാബയും റാഷിയും നിസാറും അല്ല ഞാൻ. ഞാൻ വേറൊരു ജിൻസ് ആണ്. ഞാൻ ജീവിച്ചതും വളർന്നതും ഒക്കെ ആ ലൈഫ് സ്റ്റൈലിലാ. അപ്പൊ എന്റെ ഹഖ് (അവകാശം) എന്താണെന്ന് വെച്ചാൽ എനിക്ക് തരിക.

ന പറയുന്നതല്ല എമൗണ്ട്. ഞാൻ പറയും. ഞാൻ പറയുന്ന പൈസ എന്റെ മുത്ത് എനിക്ക് തരിക. നല്ല രീതിയിൽ നമുക്ക് ഇത് അവസാനിപ്പിക്കാം. ഇത് വെടക്കാക്കിയാൽ നിനക്ക് നിന്റെ കുടുംബത്തോടും എന്റെ കുടുംബത്തോടും മൊത്തത്തിൽ ക്രാഷ് ആവും. ഈ ക്രാഷ് ആകുമ്പോൾ എന്താകും? ഈ പൈസ യൂസ് ചെയ്യാൻ പറ്റില്ല.

ജനിച്ചാൽ ഒരു ദിവസം മരിക്കണം. ഞാൻ പലപ്രാവശ്യം മരിക്കാനും മരണത്തിന്റെ മുന്നിലും ഒക്കെ ഗെയിം നടത്തിയ ആളാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വിഷയമല്ല. ഒരു കാര്യം അങ്ങോട്ട് പറഞ്ഞു തരാം. ഈ ഫോണും കാര്യങ്ങളും ഒന്നും ഞാൻ ചാടിയിട്ടില്ല. എല്ലാം എന്റെ അടുത്തുണ്ട്. ഞാൻ അവിടുന്ന് വന്ന മുതലുള്ള എല്ലാ ഹിസ്റ്ററിയും എന്റെ അടുത്ത് ഉണ്ട്. അതുകൊണ്ട് എന്റെ കാര്യങ്ങൾ ക്ലിയർ ആക്കി തരണം. പിന്നെ കയ്യാങ്കകളി ഒക്കെ ആണെങ്കിൽ മോനെ മോന്റെ ഇഷ്ടം പോലെ ചെയ്യാ. ഇക്കാക്ക് എങ്ങനെ എല്ലാം ചെയ്യാൻ പറ്റുമോ അത് ചെയ്യാം. ഇതിനൊരു മറുപടിയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മറുപടി തരണം.

ബാവന്റെ മാതിരി മറുപടി തരാതെ ഇക്ക കള്ളും കുടിച്ചു കുത്തിരുന്നാൽ കാര്യം നടക്കില്ല. പത്തിരുപത്തഞ്ച് കോടി രൂപ നിനക്ക് ഞാൻ എടുത്തു തന്നിട്ട് നീ അതും കെട്ടിപ്പിടിച്ചിട്ട് വണ്ടി എടുത്തതും ഷോപ്പിന്റെ ഉദ്ഘാടനം കഴിച്ചതും ഓളെയും മക്കളെയും കൊണ്ടുപോയതും ഒക്കെ ഞാൻ അറിയില്ലന്ന് നീ വിചാരിക്കേണ്ട. നിനക്ക് അവിടെ ഗെയിം അറിയാമെങ്കിൽ എനിക്ക് ദുബായിലും അറിയാം നാട്ടിലും അറിയാം. ഖത്തറിൽ എനിക്ക് വലിയ പിടിപാടൊന്നുമില്ല. എന്നാലും ചിലരുടെ പരിപാടിയൊക്കെ നമുക്ക് അറിയാം. നിങ്ങളെ മാതിരി വലിയ ആളൊന്നുമല്ല. എന്നാലും നീ കൊയിലാണ്ടിക്കാരോടും നന്തിക്കാരോടും ചോദിച്ചാൽ ബോംബേ ഷാജി ആരാ എന്ന് പറഞ്ഞു തരും. അത്രയേ ഉള്ളൂ.

നമ്മൾക്ക് വലിയ ആരോഗ്യം ഒന്നും ഇല്ല. നമ്മളെ വേണമെങ്കിൽ ഒരാൾക്ക് എടുത്തുകൊണ്ടു പോകാം. ഞാൻ ഇപ്പോ നിന്റെ വീട്ടിൽ ഒറ്റക്കാ പോയത്. എന്നെകൊണ്ട് മറ്റുള്ള കാര്യങ്ങൾ ചെയ്യിക്കരുത് കമറൂക്കാ. നമ്മൾ നല്ല രീതിയിൽ പോകണം, ഇൻഷാ അല്ലാ. അത് നല്ല രീതിയിൽ പോട്ടെ.

ഒരു ഗെയിം (​കവർച്ച) നടത്തിയാൽ ഞാൻ പഠിച്ചത് എങ്ങനെയാണെന്നറിയോ? അതിന്റെ പകുതി പങ്ക് കൊടുക്കണം എന്നാണ്. പകുതി പങ്ക് എടുത്തവനും ബാക്കി പകുതി നടത്തിയവനും. കഷ്ടപ്പെട്ട എനിക്കാ കൊടുക്കേണ്ടത്.

അപ്പോൾ ഞാൻ ഖത്തറിൽ വന്നിട്ട് ഒരു പ്രസ്ഥാനത്തിന്റെ സാധനം നിനക്ക് ഞാൻ എടുത്തുതന്നിട്ടുണ്ടെങ്കിൽ ഞാൻ ചില്ലറക്കാരൻ അല്ല എന്ന് നീ മനസ്സിലാക്കിയാൽ മതി. അതുകൊണ്ട് കാത്തിരിക്കുന്ന ടൈമും നിനക്ക് തന്ന ഓവർടൈമും എല്ലാം കഴിഞ്ഞു. ഇനി അങ്ങോട്ട് എന്റെ പരിപാടിയാണ്. അപ്പോ ആ പരിപാടി ഞാൻ നടത്തണ്ടെങ്കിൽ എൻറെ പൈസ എനിക്ക് എത്തിക്കുക. ഓക്കെ അസ്സലാമു അലൈക്കും.

ഒന്നും വിചാരിക്കരുത്. ഇത്രയും കാലം ഇവരൊക്കെ പറഞ്ഞിട്ട് കാത്തുനിന്നതാ. പിറ്റേന്ന് തന്നെ പൈസ വാങ്ങാൻ എനിക്ക് അറിയാത്തതല്ല. ഞാൻ പൈസ നല്ലോണം വാങ്ങും. ഞാൻ ഒരു പണി എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ പൈസ കൃത്യമായിട്ട് വാങ്ങുന്ന ആളാണ് ഞാൻ. നിൻറെ ഏട്ടന്റെ പുരയുടെ തൊട്ടുപിറകിൽ എൻറെ ആളാണ്. അത് മനസ്സിലാക്കിയാൽ മതി. അതുകൊണ്ട് എന്താണെന്ന് വെച്ചാൽ തീരുമാനം ഉണ്ടാക്കുക. സംസാരം ഒന്നും ആവശ്യമില്ല. ഒരൊറ്റ പ്രാവശ്യമാണ് നീയും ഞാനുമായിട്ട് സംസാരിച്ചത്. നീ 500 റിയാല് എൻറെ കയ്യിലാണ് തരുന്നത്. അന്ന് മുതൽ നീ എന്റെ റെക്കോർഡിലാണ്.

വെറുതെ നമ്മൾ സംസാരിച്ചിട്ട് അങ്ങോട്ടും ഇങ്ങോട്ടും ബളവള ആക്കണ്ട. സത്യസന്ധമായിട്ടാണ് പറയുന്നത് എന്റെ കാര്യം ക്ലിയർ ആയി തന്ന് എന്നെ ഒഴിവാക്കുക. ഇനി നിങ്ങൾ അതിൽ കെട്ടി മറിഞ്ഞാലും ശരി എന്താക്കിയാലും ശരി. കെഎംസിസിയോ നീയോ റസാക്കോ മറ്റോവനോ എന്ത് പണ്ടാരമാക്കിയാലും എനിക്ക് പ്രശ്നമില്ല. എനിക്ക് എന്റെ പൈസ തരണം. ഞാൻ കൊണ്ടുവന്ന അയാളുണ്ട് അയാൾക്ക് കണ്ണിന് കാഴ്ചയില്ല അയാളെയും എന്നെയും ഒഴിവാക്കി തരാണം മോനെ. എന്നിട്ട് നിങ്ങൾ എന്തോ ചെയ്തോ. ഞാൻ ഒരു ലക്ഷമോ രണ്ടു ലക്ഷമോ പത്ത് ലക്ഷമോ എടുത്തോട്ടെ. നിങ്ങളെ കാരണവന്റെ മുതലൊന്നുമല്ലല്ലോ അത്. ഞാൻ എടുത്തില്ല എന്ന് ഞാൻ പറഞ്ഞില്ല. എടുത്തത് ഞാൻ അയക്കാനും കൊടുത്തിട്ടുണ്ട്. നീ വിചാരിക്കേണ്ട ആ ഗെയിമിൽ കൂടി ഷാജിനെ മാത്രം ഇതിൽ ഫോക്കസ് ചെയ്യാമെന്ന്. അതൊക്കെ നമുക്ക് പറയാം അസ്സലാമു അലൈക്കും. മറുപടി പ്രതീക്ഷിച്ചിരിക്കുകയാണ് ട്ടോ’

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bombay Shaji threat audio surfaces in Qatar KMCC robbery case
Next Story