ബസ്സിലെ ആ ചിരിക്ക് പിന്നിൽ ലാലേട്ടനുണ്ട്! വിസ്മയയുടെ 'തുടക്കം' ഫസ്റ്റ് ലുക്ക് വൈറൽ
text_fieldsമോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തിങ്കളാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രം ഈ വർഷത്തെ ഓണം സീസണിൽ തിയറ്ററുകളിൽ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. പോസ്റ്ററിൽ ഒരു ബസ് യാത്രക്കിടയിൽ ജനലിലൂടെ പുറത്തേക്ക് നോക്കി പുഞ്ചിരിക്കുന്ന വിസ്മയയെയാണ് കാണുന്നത്. വിസ്മയക്കൊപ്പം സഹതാരം ആശിഷ് ജോ ആന്റണിയും പോസ്റ്ററിലുണ്ട്. പോസ്റ്ററിന്റെ മുകൾഭാഗത്തായി മോഹൻലാലിന്റെ മുഖം മങ്ങിയ രീതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന കാര്യം അണിയറപ്രവർത്തകർ തന്നെ സ്ഥിരീകരിച്ചിരുന്നു. മോഹൻലാൽ തന്റെ സാമൂഹികമാധ്യമങ്ങളിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരുന്നു. രാത്രി പശ്ചാത്തലത്തിലുള്ള ഈ ചിത്രം ഒരു റോഡ് മൂവിയോ അല്ലെങ്കിൽ യാത്രയുമായി ബന്ധപ്പെട്ട കഥയോ ആയിരിക്കാൻ സാധ്യതയുണ്ട്. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിന്റെ ബാനറാണ് ചിത്രം നിർമിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് തുടക്കം. 2018 എന്ന സിനിമക്ക് ശേഷം ജൂഡ് ആന്‍റണി ഒരുക്കുന്ന സിനിമയാണിത്.
‘ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി...കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു ആന്റണി -ജൂഡ് തുടക്കമാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു എന്നായിരുന്നു ജൂഡ് പറഞ്ഞത്.
ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുടെയോ ഴോണറിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളായതിനാൽ വിസ്മയയുടെ ആദ്യചിത്രം ആക്ഷൻ മൂഡിലുള്ളതാണെന്ന് അഭ്യൂഹമുണ്ട്. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബാറോസി’ൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്‌സ് ബിജോയ്. ചമൻ ചാക്കോ ആണ് എഡിറ്റിങ്. യാനിക് ബെന്നും സ്റ്റണ്ട് സിൽവയും സംഘട്ടനം കൈകാര്യംചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

