ഇത് വിസ്മയയുടെ 'തുടക്കം', 'മനോഹരമായ ഒന്നിന്റെ തുടക്കം കുറിക്കാൻ സഹായിക്കട്ടെ'യെന്ന് മോഹൻലാൽ
text_fieldsമോഹൻലാലിന്‍റെ മകൾ വിസ്മയ തന്‍റെ ആദ്യ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് തുടക്കം. ഇപ്പോഴിതാ, ചിത്രത്തിന്‍റെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. ചിത്രങ്ങളോടൊപ്പം മനോഹരമായ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
'എല്ലാ യാത്രകൾക്കും അതിന്‍റേതായ തുടക്കമുണ്ട്. ഈ 'തുടക്കം' അഭിമാനത്താൽ ഞങ്ങളുടെ ഹൃദയം നിറക്കുന്നു. മായ പുതിയ അധ്യായത്തിലേക്ക് ചുവടുവെക്കുന്നത് കാണുന്നത് മാതാപിതാക്കളെന്ന നിലയിൽ, ഞങ്ങൾക്ക് പ്രത്യേകമായ നിമിഷമാണ്. പ്രചോദമായതിന് ജൂഡ് ആന്തണി ജോസഫിന് ഞങ്ങളുടെ ഹൃദയംഗമമായ ആശംസകൾ. പ്രിയ സുഹൃത്തും ഈ സിനിമയുടെ പിന്നിലെ വഴികാട്ടിയുമായ ആന്റണി പെരുമ്പാവൂരിനോടും സ്നേഹം. ഈ അത്ഭുതകരമായ യാത്രയിൽ പങ്കുചേരുന്ന ആഷിഷ് ജോ ആന്റണിക്കും പ്രത്യേക ആശംസകൾ. എല്ലാവർക്കും ശരിക്കും മനോഹരമായ ഒന്നിന്റെ തുടക്കം കുറിക്കാൻ തുടക്കം സഹായിക്കട്ടെ' -മോഹൻലാൽ കുറിച്ചു.
അതേസമയം, സിനിമയുടെ സ്വിച്ച് ഓൺ കർമം സുചിത്രയും ക്ലാപ് പ്രണവ് മോഹൻലാലും നിർവഹിച്ചു. മോഹൻലാൽ, സുചിത്ര, പ്രണവ്, വിസ്മയ, ജൂഡ് ആന്റണി ജോസഫ്, ആന്റണി പെരുമ്പാവൂർ അടക്കമുള്ള നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്‍റെ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം മോഹൻലാലിന്‍റെയും പ്രണവിന്‍റെയും സോഷ്യൽമീഡിയ പേജുകളിൽ വന്നിരുന്നു. ഇതോടുകൂടി താരകുടുംബത്തിന്‍റെ ആരാധകർ ആവേശത്തിലാണ്.
ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെയോ ഴോണറിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളായതിനാൽ വിസ്മയയുടെ ആദ്യചിത്രം ആക്ഷൻ മൂഡിലുള്ളതാണെന്ന് അഭ്യൂഹമുണ്ട്. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബാറോസി’ൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. 2018 എന്ന സിനിമക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. ഇതൊരു നിയോഗമായി കാണുന്നു എന്നാണ് ജൂഡ് പറയുന്നത്. നിരാശപ്പെടുത്തില്ലെന്നും ഇതൊരു കുഞ്ഞ് സിനിമയാണെന്നും പ്രേക്ഷകർ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

