പുഷ്പരാജിന്റെ സാമ്രാജ്യം തകർക്കാൻ ആ കോടീശ്വരൻ എത്തും; ആരാധകരും ആവേശത്തിലാണ്!
text_fieldsഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡായി മാറിയിരിക്കുകയാണ് പുഷ്പ. രണ്ടാം ഭാഗമായ 'പുഷ്പ 2' ബോക്സ് ഓഫീസിലെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞതോടെ അല്ലു അർജുൻ ഒരു പാൻ-ഇന്ത്യൻ സൂപ്പർസ്റ്റാറായി ഔദ്യോഗികമായി മാറി. രണ്ട് മാസത്തിലേറെ തിയറ്ററുകളിൽ തകർത്തോടിയ പുഷ്പ 2 ഇന്ത്യയിൽ നിന്ന് മാത്രം 1200 കോടിയിലധികം രൂപ കലക്ട് ചെയ്തു. ഇതോടെ നെറ്റ് കലക്ഷനിൽ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമെന്ന റെക്കോർഡ് പുഷ്പ സ്വന്തമാക്കി. ആഗോളതലത്തിൽ 1780 കോടിയിലധികം രൂപ നേടിയ ചിത്രം ബാഹുബലി 2വിന്റെ റെക്കോർഡിന് തൊട്ടടുത്തെത്തിയാണ് കുതിപ്പ് അവസാനിപ്പിച്ചത്.
ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ പുഷ്പ 3യുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഹൈദരാബാദിൽ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. തിരക്കഥ ചർച്ചകൾക്കായി പ്രത്യേക ഓഫീസ് തന്നെ നിർമാതാക്കൾ സജ്ജീകരിച്ചിട്ടുണ്ട്. ചന്ദനക്കടത്ത് സാമ്രാജ്യം തിരിച്ചുപിടിക്കാൻ എത്തുന്ന പുഷ്പരാജിനെയാകും മൂന്നാം ഭാഗത്തിൽ കാണാൻ സാധിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, ഒരു പ്രാദേശിക ഭാഷാ ചിത്രം എന്ന നിലയിൽ തുടങ്ങി ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ഒരു ആഗോള ബ്രാൻഡായി 'പുഷ്പ' വളർന്നു കഴിഞ്ഞു.
ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ പുഷ്പ 3യിൽ ഒരു പ്രധാന വേഷത്തിൽ എത്തിയേക്കും. സുൽത്താൻ എന്ന് പേരുള്ള ഒരു കോടീശ്വരനായ വില്ലൻ കഥാപാത്രത്തെയാണ് സൽമാൻ അവതരിപ്പിക്കുക എന്നാണ് വിവരം. ഇത് ഒരു കാമിയോ റോൾ ആയിരിക്കുമെന്നും പിന്നീട് ഈ കഥാപാത്രത്തെ വെച്ച് പ്രത്യേക സിനിമ തന്നെ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. മൈത്രി മൂവി മേക്കേഴ്സ് തന്നെ നിർമിക്കുന്ന വംശി പൈഡിപ്പള്ളി ചിത്രത്തിലും സൽമാൻ ഖാൻ നായകനായേക്കും. ഈ ചിത്രത്തിന്റെ ഷൂട്ടിങ് 2026 മാർച്ചിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ ചരിത്രം കുറിച്ച 'പുഷ്പ' തരംഗം ഇനി ജപ്പാനിലും. ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായ 'പുഷ്പ 2: ദ റൂൾ' ജപ്പാനിൽ റിലീസ് ചെയ്തു. ചിത്രത്തിന് ജാപ്പനീസ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രതികരണമാണ്. ആർത്തുവിളിച്ചാണ് ചിത്രത്തെ അവർ വരവേറ്റിരിക്കുന്നത്. റിലീസ് ദിനത്തിൽ തന്നെ ടോക്കിയോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ തിയറ്ററുകൾ ആരാധകരെക്കൊണ്ട് നിറഞ്ഞു. അല്ലു അർജുന്‍റെ സ്റ്റൈലിനും നൃത്തത്തിനും വലിയ ആരാധകവൃന്ദമുള്ള ജപ്പാനിൽ പുഷ്പയുടെ രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

