ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുനെ ആർപ്പുവിളികളോടെ വരവേറ്റ് ജാപ്പനീസ് ആരാധകർ
text_fieldsഇന്ത്യയിൽ ചരിത്രം കുറിച്ച 'പുഷ്പ' തരംഗം ഇനി ജപ്പാനിലും. ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായ 'പുഷ്പ 2: ദ റൂൾ' ജപ്പാനിൽ റിലീസ് ചെയ്തു. ചിത്രത്തിന് ജാപ്പനീസ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രതികരണമാണ്. ആർത്തുവിളിച്ചാണ് ചിത്രത്തെ അവർ വരവേറ്റിരിക്കുന്നത്. റിലീസ് ദിനത്തിൽ തന്നെ ടോക്കിയോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ തിയറ്ററുകൾ ആരാധകരെക്കൊണ്ട് നിറഞ്ഞു. അല്ലു അർജുന്‍റെ സ്റ്റൈലിനും നൃത്തത്തിനും വലിയ ആരാധകവൃന്ദമുള്ള ജപ്പാനിൽ, 'പുഷ്പ'യുടെ രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികൾ.
ചിത്രത്തിലെ ഡയലോഗുകളും അല്ലു അർജുന്‍റെ സിഗ്നേച്ചർ മാനറിസങ്ങളും ജാപ്പനീസ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ജപ്പാനിലെ പ്രമുഖ തിയറ്ററുകളിലെല്ലാം വൻ സ്ക്രീൻ കൗണ്ടോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും നേടിയ വൻ വിജയം ജപ്പാനിലും ആവർത്തിക്കുമെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസിനോടനുബന്ധിച്ച് ജപ്പാനിലെത്തിയ അല്ലുവിനെ ആർപ്പുവിളികളോടെയാണ് ജാപ്പനീസ് ആരാധകർ വരവേറ്റത്. തങ്ങളുടെ പ്രിയതാരത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന വിഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നിരവധി തെലുങ്ക് ചിത്രങ്ങൾ മുമ്പ് ജപ്പാനിൽ റിലീസ് ചെയ്തിട്ടുണ്ട്. എൻ.ടി.ആറിന്റെ ദേവര ജാപ്പനീസ് സ്‌ക്രീനുകളിൽ എത്തിയിരുന്നു. പ്രഭാസിന്റെ ചില ചിത്രങ്ങളും ജപ്പാനിൽ റിലീസ് ചെയ്തിട്ടുണ്ട്. അവിടെ തെലുങ്ക് താരങ്ങൾക്ക് ശക്തമായ ആരാധകവൃന്ദമുണ്ട്. ജാപ്പനീസ് പ്രേക്ഷകർ തെലുങ്ക് സിനിമയിൽ വലിയ താൽപ്പര്യം കാണിക്കുന്നു എന്നാണ് റിപ്പോർട്ട്. പുഷ്പ 2വിന്‍റെ ജാപ്പനീസ് ഭാഷയിലുള്ള ട്രെയിലറിനും വലിയ സ്വീകീര്യത ലഭിച്ചിരുന്നു. യു.കെ/അയർലൻഡ് എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ പണം വാരിയ സൗത്ത് ഇന്ത്യൻ ചിത്രമായും പുഷ്പ 2 ദി റൂൾ മാറിയിരുന്നു. ആറ് ആഴ്ചയോളം വിദേശത്ത് ഒരു ഇന്ത്യൻ ചിത്രം തിയറ്ററിൽ ഓടി എന്ന ചരിത്രവും പുഷ്പ സൃഷ്ടിച്ചു.
2023 ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം 1800 കോടി രൂപ ആഗോളതലത്തിൽ നിന്ന് സമാഹരിച്ചിട്ടുണ്ട്. 50 ദിവസത്തെ ഇന്ത്യയിലെ കലക്ഷൻ 1230 കോടിയാണ്. 2021ൽ പുറത്തിറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2 ദി റൂൾ. തെലുങ്കിനെ കൂടാതെ മലയാളം, തമിഴ്, കന്നഡ, ബംഗാളി ഭാഷകളിലായിട്ടാണ് ചിത്രം എത്തിയത്. ആര്‍.ആര്‍.ആര്‍ (1230 കോടി), കെ.ജി.എഫ്: ചാപ്റ്റര്‍ 2 (1215 കോടി), ബാഹുബലി 2 (1790 കോടി) എന്നീ ചിത്രങ്ങളുടെ റെക്കോഡുകള്‍ 'പുഷ്പ 2: ദി റൂള്‍' മറികടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

