"ആഷിക് അബുവിനെ പരിചയപ്പെടുന്നതിനു മുമ്പുതന്നെ ഞാൻ അഭിനേത്രി" -വിവാദ പ്രചാരണങ്ങൾക്ക് മറുപടിയായി റിമ കല്ലിങ്കൽ
text_fieldsറിമ കല്ലിങ്കലും ആഷിക് അഭുവും
മലയാളികളുടെ ഏറെ പ്രിയങ്കരിയായ നായികയാണ് റിമ കല്ലിങ്കൽ. ചുരുങ്ങിയ കാലയളവിൽ തന്നെ തന്‍റേതായ മുഖമുദ്ര മലയാള സിനിമയിൽ പതിപ്പിക്കാൻ റിമക്ക് സാധിച്ചിട്ടുണ്ട്. മലയാള സിനിമയുടെ പ്രമുഖ സംവിധായകൻ ആഷിക് അബുവിനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തെയും സിനിമ ജീവിതത്തെയും കുറിച്ചുള്ള വാർത്തകളറിയാൻ ആരാധകർ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ഭർത്താവിന്‍റെ പ്രിവിലേജിൽ തന്‍റെ അവസരങ്ങളെ വിലയിരുത്തുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ റിമ കല്ലിങ്കൽ.
ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ അതിഥിയായി എത്തിയതായിരുന്നു റിമ. ഭർത്താവ് ആഷിക് അബുവിന്‍റെ പേരിനോട് മാത്രമായ് തന്നെ ചേർത്തുവെക്കുന്നതിനെതിരെയാണ് താരം സംസാരിച്ചത്.
ഭർത്താവിന്‍റെ പ്രിവിലേജിലാണ് താൻ അറിയപ്പെടുന്നതെന്ന പല കമന്‍റുകളും പ്രചാരണങ്ങളും കണ്ടിരുന്നുവെന്നും ആദ്യം വിഷമം തോന്നിയിരുന്നുവെന്നും റിമ പറഞ്ഞു. എന്നാൽ ഇപ്പോൾ താൻ എന്താണെന്ന ബോധ്യം തനിക്കുണ്ടെന്നും അതിനാൽ തന്നെ വിഷമം തോന്നാറില്ലെന്നും റിമ പ്രതികരിച്ചു.
ആഷിഖ് അബു എന്ന സംവിധായകന്‍ ഉള്ളതുകൊണ്ട് മാത്രമാണ് റിമ കല്ലിങ്കലുള്ളത് എന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങളോട് ''അങ്ങനൊരു പ്രചരണമുണ്ട്. പക്ഷെ അതിനൊന്നും മറുപടി കൊടുക്കാനില്ല. ഞാന്‍ ഇവിടെ എത്തിയത് എങ്ങനെയാണെന്ന് എനിക്കറിയാം. എല്ലാവര്‍ക്കും അത് കാണാന്‍ സാധിക്കുകയും ചെയ്യും. തിരുവനന്തപുരത്തെ എഷ്യാനെറ്റിന്റെ സ്റ്റുഡിയോയിലേക്ക് ഒരു സ്യൂട്ട് കേസുമായി വന്നതാണ് ഞാന്‍. അതേ പെട്ടിയുമെടുത്താണ് കൊച്ചിയില്‍ മിസ് കേരളക്ക് വരുന്നത്. ഒറ്റയ്ക്ക് താമസിച്ച്, ഒറ്റയ്ക്ക് ഓഡിഷനുകള്‍ക്ക് പോയി, ഒറ്റയ്ക്ക് ഷൂട്ടിന് പോയിട്ടാണ് ഇവിടെ വന്ന് നില്‍ക്കുന്നത്.'' റിമ പ്രതികരിച്ചു.
''2014ലാണ് ആഷിഖിനെ കാണുന്നത്. 2008 മുതല്‍ ഞാന്‍ ഇവിടെയുണ്ട്. ഞാന്‍ ഒറ്റയ്ക്കായിരുന്നു. മാനേജര്‍ പോലുമുണ്ടായിരുന്നില്ല. ഞാന്‍ തന്നെയാണ് കാശിനെക്കുറിച്ചടക്കം സംസാരിച്ചിരുന്നത്. നീലത്താമരയില്‍ ശാരത്തെ അമ്മിണിയാകാന്‍ വിളിച്ച ശേഷം കാശിനെക്കുറിച്ച് സംസാരിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. അച്ഛനെ വിളിച്ച് അവര്‍ ഇത്രയാണ് പറയുന്നതെന്ന് പറഞ്ഞപ്പോള്‍. എംടിയുടെ സിനിമയല്ലേ ഫ്രീയായിട്ടാണെങ്കിലും അഭിനയിക്കൂവെന്നായിരുന്നു അച്ഛന്റെ മറുപടി'',റിമ പറഞ്ഞു.
വഴി കാട്ടിത്തരാന്‍ ആരുമുണ്ടായിട്ടില്ലെന്നും എല്ലാം സ്വയം ചെയ്താണ് വന്നതെന്നും റിമ പ്രതികരിച്ചു. "ഞാന്‍ സെല്‍ഫ് മേഡ് ആണെന്ന കാര്യത്തില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്. ഇത്തരം വിവരക്കേടുമായി വരരുത്. ഞാന്‍ അതെടുക്കില്ല. ക്ഷമിക്കണം. നിങ്ങള്‍ അവിടെ നിന്ന് പറയുകയേ ഉണ്ടാകൂ. ഞാന്‍ എന്റെ ജോലി ചെയ്ത് മുന്നോട്ട് പോകും. ഇതൊക്കെ എന്നെ ബാധിച്ചിരുന്നൊരു സമയമുണ്ട്. പക്ഷെ എനിക്ക് അറിയാം ഞാന്‍ ആരാണെന്ന്" റിമ കല്ലിങ്കല്‍ ശക്തമായി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

