വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വനിതകൾക്ക് ആദരവുമായി 'തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' ട്രെയിലർ ലോഞ്ച്
text_fieldsദേശീയ പുരസ്കാര ജേതാവായ സജിൻ ബാബു സംവിധാനം ചെയ്ത് അഞ്ജന ഫിലിപ്പ് അഞ്ജന ടാക്കീസിന്റെ ബാനറിൽ നിർമിച്ച തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിന്റെ ട്രെയിലർ പ്രകാശനം ചെയ്തു. സമൂഹത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയ അസാധാരണ തൊഴിൽ മേഖലകൾ നയിക്കുന്ന വനിതകളെ ആദരിക്കുന്ന അൺറിട്ടൺ ബൈ ഹെർ എന്ന പരിപാടിയും സംഘടിപ്പിച്ചു. നേരത്തെ തന്നെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രകാശനം ചെയ്ത ചിത്രത്തിന്റെ ട്രെയിലർ കേരളത്തിൽ വെച്ച് വീണ്ടും അവതരിപ്പിക്കുകയാരുന്നു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഫിഷറീസ്, സാംസ്കാരികം, യുവജനകാര്യം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായിരുന്നു. സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. വ്യത്യസ്തമായ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരെയാണ് പരിപാടിയിൽ ആദരിച്ചത്. ഹെവി മെഷിനറി ഉൾപ്പെടെ 11 തരം വാഹനങ്ങൾക്ക് ലൈസൻസുള്ള 73 വയസ്സുകാരിയായ രാധാമണി അമ്മ, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രൻ, 18 അടി നീളമുള്ള രാജവെമ്പാലയെ ഉൾപ്പെടെ 800ൽ അധികം പാമ്പുകളെ രക്ഷിച്ച കേരളത്തിലെ ഏക വനിത സ്‌നേക്ക് റെസ്‌ക്യൂവറും ബീറ്റ് ഫോറസ്റ്റ് ഓഫിസറുമായ ജി.എസ്. രോഷ്‌നി, മിസ് ട്രാൻസ് ഗ്ലോബൽ 2021-ലെ വിജയിയായ ശ്രുതി സിത്താര, കൂടാതെ സംസ്ഥാനത്തുടനീളം വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനുമായി അക്ഷീണം പ്രവർത്തിക്കുന്ന ഹരിത കർമ സേനാംഗങ്ങൾ എന്നിവർ ആദരം ഏറ്റുവാങ്ങി.
ചിത്രത്തിലെ നായികയായ റിമ കല്ലിങ്കലും ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ സ്ത്രീകളുടെ സാമൂഹിക-സാംസ്‌കാരികപരമായ പരിമിതികളും, അവരുടെ അതിജീവനശേഷിയും, കാലഹരണപ്പെട്ട ആചാരങ്ങളോടുള്ള ചോദ്യം ചെയ്യലുകളുമാണ് 'തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി'യുടെ ഇതിവൃത്തം. അതുകൊണ്ട് തന്നെ അപൂർവമായ യാത്ര തെരഞ്ഞെടുത്ത സ്ത്രീകളെ ആദരിച്ച കാമ്പയിനും ചലച്ചിത്രത്തിന്റെ സാരം തന്നെയാണ്.
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്‌സിന്റെ 48-ാമത് എഡിഷനിൽ മികച്ച നടിക്കുള്ള അവാർഡും പ്രത്യേക ജൂറി പുരസ്‌കാരവും നേടിയ ചിത്രം ഇതിനോടകം ആഗോളതലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഒക്ടോബർ ഏഴിന് നടക്കുന്ന IX യാൽട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ യൂറേഷ്യൻ ബ്രിഡ്ജ്-ഇന്റർനാഷനൽ കോമ്പറ്റീഷൻ വിഭാഗത്തിൽ മത്സരിക്കുന്ന എട്ട് ചിത്രങ്ങളിൽ ഒന്നാണിത്. കൂടാതെ റഷ്യയിലെ കസാൻ ഫിലിം ഫെസ്റ്റിവൽ, ടൈം ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, സിനിവി-സിഎച്ച്ഡി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും ചിത്രം പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രം ഒക്ടോബർ 16ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

