ദൃശ്യത്തിന് ഇനി തുടർച്ചയില്ല; ‘ഇത് കാവ്യാത്മകമായ അന്ത്യം’ എന്ന് സംവിധായകൻ
text_fieldsദൃശ്യം 3
ബോളിവുഡിൽ വൻ വിജയമായി മാറിയ ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം, ദൃശ്യം: ദി കൺക്ലൂഷൻ തന്നെയാണ് ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമെന്ന് നായകൻ അജയ് ദേവ്ഗൺ സ്ഥിരീകരിച്ചിരുന്നു. എന്നാൽ അദ്ദേഹം ഒരു കുറിപ്പ് കൂടി ചേർത്തു. ഫോർ നൗ. ഇതോടെ ആരാധകർ വീണ്ടും പ്രതീക്ഷയിലായി.
മലയാളത്തിൽ മോഹൻലാൽ നായകനായ ഒറിജിനൽ ഫ്രാഞ്ചൈസിക്ക് നാലാം ഭാഗം വരുന്നതുപോലെ, ഹിന്ദിയിലും നാലാം ഭാഗം പ്രതീക്ഷിക്കാമോ എന്നായി അവരുടെ ചർച്ച. എന്നാൽ ആ പ്രതീക്ഷകൾക്കെല്ലാം വിരാമമിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ അഭിഷേക് പഥക്.
ദൃശ്യം 4 നെക്കുറിച്ച് യാതൊരു പദ്ധതിയും ഇല്ലെന്ന്, അങ്ങനെയൊരു ചിന്ത പോലും ഇപ്പോഴില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഞങ്ങളെല്ലാവരും വിശ്വസിക്കുന്നത് ഇത് ചിത്രത്തിന്റെ അവസാന ഭാഗമാണെന്നാണ്. പ്രേക്ഷകർ ചിത്രത്തെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും വ്യക്തമാണ്. പക്ഷേ ദൃശ്യം എന്നത് ഞങ്ങൾക്ക് തോന്നുമ്പോൾ മറ്റൊരു സിനിമ കൂടി ഉണ്ടാക്കാവുന്ന ഒരു ഫ്രാഞ്ചൈസിയല്ല. അത് പൂർണ്ണമായും കഥയെ ആശ്രയിച്ചിരിക്കുന്നു, ആ കഥ ഇവിടെ അവസാനിച്ചിരിക്കുന്നു അഭിഷേക് പഥക് പറഞ്ഞു.
മൂന്നാം ഭാഗത്തോടെ വിജയ് സാൽഗാവ്കറിന്റെയും കുടുംബത്തിന്റെയും കഥക്ക് പൂർണ്ണവും കാവ്യാത്മകവുമായ ഒരു അവസാനം നൽകാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 2 എന്ന ദിവസം ഇനിയും ദൃശ്യം ദിനമായി ആഘോഷിക്കപ്പെടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും, ഫ്രാഞ്ചൈസിയുടെ കഥയിൽ ആ ദിവസത്തിനുള്ള പ്രാധാന്യവും പ്രേക്ഷകർക്കിടയിലുള്ള സ്വീകാര്യതയും ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
2015ലാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രം ദൃശ്യത്തിന്റെ ഹിന്ദി റീമേക്ക് നീഷികാന്ത് കാമത്ത് സംവിധാനത്തിൽ അജയ് ദേവ്ഗൺ നായകനായി എത്തുന്നത്. ചെറിയ ബജറ്റിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. 2022ൽ എത്തിയ രണ്ടാം ഭാഗവും 200 കോടിയിലധികം കലക്ഷൻ നേടി ബ്ലോക്ക്ബസ്റ്ററായി. ആഗോളതലത്തിൽ 400 കോടി ക്ലബ്ബിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന മൂന്നാം ഭാഗം ഈ വർഷത്തെ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന കലക്ഷൻ നേടുന്ന ചിത്രങ്ങളിൽ മൂന്നാം സ്ഥാനം അലങ്കരിക്കുന്നുണ്ട്.
ഒരു സാധാരണക്കാരൻ തന്റെ കുടുംബത്തെ രക്ഷിക്കാൻ നടത്തുന്ന ബുദ്ധിപരമായ പോരാട്ടം എന്ന നിലയിൽ പ്രേക്ഷകർ ഏറ്റെടുത്ത കഥയ്ക്കാണ് ഇപ്പോൾ അന്ത്യം കുറിച്ചിരിക്കുന്നത്. അതേസമയം മലയാളത്തിൽ ദൃശ്യം 3 ക്ക് ശേഷം നാലാം ഭാഗവും ഉണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഹിന്ദിയിൽ കഥ അവസാനിപ്പിക്കുമ്പോഴും മലയാളത്തിൽ ജോർജ്ജുകുട്ടിയുടെ കഥ ഇനിയും തുടരും എന്ന പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകർ.
ദൃശ്യം പോലൊരു ത്രില്ലറിന് ഇനി തുടർച്ച ഉണ്ടാക്കി കഥയുടെ മാറ്റ് കുറക്കേണ്ടതില്ലെന്നാണ് ഹിന്ദി അണിയറപ്രവർത്തകരുടെ തീരുമാനം. അതുകൊണ്ട് തന്നെ ഒക്ടോബർ 2 എന്ന ഓർമയുമായി ദൃശ്യം എന്നെന്നും പ്രേക്ഷക മനസ്സിൽ തുടരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

