'ക്ലൈമാക്സ് ട്വിസ്റ്റ് ചോർത്താൻ കൈക്കൂലി വാഗ്ദാനം, എഴുതിയത് നൂറിലേറെ ഡ്രാഫ്റ്റുകൾ'; ദൃശ്യം 3 രചനാനുഭവങ്ങൾ പങ്കുവെച്ച് തിരക്കഥാകൃത്ത്
text_fieldsമുംബൈ: അജയ് ദേവ്ഗൺ നായകനായെത്തിയ 'ദൃശ്യം 3: ദ് കൺക്ലൂഷൻ' ബോക്സ് ഓഫിസിൽ തരംഗമായി കുതിക്കുകയാണ്. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസം കൊണ്ട് 272 കോടിയിലധികം രൂപയാണ് ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയത്. മുൻ ഭാഗങ്ങളെ വെല്ലുന്ന ചിത്രത്തിന്റെ ക്ലൈമാക്സും കഥാഗതിയും സിനിമാലോകത്ത് വലിയ ചർച്ചയാകുന്നതിനിടെ, ചിത്രത്തിന്റെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട കൗതുകകരമായ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് സഹതിരക്കഥാകൃത്തായ ആമിൽ കിയാൻ ഖാൻ. ഫ്രീ പ്രസ് ജേണലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
മികച്ചൊരു ക്ലൈമാക്സിലേക്ക് എത്തുന്നതിനായി നൂറിലധികം ഡ്രാഫ്റ്റുകളാണ് എഴുതിത്തീർത്തതെന്ന് ആമിൽ പറയുന്നു. "കമ്പ്യൂട്ടറിൽ ഫോൾഡറുകൾക്കുള്ളിൽ ഫോൾഡറുകളായാണ് ഡ്രാഫ്റ്റുകൾ സൂക്ഷിച്ചിരുന്നത്. തിയതികളും നമ്പറുകളുമിട്ട ഫയലുകൾക്ക് പുറമെ 'ഫൈനൽ', 'ഫൈനൽ 2', 'ഫൈനൽ ഫൈനൽ', എന്തിന് 'ഫൈനൽ പ്ലീസ് ഗോഡ്' എന്ന് വരെ പേരിട്ട ഫയലുകളുണ്ടായിരുന്നു. കൃത്യമായ എണ്ണം എനിക്കോർമയില്ല, എങ്കിലും നൂറിലേറെ പതിപ്പുകൾ മാറ്റിയെഴുതിയിട്ടുണ്ട്"- ആമിൽ വ്യക്തമാക്കി.
ചിത്രത്തിലെ നിർണായകമായ ട്വിസ്റ്റുകൾ പുറത്തുപോകാതിരിക്കാൻ വലിയ മുൻകരുതലുകളാണ് അണിയറപ്രവർത്തകർ സ്വീകരിച്ചത്. ചിത്രത്തിലെ നായകൻ വിജയ് സാൽഗോങ്കറെ പോലെ തന്നെ സംവിധായകൻ അഭിഷേക് പഥക് വളരെ രഹസ്യമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. സിനിമയിലെ ഭൂരിഭാഗം ക്രൂ അംഗങ്ങൾക്കും ക്ലൈമാക്സ് എന്താണെന്ന് അറിയില്ലായിരുന്നു. ഓരോരുത്തർക്കും അവരവരുടെ ജോലിക്കാവശ്യമായ വിവരങ്ങൾ മാത്രമാണ് നൽകിയിരുന്നത്. ഒരു രംഗം എന്തിനാണ് ചിത്രീകരിക്കുന്നതെന്ന് അറിയാതെയാണ് പല ഡിപ്പാർട്ട്‌മെന്റുകളും ജോലി ചെയ്തത്.
"ക്ലൈമാക്സ് രഹസ്യം അറിയാൻ സിനിമയിലെ പല അഭിനേതാക്കളും അണിയറപ്രവർത്തകരും, എന്റെ സ്വന്തം സുഹൃത്തുക്കളും ബന്ധുക്കളും വരെ എനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിർമാതാക്കളോട് ഞാൻ പൂർണ വിശ്വസ്തത പുലർത്തി", അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഭാഗങ്ങളുടെ വമ്പൻ വിജയം നൽകിയ സമ്മർദ്ദത്തെക്കുറിച്ചും ആമിൽ വാചാലനായി. ആദ്യ ഭാഗത്തിൽ വിജയ് സാൽഗോങ്കർ ആരാണെന്ന് പ്രേക്ഷകർക്ക് അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ അയാളുടെ ഓരോ നീക്കങ്ങളും തന്ത്രങ്ങളും അവർക്കറിയാം. അതുകൊണ്ട് തന്നെ സിനിമയുടെ മൗലികതയും ആത്മാവും ചോരാതെ മൂന്നാമതും പ്രേക്ഷകരെ അമ്പരപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭിഷേക് പഥക് സംവിധാനം ചെയ്ത 'ദൃശ്യം 3'ൽ അജയ് ദേവ്ഗണിന് പുറമെ തബു, ശ്രിയ ശരൺ, ജയ്ദീപ് അഹ്ലാവത്, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആമിൽ കിയാൻ ഖാൻ, പർവേസ് ഷെയ്ഖ്, സംവിധായകൻ അഭിഷേക് പഥക് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്റ്റാർ സ്റ്റുഡിയോ 18, പനോരമ സ്റ്റുഡിയോസ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മലയാളം 'ദൃശ്യ'ത്തിന്റെ ഔദ്യോഗിക ഹിന്ദി റീമേക്കായാണ് 2015ൽ അജയ് ദേവ്ഗൺ ചിത്രം ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

