'ദൃശ്യം 3' ഹിന്ദി പതിപ്പ് കണ്ടെന്ന് മോഹൻലാൽ; ക്ലൈമാക്സ് മികച്ചതെന്ന് പ്രതികരണം
text_fieldsകൊച്ചി: ഹിന്ദി സിനിമാലോകത്ത് വൻ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന 'ദൃശ്യം 3: ദി കൺക്ലൂഷൻ' എന്ന ചിത്രത്തെ പ്രശംസിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ഏറെ ജനപ്രിയമായ ഈ ചിത്രങ്ങളുടെ പരമ്പരയ്ക്ക് തികച്ചും അനുയോജ്യമായ അന്ത്യമാണ് അണിയറപ്രവർത്തകർ നൽകിയിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്രം നിർമാതാക്കൾ തന്നെയാണ് മോഹൻലാലിന്റെ അഭിനന്ദന സന്ദേശം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
'ദൃശ്യം: ദി കൺക്ലൂഷൻ' ഞാൻ കണ്ടു. ഏറെ ജനപ്രിയമായ ഈ യാത്രയ്ക്ക് തികച്ചും അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ ഞാൻ അഭിനന്ദിക്കുന്നു. സംവിധായകൻ അഭിഷേക് പഥക്, നിർമാതാവ് കുമാർ മംഗത് പഥക്, നായകൻ അജയ് ദേവ്ഗൺ, കൂടാതെ ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ," മോഹൻലാൽ വീഡിയോയിൽ പറഞ്ഞു.
ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ ഇതിനകം തന്നെ 300 കോടി ക്ലബ്ബ് പിന്നിട്ട് വിജയക്കുതിപ്പ് തുടരുകയാണ്. വിജയ് സാൽഗോങ്കറുടെയും കുടുംബത്തിന്റെയും കഥ പറയുന്ന ചിത്രം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. സോഷ്യൽ മീഡിയയിൽ ട്രോളുകളും ചർച്ചകളും ഫാൻ തിയറികളുമായി ചിത്രം വലിയ തരംഗമായി മാറിയിരിക്കുകയാണ്.
മലയാളം പതിപ്പിൽ നിന്ന് തീർത്തും വ്യത്യസ്തമായ കഥാസന്ദർഭങ്ങളിലൂടെയാണ് ഹിന്ദി പതിപ്പിന്റെ മൂന്നാം ഭാഗം സഞ്ചരിക്കുന്നത്. മലയാളത്തിൽ ചിത്രത്തിന് അടുത്ത ഭാഗങ്ങൾ ഉണ്ടായേക്കാമെന്ന സൂചനകൾ നിർമാതാക്കൾ നൽകിയിരുന്നുവെങ്കിലും, ഹിന്ദിയിൽ ഈ ഫ്രാഞ്ചൈസിക്ക് പൂർണ്ണവിരാമം നൽകുകയാണെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.
അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗൺ നായകനായെത്തുമ്പോൾ ജയ്ദീപ് അഹ്‌ലാവത്, പ്രകാശ് രാജ്, തബു, ശ്രിയ ശരൺ, രജത് കപൂർ, കമേഷ് സാവന്ത്, ഇഷിത ദത്ത തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അഭിഷേക് പഥക്, ആമിൽ കിയാൻ ഖാൻ, പർവേസ് ഷെയ്ഖ് എന്നിവർ ചേർന്ന് രചിച്ച ചിത്രം അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

