തമിഴകം വീണ്ടും സ്റ്റൈൽ മന്നൻ തരംഗത്തിലേക്ക്; രജനികാന്തിന്റെ ‘ജയിലർ 2’ 1000 കോടി കടക്കുമോ?
text_fieldsരജനികാന്ത്
തമിഴ്നാട്ടിലെ തിയറ്ററുകൾ ആഘോഷപ്പറമ്പുകളായി മാറുന്ന, തലമുറകൾ വ്യത്യാസമില്ലാതെ തമിഴ് സിനിമാ പ്രേമികൾ കണ്ണടകൾ പ്രത്യേക ശൈലിയിൽ വെച്ചും മുടി ഒതുക്കിയും സ്റ്റൈൽ മന്നന്റെ മാനറിസങ്ങൾ അനുകരിക്കുന്ന ആ കാലം വീണ്ടും എത്തിച്ചേർന്നിരിക്കുകയാണ്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിന് ശേഷവും തമിഴ് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന സൂപ്പർ സ്റ്റാറായി രജനീകാന്ത് മാറ്റമില്ലാതെ തുടരുകയാണ്. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ജയിലർ 2' റിലീസിന് മുന്നോടിയായി തമിഴകത്തും രാജ്യമെമ്പാടുള്ള ആരാധകർ ആവേശത്തിലാണ്.
തമിഴ് സിനിമാ ലോകവും ആഗോള ബോക്സ് ഓഫീസും ഒരുപോലെ ഉറ്റുനോക്കുന്ന ഒന്നാണ് രജനികാന്തിന്റെ ജയിലർ 2. ആദ്യ ഭാഗം ലോകമെമ്പാടുമായി 600 കോടിയോളം രൂപ കലക്റ്റ് ചെയ്ത് തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറിയിരുന്നു. ഈ പശ്ചാത്തലത്തിൽ, ജയിലർ 2വിന് 1000 കോടി രൂപ നേടാനാകുമോ എന്ന ചർച്ച സോഷ്യൽമീഡിയയിൽ ചൂടുപിടിച്ചു കഴിഞ്ഞു.
തമിഴ് സിനിമാ ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം ഒരു രജനികാന്ത് ചിത്രത്തിന്റെ റിലീസ് ദിവസം എന്നത് വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഒരു നടൻ എന്നതിനപ്പുറം തനിയെ ഒരു സിനിമ വ്യവസായമായി വളരാൻ രജനികാന്തിന് സാധിച്ചിട്ടുണ്ടെന്ന് തമിഴകത്തെ പ്രമുഖ നിർമാതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. രജനി ചിത്രങ്ങളുടെ റിലീസ് തമിഴ് സിനിമയിലെ സാമ്പത്തിക ശൃംഖലയെ ഒന്നാകെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പ്രമുഖ ചലച്ചിത്ര നിർമാതാവ് കലൈപ്പുലി എസ്. താനു പറയുന്നു.
‘ഒരു രജനികാന്ത് ചിത്രം തിയറ്റർ ഉടമകൾക്കും വിതരണക്കാർക്കും നിർമാതാക്കൾക്കും മാത്രം സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ഒന്നല്ല. അത് സൗത്ത് ഇന്ത്യൻ ഫിലിം എംപ്ലോയീസ് ഫെഡറേഷനിലെ എല്ലാ തൊഴിലാളികൾക്കും താങ്ങായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയ നിർമാതാക്കൾ മുതൽ സിനിമയിലെ ദിവസവേതനക്കാരായ സാധാരണക്കാരായ തൊഴിലാളികൾക്ക് വരെ ഈ ചിത്രത്തിന്റെ വിജയം നിർണ്ണായകമാണ് കലൈപ്പുലി എസ്. താനു പറഞ്ഞു.
തമിഴ്നാട്ടിൽ മാത്രമല്ല, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും വിദേശ വിപണിയിലും രജനികാന്ത് തീർത്ത ബോക്സ് ഓഫീസ് റെക്കോർഡുകൾ ഇന്നും തകരാതെ തുടരുകയാണ്. നാടൻ മാസ് സ്റ്റൈലും സ്ക്രീൻ പ്രസൻസും കൊണ്ട് സിനിമാ പ്രേമികളെ ഒരുപോലെ തിയറ്ററുകളിലേക്ക് ആകർഷിക്കാൻ രജനീകാന്തിന് ഇന്നും സാധിക്കുന്നു എന്നതിന്റെ തെളിവാണ് തിയറ്ററുകളിലെ ഈ ആഘോഷം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

