'ജയിലർ 2' ആദ്യ ദിവസം വിറ്റ് തീർന്നത് 15 ലക്ഷത്തോളം ടിക്കറ്റുകൾ; ലോകമെമ്പാടുമുള്ള കലക്ഷൻ 100 കോടി കടക്കുമെന്ന് റിപ്പോർട്ട്
text_fieldsസൂപ്പർസ്റ്റാർ രജനീകാന്തിന്റെ കരിയറിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായി മാറാൻ ഒരുങ്ങുകയാണ് സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ ജയിലർ 2. ചിത്രത്തിന്റെ റിലീസിനു മുൻപുള്ള ആവേശവും അഡ്വാൻസ് ബുക്കിങും ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം ചിത്രം അഡ്വാൻസ് ബുക്കിങിലൂടെ 57 കോടി രൂപയിലധികം നേടി കഴിഞ്ഞു. ഇതിനു പുറമെ വിദേശ രാജ്യങ്ങളിൽ നിന്ന് 25 കോടി രൂപയുടെ പ്രീ-സെയിൽസും ചിത്രം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
ആദ്യ ദിവസമായ ഒക്ടോബർ 15 വ്യാഴാഴ്ചക്കായി മാത്രം ഇന്ത്യയിൽ 14.47 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇതിലൂടെ മാത്രം ആഭ്യന്തര ബോക്സ് ഓഫീസിൽ 30.90 കോടി രൂപയാണ് ചിത്രം നേടിയത്. ഇന്ത്യയിലാകെ 31,812 സ്ക്രീനുകളിലായി ഏകദേശം 29.69 ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം അഡ്വാൻസ് ബുക്കിംഗിലൂടെ വിറ്റഴിഞ്ഞിരിക്കുന്നത്. രജനീകാന്തിന്റെ മുൻ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന അഡ്വാൻസ് ബുക്കിങ് കലക്ഷനിൽ ലോകേഷ് കനകരാജിന്റെ 'കൂലി'ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ജയിലർ 2 എത്തിനിൽക്കുന്നത്.
വിദേശ രാജ്യങ്ങളിലും ചിത്രം വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. ആദ്യ ദിവസത്തെ ഓവർസീസ് അഡ്വാൻസ് ബുക്കിങ് മാത്രം 25 കോടി രൂപ കവിഞ്ഞു. നോർത്ത് അമേരിക്കയിലും യു.എസിലുമൊക്കെ രജനീകാന്തിനുള്ള വൻ ജനപ്രീതി ഇതിന് ഏറെ ആക്കം കൂട്ടുന്നു. ആഭ്യന്തരവും വിദേശവുമായുള്ള ആദ്യ ദിന അഡ്വാൻസ് ബുക്കിങ് കണക്കുകൾ മാത്രം 55 കോടി രൂപ കടന്നിരിക്കുകയാണ്. റിലീസ് ദിവസത്തെ സ്പോട്ട് ബുക്കിങുകൾ കൂടി കണക്കിലെടുക്കുമ്പോൾ ലോകമെമ്പാടുമുള്ള ജയിലർ 2-ന്റെ ആദ്യ ദിന കലക്ഷൻ 100 കോടി രൂപയോടടുക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
2023-ൽ ലോകമെമ്പാടുമായി 650 കോടി രൂപ വാരിയ സൂപ്പർഹിറ്റ് ചിത്രം 'ജയിലർ'-ന്റെ രണ്ടാം ഭാഗമായാണ് ഇത് എത്തുന്നത്. എസ്.ജെ. സൂര്യ, രമ്യാ കൃഷ്ണൻ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി എന്നിവർക്കൊപ്പം മോഹൻലാലും ഹൃതിക് റോഷനും അതിഥി വേഷങ്ങളിൽ എത്തുന്നുണ്ടെന്നതും ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു. കലാനിധി മാരന്റെ സൺ പിക്ചേഴ്സിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ഒക്ടോബർ 15-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക് എത്തുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

