ആരവിന് ഞാൻ സുഹൃത്തിനെ പോലെയാണ്, അവന് സിനിമയിൽ വരാൻ താൽപര്യമില്ല- മകനെകുറിച്ച് അക്ഷയ് കുമാർ
text_fieldsബോളിവുഡിന്‍റെ പ്രമുഖ താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. 1990കളിൽ ആക്ഷൻ നായകനായി എത്തിയ അക്ഷയ് 80 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. താരം തന്‍റെ സിനിമ ജീവിതത്തിൽ ചില ചിട്ടയായ ശീലങ്ങൾ പിന്തുടരുന്ന ആളാണ്. എന്നാൽ, താനല്ല ഭാര്യ ട്വിങ്കിൾ ഖന്നയാണ് യഥാർഥത്തിൽ ഡിസിപ്ലിൻ ഉള്ള വ്യക്തി എന്നാണ് പുതുതായി നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്. തന്നെയും മക്കളായ നിതാരയെയും ആരവ് കുമാറിനെയും ക്രിത്യമായ ചിട്ടയിൽ നയിക്കുന്നത് ഭാര്യയാണെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ അത്ര കർക്കശക്കാരനല്ല, അത് എന്‍റെ ഭാര്യയുടെ ജോലിയാണ്. അവൾ ഞങ്ങളുടെ കാര്യത്തിൽ അൽപ്പം സീരിയസ് ആണ്, ഞങ്ങളെ മൂന്നു കുട്ടികളായാണവൾ കണക്കാക്കുന്നത്. ഞാൻ എന്‍റെ മകന് ഒരു സുഹൃത്തിനെ പോലെയാണ്. ഇപ്പോളവന് 23 വയസ്സായി, പെട്ടന്നാണവൻ വളർന്നതെന്ന് തോന്നും, അവനിപ്പോൾ യൂനിവേഴ്സിറ്റിയിൽ പഠിക്കുകയാണ്. നന്നായി പഠിക്കും. ഒരു ചീത്ത സ്വഭാവങ്ങളുമില്ല. അവൻ കുറേയൊക്കെ ട്വിങ്കിളിനെ പോലെയാണ്. അവളും നന്നായി പഠിക്കുമായിരുന്നു' -അക്ഷയ് പറഞ്ഞു.
ആരവിനെ കുറിച്ചാണ് താരം കൂടുതലും സംസാരിച്ചത്. ആരവിന് സിനിമയുടെ ഭാഗമാവാൻ താൽപര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. 'അവന് സിനിമയിൽ വരാൻ താൽപര്യമില്ല, അതവനെന്നോട് നേരിട്ടുതന്നെ പറഞ്ഞു. എന്‍റെ പ്രൊഡക്ഷൻ കമ്പനിയുടെ ഭാഗമാകാൻ ഞാൻ അവനോട് പറഞ്ഞിരുന്നു, എന്നാൽ അതിനും അവൻ സമ്മതിച്ചില്ല. ഫാഷൻ കരിയർ ആണ് അവന് താൽപര്യം, ഒരു ഡിസൈനർ ആവണമെന്നാണ് ആഗ്രഹം. ആരവ് അത് വളരെ മനോഹരമായാണ് ചെയ്യുന്നത്. അതിൽ അവൻ സന്തോഷവാനാണ്. എന്നാൽ എനിക്ക് അവൻ സിനിമയിൽ വരണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അവന്‍റെ തീരുമാനത്തിലും ഞാൻ സന്തോഷവാനായിരിക്കും' -അക്ഷയ് കൂട്ടിച്ചേർത്തു.
ആരവ് തന്‍റെ 15ാം വയസ്സ് മുതൽ ലണ്ടനിലാണ്. അവിടെ ഫാഷൻ ഡിസൈനിങ് പഠിക്കുകയാണ്. ആരവിന്‍റെ പിറന്നാൾ ദിനത്തിൽ അക്ഷയ് തയാറാക്കിയ ഒരു എഴുത്ത് അവന് സമ്മാനിച്ചിരുന്നു. തന്‍റെ ചില ജീവിത പാഠങ്ങളാണ് അതിൽ പങ്കുവെച്ചതെന്നും അക്ഷയ് പറഞ്ഞു.'ഞാൻ സിനിമാ ജീവിതത്തിൽ ഒരുപാട് ഓടിയിട്ടുണ്ട്. ഷൂട്ടിങ്ങിനായും അല്ലാതെയും, പക്ഷെ നമുക്ക് ആദ്യം വേണ്ടത് ക്ഷമയാണ്. ജീവിതത്തിൽ എല്ലാം തന്നെ രണ്ടു മിനിറ്റ് നൂഡിൽസ് പോലെ എളുപ്പമാകണമെന്നില്ല. ചെറിയ ഒരു തീപ്പൊരി ആ നൂഡിൽസിനെക്കാൾ നിനക്ക് നല്ലതായേക്കാം' -അദ്ദേഹം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

