സാമന്തയും ചലച്ചിത്ര നിർമാതാവ് രാജ് നിഡിമോരുവും വിവാഹിതരായി
text_fieldsതെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര നിർമാതാവ് രാജ് നിഡിമോരുവും വിവാഹിതരായി. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിനുള്ളിലെ ലിങ് ഭൈരവി ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. വളരെ ലളിതമായ ചടങ്ങായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം 30 അതിഥികൾ മാത്രമാണുണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ചുവന്ന സാരിയായിരുന്നു സാമന്തയുടെ വേഷം. രാജ് ഷർവാണിയിലായിരുന്നു. ചിത്രങ്ങൾ സാമന്ത തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
ഞായറാഴ്ച വൈകിട്ട് തന്നെ സാമന്തയും രാജും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മാസങ്ങളായി ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ 2025 നവംബറിൽ തന്റെ ബ്രാൻഡ് ലോഞ്ച് പരിപാടിയിൽ രാജിനെ കെട്ടിപ്പിടിക്കുന്ന ഒരു ഫോട്ടോ പങ്കിട്ടതാണ് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്. 2021ൽ ഹിറ്റ് വെബ് സീരീസായ ദി ഫാമിലി മാന്റെ രണ്ടാം സീസണിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പൊതുവേദികളില്‍ പതിവായി ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് സാമന്തയും രാജും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരന്നത്. ഇരുവരും വാര്‍ത്തകളെ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല.
നടൻ നാഗ ചൈതന്യയുമായായിരുന്നു സാമന്തയുടെ ആദ്യവിവാഹം. 2021 ൽ അവർ വിവാഹമോചനം നേടി. രാജ് നിഡിമോരുവിന്‍റെയും രണ്ടാം വിവാഹമാണിത്. ശ്യാമാലി ദേയെയായിരുന്നു മുന്‍പ് രാജ് വിവാഹം കഴിച്ചിരുന്നത്. 2022ൽ അവർ വേർപിരിഞ്ഞു. അതേസമയം വിവാഹവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് സാമന്തയോ രാജോ പരസ്യ പ്രസ്താവനയൊന്നും നടത്തിയിട്ടില്ല.
സിനിമകളിൽ നിന്ന് വിട്ട് നിൽക്കുമ്പോഴും സോഷ്യൽമീഡിയയിൽ സജീവമാണ് സാമന്ത. വർഷത്തിൽ അഞ്ച് സിനിമകൾ ചെയ്യുക, ബ്ലോക്ക്ബസ്റ്ററുകൾ നേടുക, ടോപ്പ് 10 താരങ്ങളുടെ പട്ടികയിൽ ഇടം നേടുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളൊന്നും ഇപ്പോൾ എനിക്കില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു സിനിമ പോലും റിലീസ് ചെയ്തിട്ടില്ല. ആയിരം കോടി ക്ലബ്ബിലുമില്ല. എന്നിട്ടും ഏറ്റവും സന്തോഷവതിയാണ് താനെന്ന് സാമന്ത പറയുന്നു. എല്ലാ ദിവസവും നന്ദി പറഞ്ഞുകൊണ്ട് ഡയറി എഴുതുന്നത് എന്‍റെ ജീവിതത്തിന്‍റെ പ്രധാനപ്പെട്ടൊരു ഭാഗമായി മാറി. എന്‍റെ പോഡ്കാസ്റ്റിലൂടെ ആരോഗ്യപരമായ കാര്യങ്ങൾ കൂടി നൽകാൻ ഞാൻ ശ്രമിക്കുന്നുണ്ട്. താൻ അനുഭവിച്ച നിസ്സഹായത മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും’ താരം പറഞ്ഞിരുന്നു.
ഫിറ്റായിരിക്കാൻ സഹായിക്കുന്ന ആരോഗ്യ ടിപ്പുകൾ സാമന്ത റൂത്ത് പ്രഭു ഇടക്കിടെ സമൂഹ മാധ്യമത്തിൽ പങ്കിടാറുണ്ട്. 15 വർഷമായി ഞാൻ ഇൻഡസ്ട്രിയിൽ ഉണ്ട്. ഇപ്പോൾ ഞാൻ ചെയ്യാൻ ശ്രമിക്കുന്നത് തെറ്റുകൾ ആവർത്തിക്കാതിരിക്കുക എന്നതാണ്. കഴിഞ്ഞുപോയ കാലത്ത് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ ഭാവിയെക്കുറിച്ച് എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നും സാമന്ത പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

