‘രണ്ട് വർഷമായി ഒരു സിനിമ പോലും റിലീസ് ചെയ്തിട്ടില്ല, 1000 കോടി ക്ലബിലും ഇല്ല, എന്നിട്ടും ഞാൻ ഏറ്റവും സന്തോഷവതിയാണ്’ -സാമന്ത
text_fieldsതിരക്കിട്ട ജീവിതത്തിൽ നിന്ന് മാറി ശാന്തവും സന്തോഷവും നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് നടി സാമന്ത ഇപ്പോൾ കടന്നുപോകുന്നത്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ കാഴ്ചപ്പാടുകളെ കുറിച്ച് തുറന്നുപറയുകയാണ് താരം. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍റെ 52-ാമത് നാഷണൽ മാനേജ്‌മെന്‍റ് കൺവെൻഷനിൽ സംസാരിക്കവെയാണ് താരം തന്‍റെ ജീവിതത്തെ കുറിച്ച് സംസാരിച്ചത്.
മുമ്പ് ഓരോ വെള്ളിയാഴ്ചയും എന്‍റെ ആത്മാഭിമാനം അളന്നിരുന്നത് സിനിമയുടെ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഒരു സിനിമ വിജയിച്ചാൽ അതിന്‍റെ സന്തോഷം ഉണ്ടായാലും അത് അടുത്ത ദിവസം മാഞ്ഞുപോകും. എന്നാൽ പരാജയത്തിന്‍റെ വേദന എന്നെ ഒരുപാട് കാലം തളർത്തിയിരുന്നു. ഈ മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരാൻ തന്നെ സഹായിച്ചത് മയോസൈറ്റിസ് എന്ന രോഗമാണ്. രോഗം ബാധിച്ചപ്പോഴാണ് കരിയറിനേക്കാൾ പ്രധാനപ്പെട്ടത് ആരോഗ്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.
‘വർഷത്തിൽ അഞ്ച് സിനിമകൾ ചെയ്യുക, ബ്ലോക്ക്ബസ്റ്ററുകൾ നേടുക, ടോപ്പ് 10 താരങ്ങളുടെ പട്ടികയിൽ ഇടം നേടുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളൊന്നും ഇപ്പോൾ എനിക്കില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു സിനിമ പോലും റിലീസ് ചെയ്തിട്ടില്ല. ആയിരം കോടി ക്ലബ്ബിലുമില്ല. എന്നിട്ടും ഏറ്റവും സന്തോഷവതിയാണ് താനെന്ന് സാമന്ത പറയുന്നു. എല്ലാ ദിവസവും നന്ദി പറഞ്ഞുകൊണ്ട് ഡയറി എഴുതുന്നത് എന്‍റെ ജീവിതത്തിന്‍റെ പ്രധാനപ്പെട്ടൊരു ഭാഗമായി മാറി. എന്‍റെ പോഡ്കാസ്റ്റിലൂടെ ആരോഗ്യപരമായ കാര്യങ്ങൾ കൂടി നൽകാൻ ഞാൻ ശ്രമിക്കുന്നുണ്ട്. താൻ അനുഭവിച്ച നിസ്സഹായത മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും’ താരം കൂട്ടിച്ചേർത്തു.
15 വർഷമായി ഞാൻ ഇൻഡസ്ട്രിയിൽ ഉണ്ട്. ഇപ്പോൾ ഞാൻ ചെയ്യാൻ ശ്രമിക്കുന്നത് തെറ്റുകൾ ആവർത്തിക്കാതിരിക്കുക എന്നതാണ്. കഴിഞ്ഞുപോയ കാലത്ത് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ ഭാവിയെക്കുറിച്ച് എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും. ഫിറ്റായിരിക്കാൻ സഹായിക്കുന്ന ആരോഗ്യ ടിപ്പുകൾ സാമന്ത റൂത്ത് പ്രഭു ഇടക്കിടെ സമൂഹ മാധ്യമത്തിൽ പങ്കിടാറുണ്ട്. ഒരു നല്ല ദിവസം ആസ്വദിക്കാന്‍ തന്നെ സജ്ജമാക്കിക്കൊണ്ടാണ് പ്രഭാത ദിനചര്യകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് നടി സാമന്ത പറയുന്നു. ആരോഗ്യത്തെയും മനസമാധാനത്തെയും കേന്ദ്രീകരിച്ചുള്ളതാണ് സാമന്തയുടെ മോണിങ് ദിനചര്യ. രാവിലെ 5.30ന് എഴുന്നേല്‍ക്കും. ദൈനംദിന കാര്യങ്ങളും ചിന്തകളും കുറിച്ചുവെക്കുന്ന ജേണലിങ്ങാണ് ആദ്യം. ശേഷം അഞ്ച് മിനിറ്റ് വെയില്‍ കൊള്ളും. തുടര്‍ന്ന് ശ്വസന വ്യായാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

