'ഒടുവിൽ, ഈ ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ട്...' സംശയത്തിന് മറുപടി നൽകി സാമന്ത
text_fieldsതെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. ഒർമാക്സ് മീഡിയ പുറത്തുവിട്ട ഇന്ത്യൻ സിനിമയിലെ ജനപ്രിയ വനിത താരങ്ങളുടെ ഏറ്റവും പട്ടികയിൽ സാമന്ത ഒന്നാം സ്ഥാനത്തായിരുന്നു. 2025 തുടക്കം മുതൽ തന്നെ സാമന്ത ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വനിത താരമായി തുടരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിപരമായ പോരാട്ടങ്ങൾക്കിടയിലും വൻ മുന്നേറ്റമാണ് താരം നടത്തിയത്. ഇപ്പോഴിതാ, സമൂഹമാധ്യത്തിലൂടെ തന്‍റെ ഏറ്റവും പുതിയ സിനിമയുടെ അപ്ഡേറ്റ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.
തന്റെ പുതിയ ചിത്രമായ 'മാ ഇൻതി ബംഗാരം' ഈ മാസം ആരംഭിക്കുമെന്ന് സാമന്ത വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം ചോദ്യോത്തര സെഷനിലാണ് താരം പുതിയ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചത്. വരാനിരിക്കുന്ന തെലുങ്ക് പ്രോജക്ടിനെക്കുറിച്ച് ഒരാൾ സാമന്തയോട് ചോദിച്ചു. 'ഒടുവിൽ, ഈ ചോദ്യത്തിന് എനിക്ക് ഒരു ഉത്തരമുണ്ട്. 'മാ ഇൻതി ബംഗാരം' ഈ മാസം ആരംഭിക്കുകയാണ്' -എന്ന് സാമന്ത മറുപടി നൽകി.
തെലുങ്ക് സിനിമയിലെ മുൻനിര വേഷങ്ങളിലേക്കുള്ള താരത്തിന്‍റെ തിരിച്ചുവരവിനായി കാത്തിരുന്ന ആരാധകർക്ക് ഇത് വലിയ ആവേശം നൽകിയിട്ടുണ്ട്. സാമന്തയുടെ ജന്മദിനത്തിലാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. 'രക്ത് ബ്രഹ്മാണ്ഡം: ദി ബ്ലഡി കിങ്ഡം' എന്ന ചിത്രത്തിലും സാമന്ത ഇപ്പോൾ പങ്കാളിയാണ്. രാജ് നിഡിമോരുവും കൃഷ്ണ ഡികെയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആദിത്യ റോയ് കപൂർ, അലി ഫസൽ, ജയ്ദീപ് അഹ്ലാവത്, വാമിഖ ഗബ്ബി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പ്രവീൺ കണ്ടേഗുല സംവിധാനം ചെയ്ത 'ശുഭം' എന്ന ഹൊറർ-കോമഡി ചിത്രത്തിലെ അതിഥി വേഷമായിരുന്നു സാമന്തയുടെ തെലുങ്ക് സിനിമയിലെ അവസാനത്തെ വേഷം. ട്രാലാല മൂവിങ് പിക്ചേഴ്സ് എന്ന തന്റെ പ്രൊഡക്ഷൻ ബാനറിൽ സാമന്ത തന്നെയാണ് ശുഭം നിർമിച്ചത്. 2023ലാണ് പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതായി സാമന്ത അറിയിച്ചത്. വിജയ് ദേവരകൊണ്ടക്കൊപ്പം അഭിനയിച്ച 2023 ലെ 'ഖുശി' എന്ന ചിത്രമാരുന്നു തെലുങ്കിലെ അവസാന പ്രധാന വേഷം.
അതേസമയം, വർഷത്തിൽ അഞ്ച് സിനിമകൾ ചെയ്യുക, ബ്ലോക്ക്ബസ്റ്ററുകൾ നേടുക, ടോപ്പ് 10 താരങ്ങളുടെ പട്ടികയിൽ ഇടം നേടുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളൊന്നും ഇപ്പോൾ തനിക്കില്ലെന്ന് സാമന്ത നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു സിനിമ പോലും റിലീസ് ചെയ്തിട്ടില്ല. ആയിരം കോടി ക്ലബ്ബിലുമില്ല. എന്നിട്ടും ഏറ്റവും സന്തോഷവതിയാണ് താനെന്ന് സാമന്ത പറഞ്ഞു.
മുമ്പ് ഓരോ വെള്ളിയാഴ്ചയും ആത്മാഭിമാനം അളന്നിരുന്നത് സിനിമയുടെ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഒരു സിനിമ വിജയിച്ചാൽ അതിന്‍റെ സന്തോഷം ഉണ്ടായാലും അത് അടുത്ത ദിവസം മാഞ്ഞുപോകും. എന്നാൽ പരാജയത്തിന്‍റെ വേദന ഒരുപാട് കാലം തളർത്തിയിരുന്നു. ഈ മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരാൻ തന്നെ സഹായിച്ചത് മയോസൈറ്റിസ് എന്ന രോഗമാണ്. രോഗം ബാധിച്ചപ്പോഴാണ് കരിയറിനേക്കാൾ പ്രധാനപ്പെട്ടത് ആരോഗ്യമാണെന്ന് തിരിച്ചറിഞ്ഞതെന്നും നടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

