Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘ആശയങ്ങളിൽ...

‘ആശയങ്ങളിൽ വിയോജിപ്പുണ്ടാകാം, പക്ഷേ അദ്ദേഹം മരിക്കരുത്’; സോനം വാങ്‌ചുക്കിന് ഐക്യദാർഢ്യവുമായി നടൻ ഒമി വൈദ്യ

text_fields
bookmark_border
Omi Vaidya
cancel
camera_alt

ഒമി വൈദ്യ സോനം വാങ്‌ചുക്കിനൊപ്പം 

വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാങ്‌ചുക്കാണ് ഈ സമരത്തിന് നേതൃത്വം നൽകുന്നത്. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച ഈ സമരത്തിന് വലിയ ജനശ്രദ്ധയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ത്രീ ഇഡിയറ്റ്സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ഒമി വൈദ്യ സോനം വാങ്‌ചുക്കിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഡൽഹി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരത്തിൽ കഴിയുന്ന സോനം വാങ്‌ചുക്കിന്റെ ആരോഗ്യസ്ഥിതി മോശമാകുന്ന സാഹചര്യത്തിലാണ് ഒമി വൈദ്യയുടെ ഇടപെടൽ. സിനിമയിലെ തന്റെ കഥാപാത്രമായ 'ചതുർ' എന്ന ശൈലിയിൽ തുടങ്ങി, അതീവ ഗൗരവത്തോടെയാണ് താരം വാങ്‌ചുക്കിന്റെ സമരത്തെക്കുറിച്ച് സംസാരിച്ചത്.

താൻ ഇത്തരം കാര്യങ്ങൾക്കായി അധികം വിഡിയോകൾ ചെയ്യാറില്ലെന്നും, എന്നാൽ ഇതൊരു അടിയന്തര സാഹചര്യമായതുകൊണ്ട് മാത്രം ചെയ്യുകയാണെന്നും അദ്ദേഹം തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. ജനങ്ങൾ തങ്ങളുടെ തിരക്കിട്ട ജീവിതത്തിൽ നിന്ന് അല്പം സമയം മാറ്റി വെച്ച്, എന്തുകൊണ്ടാണ് വാങ്‌ചുക്ക് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്ന് മനസ്സിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

'ത്രീ ഇഡിയറ്റ്സ്' സിനിമയിലെ ആമിർ ഖാൻ അവതരിപ്പിച്ച 'ഫുൻസുഖ് വാങ്‌ഡു' എന്ന കഥാപാത്രത്തിന് പ്രചോദനമായത് സോനം വാങ്‌ചുക്ക് ആണെന്ന കാര്യം ഒമി വൈദ്യ ഓർമിപ്പിച്ചു. വാങ്‌ചുക്കിനെ നേരിട്ട് കണ്ടിട്ടുള്ള താൻ, അദ്ദേഹത്തെ വിനയാന്വിതനും വളരെ വലിയ കാര്യങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയുമായാണ് കാണുന്നതെന്ന് ഒമി വിഡിയോയിൽ പറഞ്ഞു. ‘എനിക്ക് ഫുൻസുഖ് വാങ്‌ഡു മരിക്കാൻ ആഗ്രഹമില്ല. മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല, എന്നാൽ ഇതൊരു പ്രധാനപ്പെട്ട കാര്യമാണ്. ലഡാക്കിന്റെ സ്വയംഭരണാധികാരം, വിദ്യാഭ്യാസം, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവക്ക് വേണ്ടിയാണ് അദ്ദേഹം പോരാടുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങളോട് നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം, പക്ഷേ അദ്ദേഹം മരിക്കരുത്’ ഒമി വൈദ്യ വിഡിയോയിൽ വ്യക്തമാക്കി.

സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് സമരത്തിന് നേതൃത്വം നൽകുന്ന കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) അറിയിച്ചു. സമരം തുടങ്ങിയ ശേഷം അദ്ദേഹം ഏകദേശം 9 കിലോയോളം ഭാരം കുറഞ്ഞുവെന്നും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറഞ്ഞുവെന്നുമാണ് റിപ്പോർട്ടുകൾ. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയാണ് സി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും, ആത്മഹത്യ ചെയ്ത നീറ്റ് വിദ്യാർർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. ജൂൺ 20ന് തുടങ്ങിയ സമരത്തിൽ ജൂൺ 28നാണ് സോനം വാങ്‌ചുക്ക് അനിശ്ചിതകാല നിരാഹാരവുമായി പങ്കുചേർന്നത്.

പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ഒമി വൈദ്യയുടെ വിഡിയോ പങ്കുവെച്ചുകൊണ്ട് സോനം വാങ്‌ചുക്കിന് പിന്തുണ അറിയിച്ചു. 'ത്രീ ഇഡിയറ്റ്സ്' സിനിമയിലെ കഥാപാത്രത്തിന് പ്രചോദനമായ ആൾ 17 ദിവസമായി നിരാഹാരമനുഷ്ഠിക്കുമ്പോൾ, സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആമിർ ഖാന്റെ പ്രതികരണം എന്തായിരിക്കുമെന്നാണ് പ്രശാന്ത് ഭൂഷൺ തന്റെ പോസ്റ്റിൽ ചോദിക്കുന്നത്. ജൂലൈ 20ന് പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്ന ദിവസം പാർലമെന്റിലേക്ക് സമാധാനപരമായ മാർച്ച് നടത്തുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളും വിദ്യാർഥി സംഘടനകളും സമരത്തിന് ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmendra pradhanneet examJantar MantarSonam Wangchukindefinite hunger strike3 Idiots
News Summary - Omi Vaidya Urges Focus on Wangchuk
Next Story