‘പ്രിയ ധർമേന്ദ്ര അങ്കിൾ, ഞങ്ങൾക്ക് നിങ്ങളുടെ പകുതി പ്രായം പോലും എത്താനായില്ല…’; നീറ്റ് വിദ്യാർഥി ആത്മഹത്യകൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് ജന്മദിനാശംസയുമായി കോൺഗ്രസ് നേതാവ്
text_fieldsന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെയും പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര. വിദ്യാഭ്യാസ മന്ത്രിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനാശംസകൾ അറിയിച്ച സാമൂഹ്യമാധ്യമ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പവൻ ഖേരയുടെ വിമർശനം.
‘പ്രിയ ധർമേന്ദ്ര അങ്കിൾ... ജന്മദിനാശംസകൾ. ഇന്ന് നിങ്ങൾക്ക് 57 വയസ്സ് തികയുന്നു. ഞങ്ങൾക്ക് അതിന്റെ പകുതി പ്രായം പോലും എത്താനായില്ല’ എന്ന വാചകത്തോടെയാണ് പവൻ ഖേരയുടെ കുറിപ്പ്. തുടർന്ന്, നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത 14 വിദ്യാർഥികളുടെ പേരുകളും അദ്ദേഹം പങ്കുവെച്ചു.
നീറ്റ് പരീക്ഷ ക്രമക്കേടിൽ ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ‘ഛാത്രോൻ കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) ദേശീയ പ്രക്ഷോഭത്തിന് കോൺഗ്രസ് തുടക്കമിട്ടിരുന്നു. ഛാത്രോൻ കി ഗൂഞ്ച് പ്രചാരണത്തിനിടെയും പവൻ ഖേര കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് ഏകദേശം 90 പരീക്ഷാ ചോദ്യപേപ്പർ ചോർച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെന്നും യഥാർഥ സൂത്രധാരന്മാർക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
‘നീറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രി ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ)യിലേക്ക് വിരൽ ചൂണ്ടുന്നു. എൻ.ടി.എ സി.ബി.ഐയിലേക്ക് വിരൽ ചൂണ്ടുന്നു, അത് ബി.ജെ.പിയുടെ ‘ബി ടീം’ ആയി തുടരുന്നു. പ്രധാനമന്ത്രിയും ഈ വിഷയത്തിൽ പൂർണമായി മൗനം പാലിച്ചു’ -പവൻ ഖേര പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നും ദേശീയ പരീക്ഷാ സംവിധാനത്തിലുള്ള വിദ്യാർഥികളുടെ വിശ്വാസം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ ഛാത്രോൻ കി ഗൂഞ്ച് എന്ന 40 ദിവസത്തെ കാമ്പയിൻ രാജ്യത്തെ 28 പ്രധാന നഗരങ്ങളിലായി നടക്കും. വിദ്യാർഥികൾ, തൊഴിലന്വേഷകർ, കോച്ചിങ് കേന്ദ്രങ്ങൾ, കോളജ് കാമ്പസുകൾ, ലൈബ്രറികൾ, യുവജന ഗ്രൂപ്പുകൾ എന്നിവയെ പങ്കാളികളാക്കും. രാജസ്ഥാനിലെ കോട്ടയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് കാമ്പയിന് തുടക്കമിട്ടത്. ഛാത്രോൻ കി ഗൂഞ്ച് കാമ്പയിനിൽ പങ്കുചേരാൻ രാജ്യത്തുടനീളമുള്ള വിദ്യാർഥികളോട് കോൺഗ്രസ് അഭ്യർഥിച്ചിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

