നീറ്റ് ക്രമക്കേട്: ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; ജന്തർ മന്ദിറിൽ പാറിപ്പറന്ന് ‘പാറ്റകൾ’; സമരം രാവിലെവരെ തുടരും
text_fieldsകേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ജന്തർമന്തറിൽ നടത്തിയ പ്രതിഷേധം
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ മൂല്യനിർണയ ക്രമക്കേട് വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർമന്തറിൽ നിന്നും പിരിഞ്ഞുപോകാതെ പാറ്റപ്പാർട്ടി (കോക്രോച്ച് ജനതാ പാർട്ടി- സി.ജെ.പി). ശനിയാഴ്ച ഉച്ചക്ക് ജന്തർമന്തറിൽ സമരം ആരംഭിച്ച സി.ജെ.പി, മന്ത്രി രാജിവെക്കുംവരെ പിരിഞ്ഞുപോകില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഉച്ചക്ക് ഒന്നിന് ആരംഭിച്ച സമരത്തിന് വൈകീട്ട് അഞ്ചുവരെ മാത്രമായിരുന്നു പൊലീസ് അനുമതി.
സമയം കഴിഞ്ഞതിനെ തുടർന്ന് ഒഴിഞ്ഞുപോകാൻ പൊലീസ് അനൗൺസ്മെന്റ് നടത്തിയെങ്കിലും സമരക്കാർ വഴങ്ങിയില്ല. തുടർന്ന് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമം നടത്തിയപ്പോൾ എല്ലാവരും സമരവേദിയുടെ അടുത്തേക്കുനീങ്ങി.
ഇവിടേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. സമരവേദിയിലേക്ക് മാധ്യമപ്രവർത്തകരുടെയടക്കം പ്രവേശനം പൊലീസ് തടഞ്ഞു. ക്രമസമാധാന പാലനത്തിനായി വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചത്. സമരസ്ഥലത്തേക്ക് കുടിവെള്ളം എത്തിക്കുന്നത് ഡൽഹി പൊലീസ് തടയുകയാണെന്ന് അഭിജീത് ദിപ്കെ ആരോപിച്ചു.
കേന്ദ്ര മന്ത്രിക്കെതിരെ സി.ജെ.പി ഡൽഹിയിൽ സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രതിഷേധമായിരുന്നു ഇത്. ഉച്ചക്ക് രണ്ട് മണിയോടെ സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ സമരവേദിയിലെത്തി.
വിവിധ ജനകീയ സംഘടനകളും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മാനസികവിഷമം മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജീവനൊടുക്കേണ്ടി വന്ന വിദ്യാർഥികളുടെ ചിത്രങ്ങൾ പതിച്ച ബോർഡ് പ്രതിഷേധ വേദിയിൽ സ്ഥാപിച്ചിരുന്നു.
ദേശീയ പതാകയേന്തിയാണ് പ്രതിഷേധക്കാർ ജന്തർ മന്ദിറിലേക്ക് എത്തിയത്. ഞായറാഴ്ച നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെയാണ് ഡൽഹിയിൽ പ്രതിഷേധം ഇരമ്പിയത്. പരീക്ഷ എഴുതേണ്ട വിദ്യാർഥികൾ വരെ പരീക്ഷാ രീതികളിൽ സമഗ്രമായ പരിഷ്കരണം ആവശ്യപ്പെട്ട് സമരരംഗത്തുണ്ട്.
നീറ്റ് പുനഃപരീക്ഷയുടെ ഹാൾ ടിക്കറ്റ് വിതരണത്തിൽ പോലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള വിദ്യാർഥികൾക്ക് ആദ്യഘട്ടത്തിൽ പരീക്ഷാ കേന്ദ്രമായി അനുവദിച്ചത് വിദേശത്തെ അബൂദബിയായിരുന്നു. പിന്നീട് നാഷനൽ ടെസ്റ്റിങ് ഏജൻസിയെ (എൻ.ടി.എ) ബന്ധപ്പെട്ട ശേഷമാണ് ഈ പിഴവ് തിരുത്തിയതെന്നും വിദ്യാർഥികൾ പറഞ്ഞു.
കനത്ത പൊലീസ് വലയത്തിലായിരുന്നു ജന്തർ മന്ദിറും പരിസരവും. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് പ്രതിഷേധക്കാരെ സമരവേദിയിലേക്ക് കടത്തിവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

