‘ആരും വെറുതെ നിരാഹാരമിരിക്കില്ല, ഞങ്ങൾ നിങ്ങൾക്കൊപ്പം’; വാങ്ചുകിനോട് സമരം അവസാനിപ്പിക്കണമെന്ന് ബോളിവുഡ് താരങ്ങൾ
text_fieldsഅനുരാഗ് കശ്യപ്, സോനം വാങ്ചുക്, നസിറുദ്ദീൻ ഷാ
നിരാഹാരം 18 ദിവസം പിന്നിട്ടതിന്റെ ശാരീരിക അവശതകൾക്കിടയിലും ലക്ഷ്യം കണാതെ പിന്മാറില്ലെന്ന് വ്യക്തമാക്കി സോനം വാങ്ചുക്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തുന്ന നിരാഹാര സമരം 18 ദിവസമായപ്പോൾ സോനം വാങ്ചുകിന്റെ ശരീര ഭാരം 24 മണിക്കൂറിനുള്ളിൽ 400 ഗ്രാം കുറഞ്ഞ് 57.15 കിലോയിലെത്തി. വാങ്ചുക് അങ്ങേയറ്റം ദുർബലനായെന്നും 24 മണിക്കൂറും വൈദ്യനിരീക്ഷണത്തിൽ നിർത്തേണ്ട സാഹചര്യമാണെന്നും മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചിരുന്നു.
വാങ്‌ചുക്കിന് പിന്തുണയുമായി ബോളിവുഡ് താരങ്ങളും രംഗത്ത്. വരുംതലമുറയുടെ ശോഭനമായ ഭാവിക്കായി സോനം വാങ്‌ചുക്ക് നടത്തുന്ന ഈ പോരാട്ടത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ഭരണഘടനാപരമായ സംരക്ഷണം വേണമെന്ന ആവശ്യമുയർത്തി, സമൂഹമാധ്യമങ്ങളിലും അദ്ദേഹത്തിന്റെ പ്രചാരണം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
‘നിരാഹാര സമരങ്ങൾക്ക് വലിയ അർത്ഥമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ആരും വെറുതെ നിരാഹാര സമരം അനുഷ്ഠിക്കാറില്ല. ജനങ്ങളുടെ ജീവനോട് ഭരണകൂടം ഇത്രത്തോളം നിസ്സംഗത കാണിക്കുന്നത് അതീവ ആശങ്കാജനകമാണ്. സത്യത്തിലും നീതിയിലും വിശ്വസിക്കുന്ന, അങ്ങേയറ്റം അനുകമ്പയുള്ള ഒരാൾക്ക് മാത്രമേ ഇങ്ങനെയൊരു പ്രവർത്തിക്കാൻ ധൈര്യം കാണിക്കാനാവൂ. സോനം വാങ്‌ചുക്ക് ചെയ്യുന്ന ഈ കാര്യം ചെയ്യാൻ എനിക്ക് ധൈര്യമില്ല. എന്നാൽ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ മൗനം കുറ്റസമ്മതത്തിന്റെയും കൊലപാതകപരമായ ഉദ്ദേശ്യത്തിന്റെയും തെളിവാണ്. ധീരനായ സോനം വാങ്‌ചുക്കിനൊപ്പം ഞാൻ നിലകൊള്ളുന്നു’ എന്നാണ് അനുരാഗ് കശ്യപ് കുറിച്ചത്.
സോനം വാങ്‌ചുക്കിന് പിന്തുണയുമായി ബോളിവുഡ് താരം സീനത്ത് അമനും എത്തിയിരുന്നു. ‘തന്റെ അനിശ്ചിതകാല നിരാഹാര സമരം 17-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ എന്റെ ചിന്തകൾ അദ്ദേഹത്തോടൊപ്പമാണ്‘ എന്നാണ് സീനത്ത് കുറിച്ചത്. ഫുൻസുഖ് വാങ്‌ഡു മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ് വിഡിയോയിലൂടെ നടൻ ഒമി വൈദ്യ പറഞ്ഞത്.
നടൻ നസീറുദ്ദീൻ ഷാ, സോനം വാങ്‌ചുക്കിന്റെ അർപ്പണബോധത്തെയും പ്രവർത്തനങ്ങളെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. അതേസമയം, വാങ്‌ചുക്കിന്റെ ആരോഗ്യനിലയെക്കുറിച്ച് അദ്ദേഹം കടുത്ത ആശങ്കയും പ്രകടിപ്പിച്ചു. നടി സ്വര ഭാസ്കർ ജന്തർ മന്തറിലെത്തി അവർ സോനം വാങ്‌ചുക്കിനെ നേരിൽ കണ്ടിരുന്നു. കുട്ടികളുടെ ഭാവിക്ക് വേണ്ടി പോരാടുന്ന വാങ്‌ചുക്കിനും കോക്രോച്ച് ജനതാ പാർട്ടിക്കും അവർ നന്ദി അറിയിച്ചു.
വാങ്‌ചുക്കിന്റെ പോരാട്ടം രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് താൻ പൂർണ്ണ പിന്തുണ നൽകുന്നുവെന്നും പ്രകാശ് രാജ് വ്യക്തമാക്കി. സോനം വാങ്‌ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തി. എന്നാൽ, അദ്ദേഹം തന്റെ സമരം അവസാനിപ്പിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. ‘ദയവായി ആരെങ്കിലും വാങ്‌ചുക്കിനെക്കൊണ്ട് ഈ നിരാഹാരം അവസാനിപ്പിക്കണം. പേപ്പർ ചോർച്ചയും പുനഃപരീക്ഷകളും കാരണം തളർന്നുപോയ നീറ്റ് വിദ്യാർഥികൾ പോലും ഇപ്പോൾ സോനം വാങ്‌ചുക്കിനെക്കുറിച്ചല്ല ചിന്തിക്കുന്നത്. വാങ്‌ചുക്ക് അവസാന ശ്വാസം വരെ നിരാഹാരമിരുന്നാലും ധർമേന്ദ്ര പ്രധാനോ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥരോ ഒട്ടും കാര്യമാക്കുന്നില്ലെന്ന്’ ചിന്മയി കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

