ഷെഫാലിയുടെ മരണകാരണം ബ്ലാക്ക് മാജിക്കോ? ആറ് മാസത്തിന് ശേഷം വെളിപ്പെടുത്തലുമായി ഭർത്താവ് പരാഗ് ത്യാഗി
text_fieldsഷെഫാലി ജാരിവാലയുടെ അപ്രതീക്ഷിത മരണം ഇന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം നടുക്കിയ ഒന്നായിരുന്നു. ‘കാന്താ ലഗാ’ എന്ന മ്യൂസിക് വിഡിയോയിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ ഷെഫാലി 2025 ജൂൺ 27ന് തന്റെ 42-ാം വയസ്സിലാണ് മുംബൈയിൽ അന്തരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. നടിയും മോഡലുമായ ഷെഫാലി ജരിവാലയുടെ പെട്ടെന്നുള്ള മരണം നിരവധി ചോദ്യങ്ങൾക്കാണ് വഴിതെളിച്ചത്.
ചില റിപ്പോർട്ടുകളിൽ ഷെഫാലിയുടെ മരണം വെറും വയറ്റിൽ വാർധക്യ വിരുദ്ധ മരുന്നുകൾ കഴിച്ചതാണെന്ന് പറയുന്നു. ഇപ്പോഴിതാ ഷെഫാലി വിടപറഞ്ഞ് ആറ് മാസത്തിന് ശേഷം ഭർത്താവും നടനുമായ പരാഗ് ത്യാഗി നടത്തിയ ചില വെളിപ്പെടുത്തലുകൾ വലിയ ചർച്ചയാവുകയാണ്. നടൻ പരാസ് ഛബ്രയുടെ പോഡ്‌കാസ്റ്റിലാണ് പരാഗ് വിവരങ്ങൾ പങ്കുവെച്ചത്.
‘പലരും ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കില്ല എന്ന് എനിക്കറിയാം, പക്ഷേ ഞാൻ ഇതിൽ വിശ്വസിക്കുന്നു. ദൈവമുള്ളിടത്ത് പിശാചുമുണ്ട്. ആളുകൾ സ്വന്തം ദുഖത്തിലല്ല, മറിച്ച് മറ്റുള്ളവരുടെ സന്തോഷത്തിലാണ് ദുഖിക്കുന്നത്. ഇത് ആര് ചെയ്തു എന്ന് എനിക്ക് പറയാൻ കഴിയില്ല. പക്ഷേ ആരോ എന്തോ ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പാണ്. ഇത് ആദ്യമായല്ല സംഭവിക്കുന്നത്. മുമ്പ് ഒരിക്കൽ ഇത്തരമൊരു സാഹചര്യം ഉണ്ടായപ്പോൾ ഞങ്ങൾ അതിനെ അതിജീവിച്ചു. എന്നാൽ ഇത്തവണ കാര്യങ്ങൾ വളരെ ഗുരുതരമായിരുന്നു’ -പരാഗ് പറഞ്ഞു.
‘ഷെഫാലി വളരെ സന്തോഷവതിയായ ഒരു പെൺകുട്ടിയായിരുന്നു. അവളുടെ ലക്ഷണങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായി പറയാൻ കഴിയില്ല. പക്ഷേ അവളെ ഒന്ന് തൊടുമ്പോൾ തന്നെ എന്തോ മാറ്റമുണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു. ബ്ലാക് മാജിക്കിന്‍റെ ഫലമായി ഷെഫാലിയുടെ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിരുന്നു. കടുത്ത ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം, കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ എന്നിവ അവൾക്ക് അനുഭവപ്പെട്ടിരുന്നു.
പ്രാർത്ഥനകൾക്കിടയിലും ഷെഫാലിയെ സ്പർശിക്കുമ്പോഴും എനിക്ക് അസ്വാഭാവികമായ എന്തോ ഒന്ന് അനുഭവപ്പെട്ടിരുന്നു. ആദ്യത്തെ തവണ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് ഗൗരവമായി കണ്ടില്ലെന്നും എന്നാൽ രണ്ടാമത്തെ തവണ അതിന്റെ തീവ്രത വളരെ കൂടുതലായിരുന്നുവെന്നും പരാഗ് കൂട്ടിച്ചേർത്തു. പ്രശ്നം കടുപ്പമായതോടെ ഞാൻ പ്രാർത്ഥനകൾ വർധിപ്പിച്ചു. പക്ഷേ ആരോ എന്തോ ചെയ്തിട്ടുണ്ടെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്’ -പരാഗ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

