പ്രായം കുറവ് തോന്നിക്കാനും വെളുക്കാനുമുള്ള മരുന്നുകൾ ഷെഫാലി ഉപയോഗിച്ചെന്ന് കണ്ടെത്തൽ
text_fieldsമുംബൈ: നടിയും മോഡലുമായ ഷെഫാലി ജാരിവാലയുടെ മരണത്തിന് കാരണം ചർമത്തിന് പ്രായം കുറവ് തോന്നിക്കാനും ചർമം വെളുക്കാനുമുള്ള മരുന്നുകളുടെ ഉപയോഗം മൂലമെന്ന് റിപ്പോർട്ടുകൾ. വൈറ്റമിൻ സി, ഗ്ലൂട്ടത്തയോൺ തുടങ്ങിയ മരുന്നുകൾ നടി ഉപയോഗിച്ചിരുന്നെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.
നടിക്ക് ഹൃദയാഘാതം സംഭവിച്ച ജൂൺ 27ന് അവരുടെ വീട്ടിൽ പൂജയുണ്ടായിരുന്നു. പൂജക്കായി വ്രതമനുഷ്ഠിച്ച ദിവസവും നടി ഈ മരുന്നുകളുടെ ഇഞ്ചക്ഷൻ എടുത്തിരുന്നു. രാത്രി 11ഓടെ 42കാരിയായ നടിയുടെ ആരോഗ്യം മോശമാകുകയും ഹൃദയാഘാതമുണ്ടാകുകയുമായിരുന്നു.
എട്ടു വർഷങ്ങൾക്ക് മുമ്പ് ഒരു ഡോക്ടറെ സമീപിച്ചാണ് ഷെഫാലി ഇത്തരം മരുന്നുകൾ എടുക്കാൻ തുടങ്ങിയത്. ചർമത്തിന് പ്രായം കുറവ് തോന്നുന്നതിനായി വൈറ്റമിൻ സി, ഗ്ലൂട്ടത്തയോൺ മരുന്നുകളാണ് ഉപയോഗിച്ചിരുന്നതത്രെ. ഫോറൻസിക് പരിശോധനയിൽ ഷെഫാലിയുടെ വീട്ടിൽനിന്ന് ഇത്തരത്തിലുള്ള നിരവധി മരുന്നുകളാണ് കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
ഹോളിവുഡ് നടിമാർ പലരും ഗ്ലൂട്ടത്തയോൺ ഉപയോഗിക്കാറുണ്ടെന്ന് പറഞ്ഞതോടെയാണ് ഈ ചികിത്സ സെലിബ്രിറ്റികളടക്കമുള്ളവരുടെ ശ്രദ്ധ നേടിയത്.
റിയാലിറ്റി ഷോകളിലൂടെയും സംഗീത വിഡിയോകളിലൂടെയുമാണ് ഷെഫാലി ജാരിവാല ശ്രദ്ധ നേടിയത്. 2002ൽ പുറത്തിറങ്ങിയ ‘കാന്ത ലാഗ’ എന്ന വിഡിയോ ആൽബത്തിലെ നൃത്തത്തിലൂടെയാണ് ഷെഫാലി ശ്രദ്ധനേടിയത്. ‘മുജ്സെ ശാദി കരോഗി’ (2004) ആണ് ഷെഫാലി വേഷമിട്ട ഏക ബോളിവുഡ് സിനിമ. ‘ഹുദുഗരു’ (2011) എന്ന കന്നഡ സിനിമയിലും അഭിനയിച്ചു. വെബ്സീരിസായ ‘ബേബി കം നാ’ (2019) യിലും വേഷമിട്ടിരുന്നു. നാച്ച് ബാലിയ സീരീസുകൾ, ബൂഗി വൂഗി തുടങ്ങിയ ഡാൻസ് റിയാലിറ്റി ഷോകളുടെയും ഭാഗമായി. ബിഗ് ബോസിലും മുഖംകാണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

