വേർപിരിയാം എന്ന് ആദ്യം പറഞ്ഞത് ഇമ്രാൻ ഖാൻ; 18 വർഷത്തെ ദാമ്പത്യ ജീവിതം പരാജയമായിരുന്നില്ലെന്ന് അവന്തിക മാലിക്
text_fieldsഇമ്രാൻ ഖാൻ, അവന്തിക മാലിക്
ബോളിവുഡ് നടൻ ഇമ്രാൻ ഖാനുമായുള്ള വിവാഹബന്ധം അവസാനിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞ് അവന്തിക മാലിക്. തങ്ങളുടെ ബന്ധത്തിൽ ആദ്യം വേർപിരിയൽ എന്ന ആശയം മുന്നോട്ടുവെച്ചത് ഇമ്രാൻ ഖാൻ ആണെന്ന് അവന്തിക വെളിപ്പെടുത്തി. ആറ് മാസത്തെ വേർപിരിയലിന് ശേഷമാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് തീരുമാനിച്ചത്. എന്നാൽ 18 വർഷം നീണ്ട തങ്ങളുടെ ബന്ധത്തെ ഒരു പരാജയമായി കാണുന്നില്ലെന്നും അവന്തിക പറയുന്നു.
സോഹ അലി ഖാന്റെ യൂട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിലാണ് അവന്തിക മനസ് തുറന്നത്. വെറും 19 വയസ്സുള്ളപ്പോഴാണ് അവന്തിക ഇമ്രാനെ കണ്ടുമുട്ടുന്നത്. 2011ൽ ഇരുവരും വിവാഹിതരായി, പിന്നീട് ഇമാറ എന്നൊരു മകളും ജനിച്ചു. ആരാണ് ആദ്യം വേർപിരിയൽ എന്ന ആശയം പറഞ്ഞതെന്ന സോഹയുടെ ചോദ്യത്തിന് യാതൊരു മടിയും കൂടാതെ അവന്തിക മറുപടി നൽകി.
‘അത് യഥാർത്ഥത്തിൽ അവനായിരുന്നു. ഞാൻ ഒരിക്കലും അത് ചെയ്യില്ലായിരുന്നു. അത് അവന്റെ തീരുമാനമായിരുന്നു. അവന്തിക പറഞ്ഞു. ഇമ്രാൻ ആദ്യം തങ്ങൾക്ക് കുറച്ച് സമയം വേറിട്ട് നിൽക്കണം എന്ന് ആവശ്യപ്പെട്ടു. ആറ് മാസത്തിന് ശേഷം, വിവാഹമോചനമാണ് മുന്നോട്ടുള്ള വഴിയെന്ന് ഞങ്ങൾ പരസ്പരം തീരുമാനിക്കുകയായിരുന്നു. വേർപിരിയലിന്റെ ആദ്യ നാളുകൾ വളരെ വേദനാജനകമായിരുന്നുവെന്ന് അവന്തിക പറയുന്നു. ‘ഞങ്ങൾ ആദ്യം വേർപിരിഞ്ഞപ്പോൾ, ഞങ്ങൾ ആഗ്രഹിച്ച ജീവിതവും ഭാവി പ്രതീക്ഷകളുമാണ് ഇല്ലാതായത്. അതോടൊപ്പം എന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത ബന്ധവും അവിടെ അവസാനിക്കുകയായിരുന്നു’ അവൾ പറഞ്ഞു.
വിവാഹമോചനത്തിന് കാരണം ഒരു വലിയ സംഭവം ആയിരുന്നില്ലെന്ന് അവന്തിക വ്യക്തമാക്കി. സമ്മർദം പതുക്കെ പതുക്കെ ഉണ്ടായതാണ്. ‘ഇമ്രാനും ഞാനും, ഞങ്ങൾ 18 വർഷമായി ഒരുമിച്ചായിരുന്നു, വളരെ ചെറുപ്പം മുതൽ, ഞങ്ങൾ രണ്ടുപേരും ഇരുപതുകളിലും മുപ്പതുകളുടെ തുടക്കത്തിലും ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോയി, വഴിയിൽ എവിടെയോ ഞങ്ങളുടെ ഇടയിൽ എന്തൊക്കെയോ സംഭവിച്ചു.
ബന്ധം നിലനിർത്താൻ നിർബന്ധിക്കുന്നതിനേക്കാൾ നല്ലത് പരസ്പരം മറ്റെവിടെയെങ്കിലും സന്തോഷം കണ്ടെത്താൻ അനുവദിക്കുന്നതാണെന്ന് അംഗീകരിച്ച ഒരു ഘട്ടത്തിൽ ഞങ്ങൾ എത്തി. ‘ഞങ്ങൾ 18 വർഷം ഒരുമിച്ച് ജീവിച്ചു. ഞങ്ങൾ രണ്ടുപേരെയും കുറിച്ച് ഞാൻ അഭിമാനിക്കുന്നു. ഞങ്ങളുടെ ബന്ധം അവസാനിച്ച രീതിയിൽ എനിക്ക് അൽപം നിരാശയുണ്ട്, പക്ഷേ നിങ്ങൾക്ക് 18 വർഷം നിങ്ങളുടെ പരമാവധി ചെയ്യാനും ഒരു കുടുംബം കെട്ടിപ്പടുക്കാനും കഴിയുമെങ്കിൽ, അത് ഒരു വിജയമാണെന്ന് എനിക്ക് തോന്നുന്നു അവന്തിക പറഞ്ഞു.

