Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഇന്ത്യ വിടാൻ നോട്ടീസ്; ഇമ്രാൻ ഖാന്റെ ഹരജി ഹൈക്കോടതി 26ന് പരിഗണിക്കും

text_fields
bookmark_border
പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഇന്ത്യ വിടാൻ നോട്ടീസ്; ഇമ്രാൻ ഖാന്റെ ഹരജി ഹൈക്കോടതി 26ന് പരിഗണിക്കും
cancel

മുംബൈ: പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഇന്ത്യ വിട്ടുപോകണമെന്ന പൊലീസ് നോട്ടീസിനെതിരെ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ നൽകിയ ഹരജി ബോംബെ ഹൈക്കോടതി ഒക്ടോബർ 26ന് പരിഗണിക്കും.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തെന്നാരോപിച്ചാണ് യുഎസ് പൗരനായ ഇമ്രാൻ ഖാന് നോട്ടീസ് നൽകിയത്. ഒക്ടോബർ 28നകം രാജ്യം വിടണമെന്നാണ് മുംബൈ പൊലീസിന്റെ നിർദേശം. നോട്ടീസ് റദ്ദാക്കണമെന്നും നടപടി തടയണമെന്നും ആവശ്യപ്പെട്ടാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയും ജസ്റ്റിസ് അദ്വൈത് സേത്നയും അടങ്ങിയ ബെഞ്ചാണ് ഹരജി കേൾക്കുന്നത്. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് നടന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വെങ്കിടേഷ് ധോണ്ട് ആവശ്യപ്പെട്ടു. എന്നാൽ ഹരജിയുടെ പകർപ്പ് തിങ്കളാഴ്ച രാവിലെ മാത്രമാണ് ലഭിച്ചതെന്നും വാദത്തിന് സമയം വേണമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് കേൾക്കൽ 26ലേക്ക് മാറ്റിയത്.

രണ്ട് വയസ്സ് മുതൽ ഇന്ത്യയിൽ താമസിക്കുന്ന ഇമ്രാൻ ഖാനെതിരെ ഒരു ക്രിമിനൽ കേസും ഇല്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ലെന്നും പ്രതിഷേധ സ്ഥലത്തേക്ക് പോകും വഴി പാതി വഴിയിൽ വെച്ച് പൊലീസ് തടഞ്ഞ് പിന്നീട് വിട്ടയക്കുകയായിരുന്നെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഹരജിയിൽ മഹാരാഷ്ട്ര സർക്കാരിനെ കൂടി കക്ഷി ചേർക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

ഒക്ടോബർ 17നാണ് ഇമ്രാൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) പദവി എന്തുകൊണ്ട് റദ്ദാക്കരുതെന്ന് വിശദീകരണം തേടി ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതായി അഭിഭാഷകൻ സുൽഫിക്കർ മേമൻ പറഞ്ഞു.

എം.സെഡ്.എം ലീഗൽ വഴി നൽകിയ ഹരജിയിൽ പൊലീസ് നോട്ടീസിനെ നിയമവിരുദ്ധവും ഏകപക്ഷീയവും കടുത്തതുമാണെന്നാണ് വിശേഷിപ്പിച്ചത്. ഒരു പൊതു വ്യക്തിയായതിനാൽ മനഃപൂർവം ലക്ഷ്യമിടുകയാണെന്നും ഹരജിയിൽ ആരോപിക്കുന്നു.

ഒക്ടോബർ 10ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്തത്. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയുമായി (എസ്ഐആർ) ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു മുംബൈയിലെ സമരം. തനിക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്നാണ് ഇമ്രാൻ ഖാന്റെ വാദം.

ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ടിലെ 7(2)(C), 29 വകുപ്പുകൾ പ്രകാരമാണ് പൊലീസ് നടപടി. വിദേശ പൗരന്മാരുടെ സാന്നിധ്യം നിയന്ത്രിക്കാനും രാജ്യത്ത് നിന്ന് നീക്കം ചെയ്യാനും സർക്കാരിന് അധികാരം നൽകുന്ന വകുപ്പുകളാണിത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Imran Khan Court Plea
Next Story