ഇമ്രാൻ ഖാൻ ജോലിയില്ലാത്ത നടൻ; ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിൽ നടി പായൽ റോഹത്ഗി
text_fieldsമുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ ഇമ്രാൻ ഖാനെ വിമർശിച്ച് നടി പായൽ റോഹത്ഗി. ഇമ്രാൻ ഖാൻ ജോലിയില്ലാത്ത നടനാണെന്നും രാഷ്ട്രീയം അറിയില്ലെന്നും അവർ പറഞ്ഞു. യു.എസ് പൗരനായ അദ്ദേഹം ഇത്തരം മണ്ടത്തരങ്ങൾ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ജോലിയില്ലാത്ത നടമാർ പ്രതിഷേധങ്ങൾക്ക് പോകുന്നത് പ്രശസ്തിക്കും മാധ്യമ ശ്രദ്ധക്കും വേണ്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു.
"ഇത്തരം മണ്ടത്തരങ്ങൾ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം തിരിച്ചറിയേണ്ടതുണ്ട്. അദ്ദേഹം ഒരു ഇന്ത്യൻ പൗരനല്ല, ഒരു യു.എസ് പൗരനാണ്. പിന്നെ എന്തിനാണ് നിങ്ങൾ ഒരു പ്രതിഷേധ സ്ഥലത്തേക്ക് പോകുന്നത്? ജോലിയില്ലാത്ത ചില നടന്മാർ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് പ്രശസ്തിക്കും മാധ്യമശ്രദ്ധക്കും വേണ്ടിയാണ്. കാരണം നിങ്ങളെല്ലാം അവിടെ ഉണ്ടാവുമല്ലോ, അല്ലേ? ആ പ്രതിഷേധം റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്, അതുകൊണ്ടാണ് നിരവധി തൊഴിലില്ലാത്ത നടന്മാർ അവിടെ പോകുന്നത്," പായൽ റോഹത്ഗി പറഞ്ഞു.
ഒക്ടോബർ 10ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് കോക്രോച് ജനതാ പാർട്ടി (സി.ജെ.പി) ആഹ്വാനം ചെയ്ത പ്രതിഷേധത്തിലാണ് ഇമ്രാൻ ഖാൻ പങ്കെടുത്തത്. പിന്നാലെ ഇമ്രാൻ ഖാനൊപ്പം പങ്കാളി ലേഖ വാഷിങ്ടൺ, ബന്ധു സെയ്ൻ മേരി ഖാൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.
പിന്നാലെ ഇന്ത്യ വിടണമെന്ന് ഉത്തരവിട്ട് വിദേശകാര്യ രജിസ്ട്രേഷൻ ഓഫീസ് ഇമ്രാൻ ഖാന് നോട്ടീസ് അയച്ചു. അമേരിക്കൻ പൗരനും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉടമയുമായ നടനോട് ഒക്ടോബർ 28നകം രാജ്യം വിടാനാണ് അധികൃതർ നിർദേശിച്ചിരുന്നത്. അമേരിക്കൻ പൗരനായ ഇമ്രാൻ ഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് കിരിത് സോമയ്യ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയായിരുന്നു നടപടി. ഒ.സി.ഐ കാർഡ് കൈവശമുണ്ടെങ്കിലും വിദേശ പൗരന്മാർക്ക് പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലെന്നാണ് അധികൃതരുടെ നിലപാട്.
ഇതിനെതിരെ ബോംബെ ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നടൻ. ഉത്തരവിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ സുൽഫിഖർ മേമൻ ഹൈകോടതിയിൽ ഹരജി സമർപ്പിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

