Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരുനേരം ഭക്ഷണം, ലൈബ്രറി കസേരയിലെ ഉറക്കം... കടുത്ത യാതനകൾക്കിടയിലും സിവിൽ സർവീസ് സ്വപ്നം കാണുന്ന മിനാസിന്റെ ജീവിതയാത്ര

text_fields
bookmark_border
ഒരുനേരം ഭക്ഷണം, ലൈബ്രറി കസേരയിലെ ഉറക്കം... കടുത്ത യാതനകൾക്കിടയിലും സിവിൽ സർവീസ് സ്വപ്നം കാണുന്ന മിനാസിന്റെ ജീവിതയാത്ര
cancel

രാജ്യത്തെ ഏറ്റവും കടുപ്പമേറിയതും കഠിനവുമായ പരീക്ഷയായ യു.പി.എസ്‌.സി വിജയിക്കുക എന്ന സ്വപ്നവുമായി ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് എല്ലാ വർഷവും ഡൽഹിയിലെ മുഖർജി നഗറിലേക്ക് എത്തിച്ചേരുന്നത്. ലക്ഷക്കണക്കിന് രൂപ ഫീസ് ഈടാക്കുന്ന കോച്ചിങ് സ്ഥാപനങ്ങളും, പി.ജി ജീവിതവും, നീണ്ട പഠനവുമൊക്കെയാണ് സാധാരണക്കാരായ ഉദ്യോഗാർഥികളുടെ പതിവ് കാഴ്ച. എന്നാൽ ഇതൊന്നുമില്ലാതെ, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കടുത്ത യാതനകൾക്കിടയിലും സിവിൽ സർവീസ് മോഹം നെഞ്ചിലേറ്റുന്ന ഒരു യുവാവിന്റെ ജീവിതകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബിഹാറിലെ ദർഭംഗയിൽ നിന്നുള്ള മുഹമ്മദ് മിനാസ് എന്ന യു.പി.എസ്‌.സി ഉദ്യോഗാർഥിയുടെ ജീവിതം അതികഠിനമാണ്.

ഏകദേശം ഒന്നര വർഷം മുമ്പാണ് സിവിൽ സർവീസ് പരീക്ഷാ തയാറെടുപ്പുകൾക്കായി മിനാസ് ഡൽഹിയിലെത്തിയത്. മുഖർജി നഗറിലെ മറ്റു വിദ്യാർഥികളെപ്പോലെ വാടകക്ക് ഒരു മുറിയോ ഫ്ലാറ്റോ എടുക്കാനുള്ള സാമ്പത്തിക സ്ഥിതി മിനാസിനില്ല. പ്രതിമാസം 1,100 മുതൽ 1,200 രൂപ വരെ വാടക നൽകുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയാണ് മിനാസിന്റെ പഠനസ്ഥലവും കിടപ്പാടവും. രാത്രിയായാൽ ഈ ലൈബ്രറിയിൽ തന്നെയാണ് അവൻ ഉറങ്ങുന്നത്. കസേരയിൽ കാൽ കയറ്റിവെച്ച് ഇരുന്നാണ് ഉറങ്ങുന്നത്. തന്റെ വസ്ത്രങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും ലൈബ്രറിയിലെ ചെറിയൊരു ലോക്കറിലാണ് സൂക്ഷിക്കുന്നത്.

കുളിക്കുന്നതിനും ഭക്ഷണത്തിനുമായി മിനാസ് ദിവസവും ഏകദേശം 10 കിലോമീറ്റർ അകലെയുള്ള മജ്നു കാ ടിലയിലേക്ക് യാത്ര ചെയ്യുന്നു. അവിടെയുള്ള ഗുരുദ്വാരയിലെത്തിയാണ് അവൻ കുളിക്കുന്നതും ലംഗർ ഭക്ഷണം കഴിക്കുന്നതും. ഗുരുദ്വാരയിൽ ദിവസത്തിൽ രണ്ടുനേരം ഭക്ഷണം ലഭിക്കുമെങ്കിലും, മിനാസ് ഉച്ചക്ക് ഒരിക്കൽ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ദിവസം രണ്ടുതരം യാത്രകൾ ചെയ്യുകയാണെങ്കിൽ അത് തന്റെ പഠനസമയത്തെയും കയ്യിലുള്ള തുച്ഛമായ പണത്തെയും ബാധിക്കുമെന്നതിനാലാണ് അവൻ ഇങ്ങനെ ചെയ്യുന്നത്. ഗുരുദ്വാരയിലേക്കുള്ള ഓട്ടോ യാത്രാക്കൂലിക്ക് പോലും ദിവസേന 20 രൂപയോളം ചെലവാകുന്നുണ്ട്. ലൈബ്രറി ഫീസും ഭക്ഷണവും മറ്റ് ചെറിയ ചിലവുകളുമെല്ലാം ചേർത്ത് മാസം 3,000 രൂപയാണ് അവന്റെ ആകെ ചിലവ്.

ഈ ചെറിയ തുക കണ്ടെത്താനായി ഒരു മൊബൈൽ ആപ്പ് വഴിയാണ് മിനാസ് ചെറിയൊരു ജോലി ചെയ്യുന്നത്. ആളുകളെ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ സഹായിക്കുന്നതിലൂടെ ഒരു അക്കൗണ്ടിന് 300 മുതൽ 400 രൂപ വരെ അവന് കമ്മീഷൻ ലഭിക്കുന്നു. മാസം ഇത്തരത്തിൽ പത്തോളം അക്കൗണ്ടുകൾ ചെയ്തു നൽകി അവൻ ഏകദേശം 3,000 രൂപയോളം സമ്പാദിക്കുന്നു. 8 മുതൽ 10 മണിക്കൂർ വരെ നീളുന്ന ഒരു റെഗുലർ ജോലിക്കും യാത്രാത്തിക്കുകൾക്കും പോയാൽ തനിക്ക് പഠിക്കാൻ സമയം ലഭിക്കില്ല എന്നതിനാലാണ് അവൻ ഈ ചെറിയ ജോലി തിരഞ്ഞെടുത്തിരിക്കുന്നത്.

തന്റെ ഈ കഷ്ടപ്പാടുകൾക്കൊന്നും കുടുംബത്തെ അറിയിക്കാതെയാണ് മിനാസ് ജീവിക്കുന്നത്. പ്രായമുള്ള മാതാപിതാക്കൾക്ക് ഈ യാഥാർത്ഥ്യങ്ങളൊന്നും അറിയില്ല. പിതാവിന് പ്രമേഹ രോഗമുണ്ട്, കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മാതാപിതാക്കളോട് ഫോണിൽ സംസാരിക്കുമ്പോൾ താൻ സുഖമായിരിക്കുന്നുവെന്നും പഠനം നന്നായി നടക്കുന്നുണ്ടെന്നുമാണ് മിനാസ് പറയുന്നത്.

ലൈബ്രറിയിലെ ഉറപ്പില്ലാത്ത കിടക്കയെക്കുറിച്ചോ, ഒരു നേരം മാത്രം കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചോ പറഞ്ഞ് അവരെ കൂടുതൽ ആശങ്കപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നില്ല. നാല് സഹോദരിമാരാണ് മിനാസിനുള്ളത്. മൂന്ന് പേരുടെ വിവാഹം കഴിഞ്ഞു, ഒരാൾ കൂടി പഠിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബത്തിന് ചെറിയൊരു കടബാധ്യതയുമുണ്ട്.

ഒരു ഗവൺമെന്റ് ജോലി നേടുക എന്നത് മാത്രമല്ല മിനാസിന്റെ ലക്ഷ്യം. ഗ്രാമത്തിലെ സാധാരണക്കാരായ ആളുകൾക്ക് സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും യാതൊരു അറിവുമില്ലാത്തതിനാൽ അവർ അനുഭവിക്കുന്ന ദുരിതങ്ങൾ ചെറുപ്പകാലം മുതലേ കണ്ടുവളർന്നതാണ് മിനാസ്. ഈ വിടവ് നികത്താൻ ഭരണസംവിധാനത്തിന്റെ ഭാഗമാകുക എന്നതാണ് ഈ ചെറുപ്പക്കാരന്റെ ഏറ്റവും വലിയ സ്വപ്നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Hardship of a Delhi UPSC Aspirant
Next Story