അടിമുടി മാറട്ടെ; ഗ്രന്ഥശാലകളെ വീണ്ടും സജീവമാക്കാം
text_fieldsതിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി
കൊച്ചി: കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കംകുറിച്ച സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനമായി ആചരിച്ചുവരുകയാണ്. 1829ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ പബ്ലിക് ലൈബ്രറിയാണ് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ടത്. 1945 സെപ്റ്റംബർ 14ന് തിരുവിതാംകൂറിൽ ഗ്രന്ഥശാല പ്രസ്ഥാനം ഔദ്യോഗികമായി സംഘടിപ്പിക്കപ്പെട്ടു.
പുസ്തക വായനയും ഗ്രന്ഥശാലകളും അന്യംനിന്നുപോകുന്ന ഇക്കാലത്ത് വായനദിനവും വാരാചരണവും പോലെ ഗ്രന്ഥശാല ദിനാചരണവും സർക്കാറും വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകരും ഏറ്റെടുത്താൽ മാത്രമേ സാമൂഹിക-സാംസ്കാരിക മേഖലക്ക് വെളിച്ചം പകരാനാകൂ.
പതിനായിരത്തോളം പൊതു ലൈബ്രറികളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ മൊത്തം 50,000ൽ താഴെ ലൈബ്രറികളുണ്ട്. കേരളത്തിലെ ഓരോ പഞ്ചായത്തിലും ഒരു ലൈബ്രറിയെങ്കിലും സർക്കാർ ഗ്രാന്റോടെ പ്രവർത്തിച്ചുവരുന്നു. വായനയും വായനശാലകൾ പോലും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയ കാലത്തും സജീവമായി നിലനിൽക്കുന്ന ഗ്രന്ഥശാലകൾ കേരളത്തിൽ അങ്ങോളമിങ്ങോളം പൊൻവിളക്കായി നിലനിൽക്കുന്നുണ്ടെന്നതും പ്രതീക്ഷാനിർഭരമാണ്.
വായനക്കാരെ ആകർഷിക്കുന്ന രീതിയിൽ സാംസ്കാരിക പരിപാടികളും വായന മത്സരവുമടക്കം സംഘടിപ്പിച്ചാൽ വായനശാലകൾ കുറച്ചൊക്കെ സജീവമാവുമെന്നതാണ് യാഥാർഥ്യം. വീടുകളിൽ പുസ്തകമെത്തിക്കുന്ന മൊബൈൽ ലൈബ്രറികളും പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന ഡിജിറ്റൽ പോസ്റ്റുകളും യുവാക്കൾക്ക് ഗുണകരമാവുന്ന പി.എസ്.സി കോച്ചിങ് അടക്കമുള്ള പരിപാടികളും സ്വയംതൊഴിൽ പരിശീലനവുമടക്കം സംഘടിപ്പിക്കാൻ ശ്രമിച്ചാൽ സമൂഹ മാധ്യമങ്ങളിൽ ആണ്ടുപോയ യുവത്വത്തെ ഗ്രന്ഥശാലകളിലേക്ക് അടുപ്പിക്കാനാവും.
വായനവസന്തം, വീട്ടിലേക്കൊരു പുസ്തകം പോലുള്ള പദ്ധതികൾക്കടക്കം രൂപംനൽകി വായനശാലകളെ പ്രാദേശികമായി സജീവമാക്കാൻ കഴിയും. വനിതാവേദി, ബാലവേദി, യുവജനവേദി, വയോജനവേദി എന്നിവ രൂപവത്കരിച്ച് പ്രവർത്തിച്ചാൽ ഗ്രാമീണരെ മുഴുവൻ ലൈബ്രറിയിലേക്ക് ആകർഷിക്കാനാകും.
പല വീടുകളിലും ഗ്രന്ഥങ്ങൾ പൊടിപിടിച്ചും ദ്രവിച്ചും സൂക്ഷിക്കാൻ കഴിയാതെയും നശിക്കുമ്പോൾ അവ ലൈബ്രറികളിലേക്ക് ശേഖരിച്ചും സംരക്ഷിച്ചും അപൂർവ ഗ്രന്ഥങ്ങളടക്കം സംരക്ഷിക്കാനും പ്രയോജനപ്പെടുത്താനുമാകും. വിവിധ പത്രമാധ്യമങ്ങളും ആനുകാലികങ്ങളും സൂക്ഷിക്കാനിടമില്ലാതായ വീടകങ്ങളായി മാറിയ കാലത്ത്, വായനശാലകൾ ഇവ സംരക്ഷിച്ച് റഫറൻസിനും ചരിത്ര സംരക്ഷണത്തിനും പ്രയോജനപ്പെടുത്തിയാൽ വലിയൊരു സേവനമായിരിക്കും സമൂഹത്തിന് ലഭിക്കുക.
പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷനടക്കം നടത്തി ഇവ സംരക്ഷിച്ചില്ലെങ്കിൽ വിലമതിക്കാനാവാത്ത ചരിത്ര ശേഖരങ്ങളും രേഖകളും കൂടിയായിരിക്കും ലോകത്തിന് നഷ്ടമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

